Kerala
തൃശൂർ- കാസർകോട് പാതയിൽ നാളെ മുതൽ പുതിയ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് സർവീസുകൾ
തിരക്കേറിയ കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെയുള്ള നഗരങ്ങളെ ഒഴിവാക്കി സംസ്ഥാന പാതകളിലൂടെയാണ് സൂപ്പർ ഫാസ്റ്റ് സർവീസ് നടത്തുന്നത്

തൃശൂർ | തൃശൂരിൽ നിന്ന് കാസർകോട്ടേക്ക് കെ എസ് ആർ ടി സി പുതിയൊരു സൂപ്പർ ഫാസ്റ്റ് ബസ് കൂടി സർവീസ് നടത്തുന്നു. നാളെയാണ് സർവീസ് ആരംഭിക്കുന്നത്. തൃശൂരിൽ നിന്ന് ഷൊർണൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, മഞ്ചേരി, അരീക്കോട്, മുക്കം, താമരശ്ശേരി, ബാലുശ്ശേരി, ഉള്ളിയേരി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, പാനൂർ, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, പയ്യാവൂർ, ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട്, പരപ്പ, മുള്ളേരിയ, ബോവിക്കാനം വഴിയാണ് ബസ് കാസർകോട് എത്തുന്നത്.
രാവിലെ 6.30ന് തൃശൂരിൽ നിന്ന് പുറപ്പെടുന്ന ബസ് 10.25ന് താമരശ്ശേരിയെത്തും. തുടർന്ന്, ഉച്ചക്ക് 01.15ന് മട്ടന്നൂരിലെത്തും. വൈകിട്ട് 5.50നാണ് ബസ് കാസർകോട് എത്തുന്നത്.
ഇതോടൊപ്പം, രാവിലെ ആറിന് കാസർകോട് നിന്ന് മറ്റൊരു സൂപ്പർ ഫാസ്റ്റ് ബസ് തൃശൂരിലേക്ക് സർവീസ് നടത്തും. മുള്ളേരിയ, പരപ്പ, ചെറുപുഴ, ഇരിട്ടി, കൂത്തുപറമ്പ്, കുറ്റ്യാടി, താമരശ്ശേരി, പെരിന്തൽമണ്ണ വഴിയാണ് ബസ് തൃശൂരിലെത്തുന്നത്.
കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെയുള്ള നഗരങ്ങളെ ഒഴിവാക്കിയുള്ള സൂപ്പർ ഫാസ്റ്റ് സർവീസ് കൂടുതൽ ജനകീയവും ജനോപകാരപ്രദവും ആകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. തിരക്കൊഴിഞ്ഞ പാതകളിലൂടെ വേഗത്തിൽ ലക്ഷത്തിലെത്താൻ യാത്രക്കാർ ആശ്രയിക്കുന്ന പാതയാണ് സർവീസിന് വേണ്ടി തിരഞ്ഞെടുത്തത്.
കൂടുതൽ അന്വേഷണങ്ങൾക്ക് കെ എസ് ആർ ടി സി തൃശൂർ ഡിപ്പോയിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 04872421842.
---- facebook comment plugin here -----