Connect with us

ഫീച്ചർ

നെല്ലും ഉയിരും

കേരളത്തിന്റെ പ്രധാന ഭക്ഷ്യവിളയായ നെല്ല് നൂറ്റാണ്ടുകളായി നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെയും സംസ്കാരത്തിന്റെയും പരിസ്ഥിതിയുടെയും ഭക്ഷ്യസുരക്ഷയുടെയും അവിഭാജ്യ ഘടകമാണ്.

Published

|

Last Updated

1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപവത്കൃതമായിട്ട് 70 വർഷം തികയുന്ന വേളയിൽ സംസ്ഥാനത്തിന്റെ കാർഷിക രംഗം വലിയൊരു ചരിത്രപരമായ പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. കഠിനമായ ഭക്ഷ്യക്ഷാമത്തിൽ നിന്ന് സ്വയംപര്യാപ്തതയിലേക്കുള്ള യാത്രയും, പരമ്പരാഗത കൃഷിരീതികളിൽ നിന്ന് അത്യാധുനിക സാങ്കേതികവിദ്യകളിലേക്കുള്ള മാറ്റവും ഈ ഏഴ് പതിറ്റാണ്ടുകളിലെ കേരളത്തിന്റെ കാർഷിക ചരിത്രമാണ്.

70 വർഷത്തെ കേരളത്തിന്റെ കാർഷിക വികാസത്തെയും ഇപ്പോഴത്തെ അവസ്ഥയെയും പരിശോധിച്ചാൽ കാർഷിക മേഖലയിൽ പ്രത്യേകിച്ച് നെൽകൃഷിയിൽ ഗണ്യമായ കുറവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കാർഷിക ഘടനയിലെ മാറ്റം അതിൽ പ്രധാന ഘടകമായിരുന്നു. ഭക്ഷ്യവിളകളിൽ നിന്നും നാണ്യവിളകളിലേക്ക് കർഷകർ തങ്ങളുടെ കൃഷിരീതിയെ മാറ്റിയതോടെയാണ് നെൽക്കൃഷിയിൽ കുറവ് സംഭവിച്ചത്. ഇത് സംസ്ഥാനത്തിന്റെ ഭക്ഷ്യ നിലനിൽപ്പിന് തന്നെ ഭീഷണിയായി മാറിക്കഴിഞ്ഞു. കേരളം രൂപവത്കരണ സമയത്ത് സംസ്ഥാനത്തിന്റെ പ്രധാന കൃഷി നെല്ലായിരുന്നു. എന്നാൽ കഴിഞ്ഞ 70 വർഷത്തിനിടയിൽ നെൽവയലുകളുടെ വിസ്തൃതി വൻതോതിൽ കുറയുകയും ഭക്ഷ്യധാന്യ ഉത്പാദനത്തിൽ ഇടിവ് സംഭവിക്കുകയും ചെയ്തു. റബ്ബർ, കുരുമുളക്, ഏലം, കാപ്പി, തേയില തുടങ്ങിയ നാണ്യവിളകളിലേക്ക് കേരളത്തിലെ കർഷകർ വൻതോതിൽ ചുവടുമാറ്റി.

കേരളത്തിന്റെ സംസ്‌കാരവുമായും ജീവനരീതിയുമായും ഏറ്റവും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് നെൽകൃഷി. കേരളീയരുടെ പ്രധാന ആഹാരമായ അരി ഉത്പാദിപ്പിക്കുന്ന നെൽവയലുകൾ വെറുമൊരു കൃഷിമാത്രമല്ല, മറിച്ച് ഈ നാടിന്റെ പരിസ്ഥിതിയെയും സമ്പദ്‌വ്യവസ്ഥയെയും രൂപപ്പെടുത്തിയ പ്രധാന ഘടകമാണ്.

ചുരുക്കത്തിൽ, ഉപജീവനമാർഗം എന്നതിലുപരി കേരളത്തിന്റെ ഭൂഗർഭ ജലനിരപ്പ് നിലനിർത്തുന്നതിലും, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതിലും നെൽവയലുകൾക്ക് വലിയ പങ്കുണ്ട്. അതിനാൽ തന്നെ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നെൽകൃഷി ലാഭകരമാക്കാനുള്ള ശ്രമത്തിലാണ് ഇന്ന് കേരളം.

