Connect with us

Ongoing News

കൊച്ചി വിമാനത്താവള കമ്പനി വൈദ്യുതോത്പാദന രംഗത്തേക്ക്

ഇരുവഴിഞ്ഞിപ്പുഴയിലെ ആദ്യ ജലവൈദ്യുത പദ്ധതി നവംബർ ആറിന് സമർപ്പിക്കും

Published

|

Last Updated

നെടുമ്പാശ്ശേരി | സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന ആശയം പ്രാവർത്തികമാക്കിയതിന് ശേഷം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം (സിയാൽ) ജല വൈദ്യുതോത്പാദന രംഗത്തേക്ക് കൂടി. സിയാൽ നിർമാണം പൂർത്തിയാക്കിയ ആദ്യ ജല വൈദ്യുത പദ്ധതി നവംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രത്തിന് സമർപ്പിക്കും.

കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലാണ് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി ജല വൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്. കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജല വൈദ്യുതി നയപ്രകാരം സിയാലിന് അനുവദിച്ചതാണ് പദ്ധതി.
കൊവിഡിനെ തുടർന്ന് കാലതാമസമുണ്ടായെങ്കിലും സിയാലിന് അതിവേഗം പദ്ധതി പൂർത്തിയാക്കാനായി.

രണ്ട് ജനറേറ്ററുകളുടെ മൊത്തം സ്ഥാപിതശേഷി 4.5 മെഗാവാട്ടാണ്. 32 സ്ഥലമുടമകളിൽ നിന്നായി അഞ്ച് ഏക്കർ സ്ഥലം സിയാൽ ഏറ്റെടുത്തു. ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ 30 മീറ്റർ വീതിയിൽ തടയണ കെട്ടി അവിടെ നിന്ന് അര കിലോമീറ്റർ അകലെയുള്ള അരിപ്പാറ പവർഹൗസിലേക്ക് പെൻസ്‌റ്റോക്ക് കുഴൽവഴി വെള്ളമെത്തിച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്. 52 കോടി രൂപയാണ് മൊത്തം ചെലവിട്ടത്.

പൂർണതോതിൽ ഒഴുക്കുള്ള നിലയിൽ പ്രതിദിനം 1.08 ലക്ഷം യൂനിറ്റ് വൈദ്യുതി ഉണ്ടാക്കാനാകും. വർഷത്തിൽ 130 ദിവസമെങ്കിലും ഇത്തരത്തിൽ വൈദ്യുതി ഉത്പാദനം സാധ്യമാക്കാനാകുമെന്നാണ് സിയാലിന്റെ പ്രതീക്ഷ. ഉത്പാദിപ്പിക്കുന്ന വൈദ്യുതി തത്സമയം കെ എസ് ഇ ബിയുടെ ഗ്രിഡിലേക്ക് നൽകും. പദ്ധതിയുടെ പരീക്ഷണ പ്രവർത്തനം ഒക്ടോബർ ആദ്യം തുടങ്ങി. നവംബർ ആദ്യവാരത്തോടെ വൈദ്യുതി, ഗ്രിഡിലേക്ക് നൽകാൻ കഴിയും.

നവംബർ ആറിന് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിയാൽ ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിക്കും. തിരുവനന്തപുരം സെക്രട്ടേറിയറ്റ്, കൊച്ചി സിയാൽ, കോഴിക്കോട് അരിപ്പാറ പവർ ഹൗസ് എന്നിവിടങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ വെർച്വൽ റിയാലിറ്റി വഴിയാണ് ഉദ്ഘാടനം. അരിപ്പാറയിലും കൊച്ചിയിലും വേദികളുണ്ടാകും.

2015ൽ വിമാനത്താവളം ഊർജ സ്വയംപര്യാപ്തത കൈവരിച്ചതിന് ശേഷം വൈദ്യുതോത്പാദന രംഗത്തുള്ള ഏറ്റവും വലിയ ചുവടുവെപ്പാണ് ഈ പദ്ധതി. രാജ്യം വൈദ്യുതി പ്രതിസന്ധി നേരിടുന്ന അവസരത്തിൽ ഇത്തരമൊരു പദ്ധതി പൂർത്തിയാക്കാൻ സിയാൽ ചെയർമാൻ എന്ന നിലക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വവും മാർഗനിർദേശങ്ങളും നിർണായകമായിരുന്നു. 44 നദികളും നൂറ്കണക്കിന് അരുവികളുമുള്ള കേരളത്തിൽ ഇത്തരം പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാനാകുമെന്ന ആശയത്തിന് തുടക്കമിടാൻ സിയാലിന് കഴിഞ്ഞിട്ടുണ്ടന്ന് മാനേജിംഗ് ഡയറക്‌ടർ എസ് സുഹാസ് പറഞ്ഞു.

---- facebook comment plugin here -----

Latest