Connect with us

Kerala

കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന കൗൺസിലിന് തുടക്കം

കഴിഞ്ഞകാല പദ്ധതി പ്രവർത്തനങ്ങളുടെ അവലോകനം, ഘടക പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, വരും വർഷ പദ്ധതി രേഖകളിന്മേലുള്ള ചർച്ചകൾ, നയ സമീപന രേഖയുടെ വിലയിരുത്തൽ എന്നിവ പ്രധാന അജൻഡയാണ്

Published

|

Last Updated

തിരൂർ | കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന കൗൺസിലിന് തുടക്കമായി. യൂനിറ്റ് മുതൽ ജില്ലാതലം വരെയുള്ള വാർഷിക കൗൺസിൽ പൂർത്തീകരിച്ച ശേഷമാണ് രണ്ട് ദിവസങ്ങളിലായി തിരൂർ കൂട്ടായി സീ സോൺ റിസോർട്ടിൽ പരിപാടി നടക്കുന്നത്.

നീലഗിരി ഉൾപ്പെടെ 15 ജില്ലകളിലെ പ്രധാന ഭാരവാഹികളും തിരഞ്ഞെടുക്കപ്പെട്ടവരും സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും മറ്റ് കീഴ്ഘടക ഭാരവാഹികളുമടങ്ങുന്ന കൗൺസിൽ വരുന്ന വർഷത്തെ പദ്ധതികൾക്ക് രൂപം നൽകും.

കഴിഞ്ഞകാല പദ്ധതി പ്രവർത്തനങ്ങളുടെ അവലോകനം, ഘടക പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, വരും വർഷ പദ്ധതി രേഖകളിന്മേലുള്ള ചർച്ചകൾ, നയ സമീപന രേഖയുടെ വിലയിരുത്തൽ എന്നിവ പ്രധാന അജൻഡയാണ്. കൗൺസിലിൽ പങ്കെടുക്കുന്നവർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കട്ടിപ്പാറ അഹ്്മദ് കുട്ടി മുസ്‌ലിയാർ പതാക ഉയർത്തിയതോടെയാണ് കൗൺസിലിന് തുടക്കമായത്. തുടർന്ന് നടന്ന ചർച്ചകൾക്കും പരിപാടികൾക്കും സംസ്ഥാന നേതാക്കൾ നേതൃത്വം നൽകി.

പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, വി പി എം ഫൈസി വില്യാപ്പള്ളി, പേരോട് അബ്ദുർറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, സി മുഹമ്മദ് ഫൈസി, എൻ അലി അബ്ദുല്ല, മജീദ് കക്കാട് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

Latest