Connect with us

National

45-ാമത് ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി 

കേരളപ്പിറവിയുടെ 70 വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് കേരളത്തിന്റെ നേട്ടം.

Published

|

Last Updated

ന്യൂഡൽഹിയിൽ നടക്കുന്ന നാൽപത്തിയഞ്ചാമത് അന്താരാഷ്ട്ര വ്യാപാര മേളയിൽ മികച്ച പവലിയനുള്ള വെള്ളി മെഡൽ കേരളത്തിനു വേണ്ടി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ സബിൻ സമീദ് ഏറ്റുവാങ്ങുന്നു.

ന്യൂഡല്‍ഹി| 45-ാമത് ഭാരത അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരളത്തിന് വെള്ളി മെഡല്‍. 31 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പങ്കെടുത്ത പ്രദര്‍ശന വിഭാഗത്തിലാണ് കേരളത്തിന് വെള്ളി മെഡല്‍ ലഭിച്ചത്. കേരളപ്പിറവിയുടെ 70 വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് കേരളത്തിന്റെ നേട്ടം.

ഭാരത് മണ്ഡപം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മാനദാനച്ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ സബിന്‍ സമീദ് ഐറ്റിപിഒ ഡയറക്ടര്‍ ജാവേദ് അഷ്‌റഫില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. ഐ പി ആര്‍ഡി അഡിഷണല്‍ ഡയറക്ടര്‍ കെ പി സരിത, ഡപ്യൂട്ടി ഡയറക്ടര്‍ സി എഫ് ദിലീപ് കുമാര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ ശ്രീകാന്ത് എം ഗിരിനാഥ്, പി ആര്‍ സാബു, പ്രതീഷ് ഡി മണി, അസിസ്റ്റന്റ് എഡിറ്റര്‍ രതീഷ് ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഏറെ ജനശ്രദ്ധയാകര്‍ഷിച്ച കൊമ്പനാനയുടെ ചലിക്കുന്ന മാതൃക കേരള പവലിയന്റെ പ്രധാന സവിശേഷതയായിരുന്നു. ഇതിനു പുറമേ കേരളത്തിന്റെ തനത് വിഭവങ്ങളും കൈത്തറി കരകൗശല ഉത്പന്നങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും പ്രദര്‍ശിപ്പിച്ച സ്റ്റാളുകളും പവലിയനിലേക്ക് ആളുകളെ ആകര്‍ഷിച്ചു.

കുടുംബശ്രീയുടെയും ഫിഷറീസ് വകുപ്പിന് കീഴിലുള്ള സാഫിന്റെയും നേതൃത്വത്തിലുള്ള ഫുഡ് കോര്‍ട്ടുകളും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കേരളത്തിന്റെ തനത് പലഹാരങ്ങളും വിഭവങ്ങളും ആസ്വദിക്കാന്‍ ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

കേരളത്തിന്റേതായി 23 വ്യത്യസ്തമായ സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്. കൈത്തറി, ടെറാക്കോട്ട കരകൗശല ഉത്പന്നങ്ങള്‍, കാപ്പി, തേയില, വെളിച്ചെണ്ണ, കൂണ്‍ കൊണ്ടുള്ള പായസം, സ്മൂത്തി, തേയില, കാപ്പിപ്പൊടി തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു.

ഭാരത് മണ്ഡപത്തിലെ വിവിധ ഹാളുകളിലായി നടക്കുന്ന മേളയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 11 വിദേശ രാജ്യങ്ങളില്‍ നിന്നുമായി 3,500-ലധികം പ്രദര്‍ശകരും 600-ഓളം സ്റ്റാര്‍ട്ടപ്പുകളും പങ്കെടുക്കുന്നുണ്ട്. മേള 27-ന് സമാപിക്കും.

Content Highlights: Kerala won a silver medal in the exhibition category at the 45th India International Trade Fair at Bharat Mandapam during its 70th statehood year. The Kerala pavilion drew crowds with an animated elephant model, 23 stalls, and Kudumbashree and SAF food courts. The fair runs through November 27.

Latest