Connect with us

features

മലമുകളിൽ കിനിയും നീർകണികകൾ തേടി…

നിരക്ഷരനായ ഒരു സാദാ ആട്ടിടയന്റെ ഉള്ളുപൊള്ളിച്ച നട്ടുച്ചകൾക്ക് നന്ദി പറയുക, ആ വെയിലേറ്റ നീറ്റലിൽ നീറിയാണ് അയാൾ മലമുകളിൽ നീരുറവ കിനിയുന്ന ഇടങ്ങൾ തേടിയുള്ള യാത്ര പുറപ്പെട്ടത്. ഇളം വെയിലിലും ചുട്ടുപൊള്ളുന്ന പാറയുള്ള മലമേട്ടിൽ ജലസ്രോതസ്സുകൾ പണിയുക എന്ന അതികഠിനമായ ഒരധ്വാനത്തിന് അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ട നിമിഷങ്ങൾ ആ നാടിന്റെയും അവിടെ ചേക്കേറിയ ജീവജാലങ്ങളുടെയും പുണ്യമായി മാറാൻ, അന്നത്തെ അയാളുടെ പ്രായത്തെക്കാൾ കൂടുതൽ കാലം വേണ്ടി വന്നു.

Published

|

Last Updated

ഒറ്റച്ചാൺ മുകളിലെന്നോണം ഉദിച്ചുയരുന്ന സൂര്യന്റെ ചൂടേറ്റ് മലമുകളിലെ വറ്റിവരണ്ട മണ്ണടരുകൾക്ക് മുകളിൽ വാടി ത്തളർന്ന മാമരങ്ങളും പുൽക്കൊടിത്തുമ്പുകളും കൂമ്പടഞ്ഞു പോകുന്ന കാഴ്ച. മലമുകളിൽ മേയുന്ന ആട്ടിൻകുട്ടികൾ വരണ്ടുണങ്ങിയ തൊണ്ട കൊണ്ടെന്നു അമറാൻ പോലുമാകാതെ വാടിത്തളർന്നു നിൽക്കുന്ന മൂകത.

ഈ കാഴ്ചകളത്രയും നിറഞ്ഞുതൂവിയ കണ്ണുകൾ കൊണ്ട് ഉള്ളു തുറന്നു കണ്ടത് ഒരു സാദാ ആട്ടിടയനായിരുന്നു. തന്റെ ഉറക്കം കെടുത്തിയ ഈ ദയനീയ കാഴ്ചകൾക്ക് പരിഹാരം തേടി അയാൾ തുനിഞ്ഞിറങ്ങിയപ്പോൾ, കിനിഞ്ഞിറങ്ങിയത് ഉറവ വറ്റാത്ത പതിനാറോളം തെളിനീരുറവകൾ, രണ്ടായിരത്തിലധികം പുതുനാമ്പുകൾ.

കാലവും ദേശവും അദ്ദേഹത്തെ പോണ്ട് മാൻ (pond man ) എന്നും വാട്ടർ വാരിയർ എന്നും വിളിച്ചാദരിച്ചു. പ്രധാനമന്ത്രി, തന്റെ രാജ്യത്തെ നൂറ്റി മുപ്പത് കോടി പൗരന്മാരോട് അദ്ദേഹത്തെ കുറിച്ച് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. അയാളെ മാതൃകയാക്കാൻ അഭിമാനത്തോടെ ആവശ്യപ്പെട്ടു. ആ ആട്ടിടയൻ ഇന്ന് നമ്മോടൊപ്പമില്ല. നാല് പതിറ്റാണ്ട് കാലം കൊണ്ട് അയാൾ പണിത കുളങ്ങളും നട്ടുനനച്ചു വളർത്തിയ മരങ്ങളും ഇപ്പോഴും മണ്ണിൽ ബാക്കിയാണ്; തണലും തണുപ്പുമേകി..! കർണാടകയിൽ മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിൽ ദാസനദൊഡ്ഡി ഗ്രാമത്തിലെ കെരെ കാമെഗൗഡയെന്ന കാമ ഗൗഡ തീർത്തും നിരക്ഷരനും ദരിദ്രനും വെറുമൊരു ആട്ടിടയനും മാത്രമായിരുന്നു. പക്ഷേ, തന്റെ മനസ്സലിവ് ഒന്നു കൊണ്ട് മാത്രം അയാൾ ചെയ്തു തീർത്ത മഹാ യജ്ഞമാണ് അയാൾക്ക് പേരും പെരുമയും നൽകിയത്. തന്റെ നാട്ടിലെ കുന്‍ദൂരു മലയായിരുന്നു കാമെ ഗൗഡയുടെ പ്രവര്‍ത്തന മണ്ഡലം. നാലുപതിറ്റാണ്ടു മുമ്പ് വരണ്ട പ്രദേശമായിരുന്നു ഇവിടം. സസ്യസമ്പത്ത് വളരെക്കുറച്ച് മാത്രമാണ് ഈ മലമുകളിൽ ഉണ്ടായിരുന്നത്. മഴ പെയ്താല്‍ വെള്ളം മലയില്‍നിന്ന് താഴേക്ക് ഒഴുകിപ്പോവുകയോ ബാഷ്പീകരിച്ചുപോവുകയോ ചെയ്യും. ഈ നില തുടർന്നാൽ എക്കാലവും ഇവിടം വരണ്ടുണങ്ങി കിടക്കുകയെയുള്ളൂവെന്ന് തിരിച്ചറിഞ്ഞതോടെയാണ് മലയില്‍ കുളങ്ങള്‍ നിര്‍മിക്കാൻ കാമെഗൗഡ തീരുമാനിക്കുന്നത്.

