Connect with us

Travelogue

സംസ്കാരങ്ങൾ അറിഞ്ഞ്...

യാത്രകൾ എപ്പോഴും "എക്‌സ്‌പ്ലോറേഷ'നു വേണ്ടിയാകണം. നമ്മൾ കാണാത്ത അനുഭവങ്ങൾക്കു വേണ്ടി, കാണാത്ത കാഴ്ചകൾക്കുവേണ്ടി നമ്മൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത രുചികൾക്കുവേണ്ടിയൊക്കെയാകണം യാത്ര.

Published

|

Last Updated

കഴിഞ്ഞ ലക്കം തുടർച്ച

പിതാവ് വി ജെ ജോർജ് കുളങ്ങര നടത്തിയിരുന്ന പാരലൽ കോളജിൽനിന്ന് എല്ലാ വർഷവും കേരളത്തിന്റെ പുറത്തേക്ക് യാത്രകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. അതിൽ ഞാനും പങ്ക് കൊള്ളും. യാത്രകഴിഞ്ഞ് തിരികെ എത്തുമ്പോൾ യാത്രയിൽ കണ്ട സ്ഥലങ്ങൾ സംബന്ധിച്ച് വിവരണം എഴുതി നൽകണം. അന്ന് അതായിരുന്നു ഞങ്ങൾ കുട്ടികളുടെ ജോലി. അങ്ങനെ ഒരു ശീലം വന്നതുകൊണ്ടുതന്നെ യാത്രകൾ എന്നു പറയുന്നത് വെറുതെ രസിച്ച് പോയിവരാനും കൈയടിക്കാനും പാട്ടുപാടാനുമുള്ളതല്ല. തിരികെയെത്തിയാലുടൻ മറ്റുള്ളവരിലേക്ക്, യാത്ര ചെയ്യാത്തവരിലേക്ക് പങ്കുവെക്കേണ്ട ഒരു പ്രക്രിയ മനസ്സിൽ പതിഞ്ഞിരുന്നു. പിന്നീട് ടെലിവിഷൻ മേഖലയിലേക്കുവന്നു. ടെലിവിഷൻ മേഖലയിൽ പല ടെലിഫിലിമുകളും സീരിയലുകളും ചെയ്യുന്ന ജോലിയിലേക്ക് വന്നപ്പോൾ എനിക്ക് മനസ്സിലായി ഇതൊന്നുമല്ല ഞാൻ ചെയ്യേണ്ടകാര്യം. പിന്നീടാണ് ചിന്തിച്ചത് എന്റെ ബാല്യകാലത്തെ യാത്രകളുടെ അനുഭവവും അത് എഴുതി പ്രസിദ്ധീകരിക്കുന്നതിനെപ്പറ്റിയും. എസ് കെ പൊറ്റക്കാടിനെപ്പോലുള്ളവരുടെ മഹത്തായ സാഹിത്യസൃഷ്ടികളായി മാറിയ യാത്രാവിവരണങ്ങൾ പ്രചോദനം ഉൾക്കൊണ്ടിരുന്നു. അങ്ങനെയെങ്കിൽ ടെലിവിഷനുവേണ്ടി എന്തുകൊണ്ട് യാത്രാവിവരണം ചെയ്തുകൂടാ. അങ്ങനെയാണ് ദൃശ്യയാത്രാവിവരണങ്ങൾ തുടങ്ങുന്നത്. സഞ്ചാരം 1999 ലാണ് ആരംഭിക്കുന്നത്. “സഞ്ചാര’ത്തിനുവേണ്ടിയുള്ള യാത്രകളാണ് പിന്നീട് ജീവിതത്തെത്തന്നെ മാറ്റിയത്. യാത്രകളിൽ കൂടെ ക്യാമറ കൊണ്ടുപോകുകയായിരുന്നില്ല, ക്യാമറക്കുവേണ്ടി യാത്രകൾ ഉണ്ടാകുകയായിരുന്നു. എന്റെ സഞ്ചാരത്തിലെ യാത്രകൾ ഉല്ലാസത്തിനുവേണ്ടിയായിരുന്നില്ല. കൃത്യമായി പ്ലാൻ ചെയ്ത് പഠിച്ചുനടത്തുന്ന യാത്രകളാണ് സഞ്ചാരം.