മണ്ണിൽ നിന്നകന്ന്…

കേരളത്തിന്റെ പ്രധാന ഭക്ഷ്യവിളയായ നെല്ല് നൂറ്റാണ്ടുകളായി നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെയും സംസ്കാരത്തിന്റെയും പരിസ്ഥിതിയുടെയും ഭക്ഷ്യസുരക്ഷയുടെയും അവിഭാജ്യ ഘടകമാണ്. കേരളത്തിലെ പരമ്പരാഗത നെൽവയലുകൾ ഭക്ഷണം ഉത്പാദിപ്പിക്കുന്നതിന് പുറമെ ജൈവവൈവിധ്യം സംരക്ഷിക്കുക, വെള്ളപ്പൊക്കം നിയന്ത്രിക്കുക, ഭൂഗർഭജല പുനർനിറവിന് സഹായിക്കുക, കാർബൺ പിടിച്ചുവെക്കുക, അനേകം ദേശാടന പക്ഷികളെയും ജലജീവികളെയും പിന്തുണയ്ക്കുക എന്നിവയൊക്കെ ചെയ്യുന്ന തണ്ണീർത്തടങ്ങളായും പ്രവർത്തിച്ചുവരികയുമാണ്. പക്ഷേ, കഴിഞ്ഞ ഏതാനും ദശകങ്ങളായി സംസ്ഥാനത്തിന്റെ കാർഷിക ഭൂപ്രകൃതിയെ മാറ്റിമറിച്ചുകൊണ്ട് നെൽകൃഷിയുടെ വിസ്തൃതി ഗണ്യമായി ചുരുങ്ങി.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നെൽകൃഷി വിസ്തൃതിയിൽ സ്ഥിരത കൈവരിക്കുകയോ വ്യാപിക്കുകയോ ചെയ്യുമ്പോൾ, കേരളത്തിലെ വിസ്തൃതിയിൽ അഭൂതപൂർവമായ ഇടിവാണ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ഉണ്ടായിരിക്കുന്നത്. വയലുകള്‍ ഒളിഞ്ഞും തെളിഞ്ഞും മറ്റ് അവശ്യങ്ങൾക്ക് വേണ്ടി നികത്തപ്പെടുന്നു. കളിമണ്‍ ഖനനം, മണലെടുക്കല്‍, റിയല്‍ എസ്റ്റേറ്റിനു വേണ്ടി നികത്തല്‍, ടൂറിസം… അങ്ങനെ ഭീഷണികള്‍ പലത്. തെങ്ങും റബ്ബറുമായി തോട്ടങ്ങളായി മാറിയവയും ധാരാളം. കേരളത്തിന്റെ ആകെ അരി ആവശ്യത്തിന്റെ വളരെ ചെറിയൊരു വിഹിതം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ജലസുരക്ഷ ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള പാരിസ്ഥിതിക ധര്‍മങ്ങള്‍ കൂടി അംഗീകരിച്ചുകൊണ്ട് പാടശേഖരങ്ങൾക്ക് തണ്ണീര്‍ത്തടങ്ങള്‍ എന്ന നിലയിലുള്ള പ്രാധാന്യവും പരിഗണനയും കിട്ടുകയും അത്തരത്തിലുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം.

തിരികെ മണ്ണിലേക്ക്…

വികസനത്തിന്റെ കുത്തൊഴുക്കിൽ വയലും കൃഷിയും അനുദിനം കുറഞ്ഞുവരുന്ന ഇക്കാലത്ത് കേരളത്തിന്റെ കാർഷിക സംസ്കാരവും ഭക്ഷ്യ വൈവിധ്യവും നിലനിർത്താൻ പരിശ്രമിക്കുന്ന കർഷകരും കർഷക കൂട്ടായ്മകളും ഉണ്ട് നമ്മുടെ നാട്ടിൽ. കാലാവസ്ഥാ വ്യതിയാനവും തൊഴിലാളിക്ഷാമവും മറ്റും ഉണ്ടാക്കുന്ന അനിശ്ചിതത്വത്തിലും രണ്ടും കൽപ്പിച്ച് ലാഭേച്ഛയില്ലാതെ കാർഷികവൃത്തിയിൽ ഏർപ്പെടുന്ന ചിലരുണ്ട്.

