International
അമേരിക്കയിലെ ടെക്സസില്‍ വെടിവയ്പ്: ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു
ഓസ്റ്റിനിലെ ടെക്സസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ സവിത ഷാന്‍ ആണ് കൊല്ലപ്പെട്ടത്.
വാഷിങ്ടണ്‍| അമേരിക്കയിലെ ടെക്സസിലുള്ള ബാറിന് പുറത്ത് വെടിവയ്പ്. ആക്രമണത്തില്‍ 21കാരിയായ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വിദ്യാര്‍ഥിനിയുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു.
ഓസ്റ്റിനിലെ ടെക്സസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ സവിത ഷാന്‍ ആണ് കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജ. ബിരുദദാനത്തിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനിടെയാണ് സവിതയുടെ മരണം.
ഹാരിങ്ടണ്‍, ഷാന്‍ എന്നീ രണ്ട് പേരാണ് മരിച്ച മറ്റ് രണ്ട് പേരെന്ന് തിരിച്ചറിഞ്ഞതായി വാര്‍ത്താ സമ്മേളത്തില്‍ ഓസ്റ്റിന്‍ പോലീസ് ചീഫ് ലിസ ഡേവിസ് സ്ഥിരീകരിച്ചു. പ്രതിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് വെടിവെച്ചു കൊന്നു. സെനഗലില്‍ നിന്നുള്ള എന്‍ഡിയാഗ ഡയഗ്‌നെ (53) ആണ് ആക്രമണം നടത്തിയത്.
ബാക്ക്യാര്‍ഡ് ബിയര്‍ ഗാര്‍ഡനില്‍ പുലര്‍ച്ചെ 1.59ഓടെയാണ് വെടിവയ്പ്പ് നടന്നത്. ആക്രമണത്തില്‍ പതിനാല് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.