രാജ്യങ്ങൾ തിരഞ്ഞെടുക്കുന്ന രീതി

ആകസ്മികമായി തിരഞ്ഞെടുക്കുന്നതല്ല. പ്ലാൻ ചെയ്ത് എടുക്കുന്ന തീരുമാനങ്ങളാണ്. തൊട്ടുമുമ്പ് പോയിട്ടുള്ള സ്ഥലം ഏതെന്നുള്ളതാണ് അതിന്റെ മാനദണ്ഡം. ഇപ്പോൾ ഒരു ആഫ്രിക്കൻ രാജ്യത്താണ് ഞാൻ പോയതെങ്കിൽ അടുത്തത് അതേ ഒരു ആഫ്രിക്കൻ രാജ്യത്തേക്കായിരിക്കില്ല പോകുന്നത്. അതിനെക്കാൾ വ്യത്യസ്തമായ രാജ്യത്തേക്കായിരിക്കും പോകുക. ചിലപ്പോൾ ഒരു യാറോപ്യൻ രാജ്യത്തേക്കായിരിക്കും പോകുക. യൂറോപ്പ് സമ്പന്നതയുടെ നടുവിൽ ആസൂത്രണത്തിൽ ചിട്ടയോടെ ജീവിക്കുന്ന മനുഷ്യരുടെ രാജ്യത്തേക്ക് ചെല്ലുമ്പോൾ, ആഫ്രിക്കയിൽ അതിനു നേരെ എതിരാണ്. വളരെ ദാരിദ്ര്യം നിറഞ്ഞ ഗ്രാമങ്ങൾ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മനുഷ്യരുടെ രൂപഭാവങ്ങളിലൊക്കെ സാമ്പത്തിക്ക പിന്നാക്കാവസ്ഥയുടെ പ്രതിഫലനങ്ങൾ… എന്നാൽ കുറച്ചുകൂടി അടുത്തിടപഴകുന്ന മനുഷ്യർ, അവരുടെ ചില വേദനകൾ, സന്തോഷങ്ങൾ… ഈ ദൃശ്യതീവ്രതയായിരിക്കും അടുത്തൊരു രാജ്യം. യൂറോപ്പ് കഴിഞ്ഞാൽ പിന്നെ അടുത്തത് ലാറ്റിനമേരിക്കയോ കിഴക്കൻ ഏഷ്യയോ തിരഞ്ഞെടുക്കും. വൈവിധ്യങ്ങളാണ് ഓരോ യാത്രയിലും അടുത്ത രാജ്യത്തെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന ഘടകം.

വ്യത്യസ്ത സംസ്‌കാരം
തേടിയുള്ള സഞ്ചാരങ്ങൾ

ലോകത്തിലെ പല കാഴ്ചകളും നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്. എല്ലാ രാജ്യത്തും എന്തെങ്കിലുമൊക്കെ അത്ഭുതപ്പെടുത്തുന്നതുണ്ട്. അല്ലാതെ നമ്മൾ അങ്ങോട്ട് പോകാൻ തന്നെ തീരുമാനിക്കില്ലല്ലോ. ചിലപ്പോൾ അവിടുത്തെ മനുഷ്യരുടെ ജീവിതമായിരിക്കാം , വ്യത്യസ്ത സംസ്‌കാരമായിരിക്കാം നമ്മേ ആകർഷിക്കുന്നത്. ജിബൂട്ടി എന്ന രാജ്യത്ത് നമ്മേ അത്ഭുതപ്പെടുത്തുന്ന നിർമിതികളില്ല. വലിയ ലോകാത്ഭുതങ്ങൾ ഒന്നുമില്ല. പക്ഷേ, അവിടുത്തെ ഗോത്രഗ്രാമങ്ങളിൽ പോയി ഞാൻ രാത്രി കിടന്നുറങ്ങിയിട്ടുണ്ട്. ഗോത്രഗ്രാമങ്ങളിൽ ഉറങ്ങുക എന്നുപറയുന്നത് വ്യത്യസ്തമാണ്. അവിടെ ഹോട്ടലുകളില്ല. തലക്കു മുകളിൽ നല്ല മേൽക്കൂരകൾ പോലുമില്ല. ചുള്ളിക്കമ്പുകൾകൊണ്ട് വെയിലുകൊള്ളാതെ മാത്രം വെച്ചിരിക്കുന്ന കൂടിലുകളുടെ മുറ്റത്തിട്ട ചെറിയ കയറുകട്ടിലുകളിലാണ് കിടക്കുന്നത്. രാത്രി ആകാശം കണ്ടുകൊണ്ടാണ് കിടന്നുറങ്ങുന്നത്. നക്ഷത്രങ്ങളെയാകെ കൃത്യമായി രാത്രി മുഴുവൻ കണ്ടുകൊണ്ട് കിടന്നത് ആ സമയത്താണ്. ഇങ്ങനെ അത്ഭുതപ്പെടുത്തിയ നിരവിധ കാഴ്ചകളുണ്ട്, നിരവധി സ്ഥലങ്ങളുണ്ട്.