പയ്യന്നൂരിലെ ജൈവകർഷകരുടെ കൂട്ടായ്മയായ ജൈവഭൂമി നാച്ചുറൽ ഫാർമേഴ്സ് സൊസൈറ്റിയുടെ പ്രവർത്തകരായ കെ പി വിനോദ്, സുരേഷ് കല്ലത്ത്, കെ വി രാമചന്ദ്രൻ മാസ്റ്റർ, അത്തായിബാലൻ, ലാലു ടി ടി വി, എം പി കുഞ്ഞികൃഷ്ണൻ, സി വിജയൻ, എം എം സുരേഷ്, കെ സി ഹരിദാസ്, ഹരീഷ് കൊടിയത്ത് , ചന്ദ്രൻ കല്ലത്ത് തുടങ്ങിയവർ പയ്യന്നൂരും പരിസര പഞ്ചായത്തുകളിലുമായി വിരിപ്പ് , പുഞ്ച എന്നീ രണ്ട് വിളകളിലുമായി ഓരോ വർഷവും മുപ്പത് മുതൽ അന്പത് വരെ ഏക്കർ നെൽകൃഷിചെയ്യുന്നു.

നെല്ല് വൈവിധ്യം

പോഷക ഗുണമേറിയതും രോഗപ്രതിരോധശേഷി കൂടിയതും വെള്ളക്കെട്ടിനെയും വരൾച്ചയെയും പ്രതിരോധിക്കാൻ കഴിവുള്ളതും നിരവധി പൈതൃക നെൽവിത്തുകൾ കൃഷിചെയ്ത് സംരക്ഷിക്കുകയും ചെയ്യുന്നു ഈ കൂട്ടായ്മ.

കൊടുകഴമ, തവളക്കണ്ണൻ, കുഞ്ഞിനെല്ല്, തവ്വൻ, തൊണ്ണൂറാൻ, നവര, രക്തശാലി, പൊന്നാര്യൻ, കൊടുകണ്ണി, ചിറ്റേനി, അരിക്കിരായി എന്നീ പൈതൃക നെല്ലിനങ്ങളുടെ വൈവിധ്യവും ഔഷധ ഗുണമുള്ളതും സ്വാദിഷ്ഠവുമായ അരി സ്വന്തം ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്നത് പയ്യന്നൂരിലെ ജൈവഭൂമി കടയിലൂടെ ആവശ്യക്കാരിലേക്ക് എത്തിക്കുന്നു. പയ്യന്നൂരിലെ പോഷക ഭക്ഷണശാലയായ മില്ലെറ്റ് കഫേയിൽ ഈ നാട്ടരിയുടെ കഞ്ഞിയും ചോറും രുചിക്കാൻ നിരവധി പേരെത്തുന്നുണ്ട്.

നല്ല ഭക്ഷണം ആഗ്രഹിക്കുന്ന താത്്പര്യമുള്ള കർഷകർക്ക് എല്ലാ വർഷവും വിഷുക്കാലത്ത് വിത്ത് കൈമാറുകയും ചെയ്യുന്നു. ചോറ്, കഞ്ഞി, അവിൽ, പലഹാരം, പായസം, മലർ എന്നിങ്ങനെ വിവിധ വിഭവങ്ങൾക്കായി പ്രതേകം നെല്ലിനങ്ങളുണ്ട്. ഉത്തരകേരളത്തിലെ നാടൻ നെല്ലിനങ്ങൾ കൂടാതെ തമിഴ്നാട്ടിലെയും കിഴക്കൻ ഇന്ത്യയിലെയും നൂറിൽപരം പൈതൃക നെല്ലിനങ്ങളുടെ ജീൻബാങ്ക് കെ പി വിനോദ്, സുരേഷ് കല്ലത്ത് എന്നിവർ ചേർന്ന് സംരക്ഷിച്ചുവരുന്നുണ്ട്.

വിത്ത് വൈവിധ്യവും ഭക്ഷ്യ വൈവിധ്യവും ആണ് ഭാവിയുടെ ഭക്ഷ്യ സുരക്ഷ എന്നതാണ് ഈ ഉദ്യമത്തിന് ഈ കൂട്ടായ്മക്ക് പ്രചോദനം. ഈയിടെ അന്തരിച്ച പത്മശ്രീ ചെറുവയൽ രാമൻ മുതൽ നാട്ടിലെ വിത്ത് കാത്തുവെച്ച നല്ലവരായ കർഷകരും വിത്ത് സംരക്ഷകരായ സുഹൃത്തുക്കളുമാണ് ഞങ്ങളുടെ വഴികാട്ടികൾ എന്ന് ഈ കൂട്ടായ്മ ഓർമിക്കുന്നു.

Content Highlights: Kerala marks 70 years since formation reflecting on a massive shift from food self-sufficiency to cash crops and declining paddy fields. Despite urban expansion, dedicated farmer collectives in Payyanur are successfully reviving organic farming and preserving diverse heritage rice varieties. These grassroots initiatives play a crucial role in safeguarding food security, ecological balance, and agricultural heritage.

---- facebook comment plugin here -----

Latest