സ്വന്തം തീരുമാനമായതിനാൽ കൂടെ ആരുമുണ്ടായിരുന്നില്ല. മലമുകളിൽ കുളം പണിയുന്നതിലെ സാഹസം ബോധ്യപ്പെട്ടവർ സ്വയം പിന്മാറുക മാത്രമല്ല കാമെഗൗഡയുടെ നിരർഥകമായ ഒരു സ്വപ്നത്തിന്റെ ഫലപ്രാപ്തിയിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ കൂട്ടരുടെയും കൂടെയുള്ളവരുടെയും സംശയങ്ങൾക്കും പരിഹാസങ്ങൾക്കുമൊന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ സാധിച്ചില്ല.
അയാൾ കണ്ട സ്വപ്നത്തിന് എത്രമാത്രം ആഴമുണ്ടായിരുന്നു എന്നറിയാൻ ആ സ്വപ്നത്തിന്റെ പൊരുളറിയാൻ ഇപ്പോൾ എളുപ്പമുണ്ട്. നാല് പതിറ്റാണ്ട് മുമ്പ് നിസ്തുലമായ ഒരു പോരാട്ടത്തിന് അയാൾ തുനിഞ്ഞിറങ്ങിയതിന്റെ ലക്ഷണങ്ങൾ കൽപാന്തക്കാലത്തോളവും ആ മലമുകളിൽ അവശേഷിക്കും.നാൽപ്പത് സംവത്സരങ്ങൾ കൊണ്ട് അയാൾ നിർമിച്ച പതിനാറിലധികം കുളങ്ങളും രണ്ടായിരത്തിലധികം സസ്യ ലതാദികളും വരണ്ടുണങ്ങി കിടന്നിരുന്ന ആ മലയെ ഇന്ന് ഹരിതാഭമാക്കുന്നു. അവിടെ മരങ്ങളിൽ കിളികൾ ചേക്കേറുന്നു. ജലകണികകൾ തേടി ആടും മാടും മനുഷ്യരുമെത്തുന്നു.

രണ്ടായിരത്തി ഇരുപതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മൻ കി ബാത്ത് റേഡിയോ പരിപാടിയിൽ കാമെഗൗഡയുടെ പ്രവൃത്തികളെ പ്രത്യേകം പ്രശംസിക്കുകയുണ്ടായി.
ജല സംരക്ഷണത്തിന്റെ പേരിൽ എണ്ണമറ്റ ആദരവുകളും അംഗീകാരങ്ങളും കാമെഗൗഡയെ തേടിയെത്തുകയുണ്ടായി. നാടായ നാടുകളെല്ലാം കടന്ന്, കാലാന്തരങ്ങൾക്കുമപ്പുറത്തേക്ക് ഗൗഡയുടെ പേരും പെരുമയും ചെന്നെത്തി.
കര്‍ണാടക രാജ്യോത്സവ പുരസ്‌കാരം, ഡി രമാഭായി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം, എം ഗോപിനാഥ് ഷേണായി ചാരിറ്റബിള്‍ ട്രസ്റ്റ് പുരസ്‌കാരം തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിരുന്നു.

നിരക്ഷരനായ ഒരു സാദാ ആട്ടിടയന്റെ ഉള്ളുപൊള്ളിച്ച നട്ടുച്ചകൾക്ക് നന്ദി പറയുക, ആ വെയിലേറ്റ നീറ്റലിൽ നീറിയാണ് അയാൾ മലമുകളിൽ നീരുറവ കിനിയുന്ന ഇടങ്ങൾ തേടിയുള്ള യാത്ര പുറപ്പെട്ടത്. ഇളംവെയിലിലും ചുട്ടുപൊള്ളുന്ന പാറയുള്ള മലമേട്ടിൽ ജലസ്രോതസ്സുകൾ പണിയുക എന്ന അതികഠിനമായ ഒരധ്വാനത്തിന് അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ട നിമിഷങ്ങൾ ആ നാടിന്റെയും അവിടെ ചേക്കേറിയ ജീവജാലങ്ങളുടെയും പുണ്യമായി മാറാൻ, അന്നത്തെ അയാളുടെ പ്രായത്തെക്കാൾ കൂടുതൽ കാലം വേണ്ടി വന്നു. അതായത്, ആർക്കും വേണ്ടാത്ത ഒരു തരിശു ഭൂമിയെ ഹരിതാഭമാക്കാൻ, കുളങ്ങളും ചെടികളും മരങ്ങളും കിളികളും മൃഗങ്ങളും എല്ലാമെല്ലാമുള്ള, ഏതൊരാളും ചെന്നൊന്നിരിക്കാൻ മോഹിക്കുന്ന വിധം രമണീയമാക്കാൻ കാരെ കാമെഗൗഡ എന്ന മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യൻ ചെലവഴിച്ചത്, നാൽപ്പത്തിരണ്ട് വർഷങ്ങളാണ്…!

Latest