Kerala
കെ ആര്‍ ജ്യോതിലാല്‍ ധനവകുപ്പിലേക്ക്; ബിശ്വനാഥ് സിന്‍ഹക്ക് വനം വകുപ്പിന്റെ അധിക ചുമതല
ഐ എ എസ് തലപ്പത്ത് വന്‍ അഴിച്ചുപണി.

തിരുവനന്തപുരം | സംസ്ഥാനത്ത് ഐ എ എസ് തലപ്പത്ത് വന്‍ അഴിച്ചുപണി. അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ബിശ്വനാഥ് സിൻഹയ്ക്ക് ഹോം, വിജിലൻസ് വകുപ്പുകൾക്ക് പുറമെ വനം-വന്യജീവി വകുപ്പിന്റെ അധിക ചുമതല കൂടി നൽകി. ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെ.ആർ. ജ്യോതിലാലിനെ ധനകാര്യ വകുപ്പിലേക്ക് മാറ്റി നിയമിച്ചു. കൂടാതെ നികുതി, പബ്ലിക് പ്രൊക്യൂർമെൻ്റ് ഉപദേശക വകുപ്പുകളുടെയും, റീബിൽഡ് കേരള ഇനിഷ്യേറ്റീവിൻ്റെയും പൂർണ്ണ അധിക ചുമതല അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന പുനീത് കുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് മാറ്റിയത്. പട്ടികജാതി-പട്ടികവർഗ്ഗ വികസനം, പിന്നാക്ക വിഭാഗ വികസനം, വൈദ്യുതി വകുപ്പുകളുടെ അധിക ചുമതലയും ഇദ്ദേഹത്തിനായിരിക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ രാജൻ എൻ ഖൊബ്രഗഡെക്ക് പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പിന്റെയും, പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് (ഔദ്യോഗിക ഭാഷ) വകുപ്പിന്റെയും അധിക ചുമതല നൽകി.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായ കെ. ബിജുവിന് പൊതുഭരണം, ഗതാഗതം (ഏവിയേഷൻ, മെട്രോ, റെയിൽവേ) വകുപ്പുകളുടെ അധിക ചുമതല നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കേശവേന്ദ്ര കുമാറിനെ ധനകാര്യ (ചെലവ്) വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ലാൻഡ് റവന്യൂ കമ്മീഷണറായ ഡോ. എ. കൗശിഗന് സൈനിക ക്ഷേമ വകുപ്പിൻ്റെ അധിക ചുമതലയും ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വം കമ്മീഷണർ സ്ഥാനവും നൽകി.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ തസ്തിക സ്പെഷ്യൽ സെക്രട്ടറി റാങ്കിലേക്ക് ഉയർത്തി. മിർ മുഹമ്മദ് അലിയെ നിയമിക്കാനും തീരുമാനമായി. ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറായ ജീവൻ ബാബുവിന് റെസിലിയൻ്റ് കേരള പിഫോർആർ അഡീഷണൽ ഫിനാൻസ് പ്രോഗ്രാ (തീരദേശ സംരക്ഷണ പദ്ധതി)മിന്റെയും ചുമതല നൽകി.
സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായ ഡോ. അദീലാ അബ്ദുള്ളയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അധിക ചുമതല നൽകി. ധനകാര്യ (ചെലവ്) വകുപ്പ് അഡീഷണൽ സെക്രട്ടറിയായ ഡോ. ചിത്ര എസ്സിനെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് അഡീഷണൽ സെക്രട്ടറിയായി മാറ്റി നിയമിക്കുകയും ചെയ്തു.