Kerala
കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം; ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി
ബോധപൂര്‍വം അലക്ഷ്യമായി വാഹനമോടിക്കല്‍, അലക്ഷ്യമായി വാഹനമോടിച്ചു അപകടമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പും ചുമത്തി
കൊട്ടാരക്കര| കൊട്ടാരക്കര നിലേശ്വരത്തെ ടിപ്പര്‍ ലോറി അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍. ഡ്രൈവറെ പ്രതിയാക്കി മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കേസെടുത്തു. ബോധപൂര്‍വം അലക്ഷ്യമായി വാഹനമോടിക്കല്‍, അലക്ഷ്യമായി വാഹനമോടിച്ചു അപകടമുണ്ടാക്കല്‍ എന്നീ വകുപ്പുകളും ചുമത്തി.
ഇന്ന് രാവിലെ ഏഴുമണിക്കാണ് കൊട്ടാരക്കര നീലേശ്വരം മുക്കോണി മുക്കില്‍ അപകടമുണ്ടായത്. അപകടസമയത്ത് വിദ്യാര്‍ഥികള്‍ അടക്കം എട്ടിലധികം പേര്‍ ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നു. മണ്ണുമായി അമിതവേഗതയില്‍ വന്ന ലോറിയാണ് ആളുകളുടെ ദേഹത്തേക്ക് ഇടിച്ചുകയറിയത്. മൂന്നു പേരെ മരിച്ച നിലയിലാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കുടവട്ടൂര്‍ സ്വദേശിയായ ഹരിലാല്‍, ഓയൂര്‍ കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി പാര്‍ത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശി അജയകുമാര്‍ എന്നിവരാണ് മരിച്ചത്.
ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ നിസാമിന് വാഹനം ഓടിക്കാനുള്ള ഹെവി ലൈസന്‍സ് ഇല്ലെന്നും ടിപ്പറിന്റെ ജിപിഎസ് കട്ട് ചെയ്തത നിലയിലായിരുന്നുവെന്നും കൊട്ടാരക്കര എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ദിലു വ്യക്തമാക്കി. അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറിക്ക് 17 വര്‍ഷത്തെ പഴക്കമുണ്ട്. മുന്‍പും പലതവണ നിയമലംഘനങ്ങള്‍ക്ക് ഈ വാഹനം പിടിക്കപ്പെട്ടിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം മന്ത്രിസഭ കൂടി തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Content Highlights:
An FIR confirms overspeeding caused the tragic tipper lorry accident in Nileshwaram, Kottarakkara, which claimed three lives. The driver faces charges of culpable homicide and lacked a heavy vehicle license. The government will cover medical expenses, and financial aid will be decided soon.