യാത്രകൾ എപ്പോഴും “എക്‌സ്‌പ്ലോറേഷ’നു വേണ്ടിയാകണം. നമ്മൾ കാണാത്ത അനുഭവങ്ങൾക്കു വേണ്ടി, കാണാത്ത കാഴ്ചകൾക്കുവേണ്ടി നമ്മൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത രുചികൾക്കുവേണ്ടിയൊക്കെയാകണം യാത്ര. ഈ രുചികൾ നമ്മൾ ആസ്വാദിക്കുമ്പോൾ കാണാത്ത കാഴ്ചകൾ കാണുമ്പോൾ ഒക്കെ ആഹ്ലാദം നമ്മളിൽ വന്നെത്തും. നിങ്ങൾ കാണാത്ത അത്ഭുതങ്ങൾ തേടിയായിരിക്കണം യാത്ര. അത് ജീവിതത്തിന്റെ, സംസ്‌കാരത്തിന്റെ, കെട്ടിടങ്ങളുടെ, മനുഷ്യനിർമിതികളുടെ പ്രകൃതി നിർമിതികളുടെ അത്ഭുതങ്ങളാകാം. ഇത്തരം പരിചിതമല്ലാത്ത സംസ്‌കാരങ്ങളുടെ ജീവിത രീതികളുടെയൊക്കെ അത്ഭുതങ്ങൾ തേടിയാണ് യാത്ര ചെയ്യേണ്ടത്. അതാണ് യാത്രയുടെ യഥാർഥ അർഥം. നമ്മുടെ അനുഭവങ്ങളെ കൂടുതൽ വിശാലമാക്കുക. 24 വർഷംകൊണ്ട് 130 ലേറെ രാജ്യങ്ങളിൽ സഞ്ചരിച്ച് സഞ്ചാരത്തിന്റെ 1800 എപ്പിസോഡുകൾ ഇതിനകം സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇനി ബഹിരാകാശത്തെ കാഴ്ചകളും പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ബഹിരാകാശത്തേക്ക് പോകുന്ന റോക്കറ്റ് കത്തിക്കുന്ന സമയം മുതലല്ല ഞാൻ ക്യാമറ ഓണാക്കുന്നത്. എന്റെ പരിശീലനത്തിന്റെ ആദ്യ ദിവസം മുതൽ റിച്ചഡ് ബ്രാൻസനുമായുള്ള പരിശീലന പരിപാടികൾ മുതൽ ദീർഘകാലമായി നടത്തിയ ഫ്ലൈറ്റ് യാത്രകൾ മുതൽ എല്ലാ പരിപാടികളും സഞ്ചാരത്തിൽ ദൃശ്യവത്കരിച്ചിട്ടുണ്ട്. ഇനിയും അത് തുടരും. സ്പേസിലേക്കുള്ള കുറച്ചുസമയത്തെ യാത്ര മാത്രമായിരിക്കില്ല, ഞാൻ അതിനായി എന്തൊക്കെ ചെയ്തു എന്നതു മുതൽ പ്രേക്ഷകന് അനുഭവിക്കാനാകണം. അവർ യാത്ര ചെയ്ത അനുഭവം ലഭിക്കണം. സ്‌പേസ് ടൂറിസ്റ്റുകളുടെ യാത്രയും പല ബാച്ചുകളിലായി പിരിഞ്ഞാണ് പോകുക. നാല് സഞ്ചാരികളും രണ്ട് പൈലറ്റുകളുമാണ് ഓരോ സംഘത്തിലും ഉണ്ടാകുക.

---- facebook comment plugin here -----

Latest