Connect with us

From the print

കേരള സ്‌കൂൾ കായികമേള; ആദ്യദിനം ഏഴ് റെക്കോർഡ്

നീന്തൽക്കുളത്തിൽ പിറന്ന ഏഴ് റെക്കോഡുകളുമായാണ് ആദ്യ ദിനം പിന്നിട്ടത്.

Published

|

Last Updated

കൊച്ചി | സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ അണിനിരത്തി ചരിത്രത്തിലേക്ക് ചുവടുവെച്ച ഒളിമ്പിക്‌സ് മാതൃകയിലെ ആദ്യ സ്‌കൂൾ കായികമേളയിൽ മത്സരദിനങ്ങൾക്ക് ആവേശത്തുടക്കം. നീന്തൽക്കുളത്തിൽ പിറന്ന ഏഴ് റെക്കോഡുകളുമായാണ് ആദ്യ ദിനം പിന്നിട്ടത്. കോതമംഗലം എം എ കോളജിൽ നടന്ന 400 മീറ്റർ ഫ്രീസ്റ്റൈലിലാണ് മേളയിലെ പ്രഥമ റെക്കോഡ് പിറന്നത്. തിരുവനന്തപുരം എം വി എച്ച് എസ് എസിലെ മോൻഗം തീർഥു സാംദേവാണ് കായികമേളയുടെ ചരിത്ര തീരത്തേക്ക് ആദ്യം നീന്തിക്കയറിയത്. 2023ലെ സ്വന്തം റെക്കോഡായ 4.19.76 മിനുട്ടാണ് മോൻഗം തിരുത്തിക്കുറിച്ചത്.

സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ബാക്ക്‌സ്‌ട്രോക്ക് വിഭാഗത്തിൽ തുണ്ടത്തിൽ എം വി എച്ച് എസിലെ എസ് അഭിനവ്, 200 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്ക് സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ വെഞ്ഞാറമൂട് ഗവ. എച്ച് എസ് എസിലെ ആർ ബി ഭാഗ്യകൃഷ്ണ, ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ കോഴിക്കോട് പ്രൊവിഡൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കെ ദേവിക, 200 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്ക് ജൂനിയർ ഗേൾസ് വിഭാഗത്തിൽ തുണ്ടത്തിൽ എം വി എച്ച് എസിലെ നടകുടിതി പവനി സരയു എന്നിവരും അക്വാട്ടിക് മത്സരയിനങ്ങളുടെ ആദ്യദിനത്തിൽ റെക്കോഡ് നേട്ടം കൈവരിച്ചു.

ജൂനിയർ ആൺകുട്ടികളുടെ 50 മീ ബട്ടർഫ്ലൈ സ്ട്രോക്കിൽ തുണ്ടത്തിൽ എം വി എച്ച് എസ് എസിലെ ആദിദേവ് പ്രദീപ്, 50 മീ ബട്ടർഫ്ലൈ സ്ട്രോക്കിൽ വെഞ്ഞാറമൂട് ഗവ. എച്ച് എസ് എസിലെ വിദ്യാ ലക്ഷ്മി എന്നിവരും പുതിയ റെക്കോഡ് ഇന്നലെ സ്വന്തമാക്കി. 24 ഫൈനലുകളാണ് കോതമംഗലം എം എ കോളജിലെ അക്വാട്ടിക്സ് കോംപ്ലക്സിൽ അരങ്ങേറിയത്. കായികമേളയുടെ ആവേശമായ അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് നാളെ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ തുടക്കമാകും.