Kerala
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മേല്‍ക്കൈ നേടി എല്‍ഡിഎഫ്, ഏഴ് യുഡിഎഫ് സീറ്റുകള്‍ പിടിച്ചെടുത്തു, യുഡിഎഫ് പിടിച്ചെടുത്തത് നാല് സീറ്റ്
18 സീറ്റില്‍ എല്‍ഡിഎഫും 19 സീറ്റില്‍ യുഡിഎഫും ജയിച്ചു.
തിരുവനന്തപുരം| സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി എല്‍ഡിഎഫ്. യുഡിഎഫിന്റെ ഏഴ് സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിന് പിടിക്കാനായത് നാല് സീറ്റ് മാത്രമാണ്. തെരഞ്ഞെടുപ്പ് നടന്ന 38 തദ്ദേശ വാര്‍ഡുകളില്‍ 18 സീറ്റില്‍ എല്‍ഡിഎഫും 19 സീറ്റില്‍ യുഡിഎഫും ജയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് -22, എല്‍ഡിഎഫ് -15 എന്നായിരുന്നു.
കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ 38 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ട് കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍ (തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍), മൂന്ന് ജില്ല പഞ്ചായത്ത് വാര്‍ഡുകള്‍ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലാണ് ഉപതെഞ്ഞടുപ്പ് നടന്നത്. ആകെ 126 സ്ഥാനാര്‍ഥകള്‍ ജനപിന്തുണ തേടി. വോട്ടെടുപ്പില്‍ ആകെ 58.81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
കോട്ടയത്ത് തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ യുഡിഎഫ് സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മഞ്ജു സുജിത്ത് 2140 വോട്ടുകള്‍ക്ക് ജയിച്ചു. കോട്ടയം പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സണ്ണി വര്‍ഗീസ് പൂതകുഴിയില്‍ എതിര്‍ സ്ഥാനാര്‍ഥി ഡെയ്സി ബാബുവിനെ 66 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. മീനടം പഞ്ചായത്തിലെ ചീരംകുളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. പ്രീത പ്രസാദ് 162 വോട്ടുകള്‍ക്ക് എതിര്‍ സ്ഥാനാര്‍ഥി ചന്ദ്രു നാരായണനെ തോല്‍പ്പിച്ചു. എറണാകുളം പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാര്‍ഡ് ട്വന്റി20 നിലനിര്‍ത്തി.
കോഴിക്കോട് കോര്‍പറേഷന്‍ കുറ്റിച്ചിറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന്റെ ഫര്‍സീന അറയ്ക്കല്‍ 436 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. തൃശൂര്‍ ചേലക്കരയില്‍ യുഡിഎഫിന് അട്ടിമറി ജയം. ഇടതുകോട്ടയില്‍ സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കുറുമല സീറ്റാണ് പിടിച്ചെടുത്തത്. തൃശൂര്‍ തളിക്കുളത്ത് സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫിന് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജി കൃഷ്ണഘോഷ് 28 വോട്ടിന് ജയിച്ചു. വാര്‍ഡ് മെമ്പര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
തൃശൂര്‍ ചാലക്കുടി മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. വി.ഒ പൈലപ്പന്‍ 339 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. രവീന്ദ്രന്‍ തിച്ചൂര്‍ ആണ് വിജയിച്ചത്. തൃശൂര്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനില്‍ 1204 വോട്ട് ഭൂരിപക്ഷത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി വി.ആര്‍ രമേഷ് വിജയിച്ചു.
പാലക്കാട് ജില്ല പഞ്ചായത്ത് പല്ലശ്ശന ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ അട്ടിമറി. 24ാം വാര്‍ഡ് നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ വി. തുളസീധരനാണ് ജയിച്ചത്. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നേടിയത് 423 വീതം വോട്ട് വീതമാണ്. തുടര്‍ന്ന് നറുക്കെടുക്കുകയായിരുന്നു.
പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് 13ാം വാര്‍ഡ് രാഗം കോര്‍ണര്‍ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി പി. ഗിരീശന്‍ 48 വോട്ടുകള്‍ക്ക് വിജയിച്ചു. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തില്‍ 18 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കുമാരി വിജയിച്ചു. പാലക്കാട് കരിമ്പ പഞ്ചായത്ത് വെട്ടം 13ാം വാര്‍ഡില്‍ യുഡിഫ് വിജയിച്ചു. എ.എ അബ്ദുല്‍ ജലീല്‍ 335 വോട്ടിനാണ് വിജയിച്ചത്.
പാലക്കാട് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹേമാംബിക നഗര്‍ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. തൗഷിക വിജയിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അത്തിപ്പൊറ്റ ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. രേഖ സന്തോഷ് 790 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
പത്തനംതിട്ട അരുവാപുലം പഞ്ചായത്തിലെ കല്ലേലി ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനില സുരേഷ് 112 വോട്ടുകള്‍ക്ക് വിജയിച്ചു. കൊച്ചി കോര്‍പറേഷന്‍ അയ്യപ്പന്‍കാവ് ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. എറണാകുളം പൂതൃക്ക പഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് വാര്‍ഡ് ട്വന്റി20 നിലനിര്‍ത്തി.
എറണാകുളം പറവൂര്‍ വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് കിഴക്ക് വാര്‍ഡ് നിലനിര്‍ത്തി യുഡിഎഫ്. കോണ്‍ഗ്രസിലെ ജോസ് കുനിയന്തോടത്ത് വിജയിച്ചു. എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലെ പുളിയനം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 207 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുഗന്ധി ജോഷി വിജയിച്ചത്.
മലപ്പുറം മങ്കട ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് കടന്നമണ്ണ സിപിഐ നിലനിര്‍ത്തി. 48 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഐയിലെ പാത്തുട്ടി അബ്ദുറഹിമാനാണ് വിജയിച്ചത്. സിപിഐ അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മലപ്പുറം താനാളൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മൂലയ്ക്കലില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി വി.പി.ഒ ബുഷറ 488 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അഷ്‌കറിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മലപ്പുറം വേങ്ങര മൂന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഹസീന ഫസല്‍ 880 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണ ലീഡ് 720 ആയിരുന്നു. യുഡിഎഫ് അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം കാലടി പഞ്ചായത്തിലെ വാര്‍ഡ് 12 വെറൂരില്‍ സിപിഎമ്മിലെ അഭിലാഷ് വിജയിച്ചു. 341 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് വാര്‍ഡ് നിലനിര്‍ത്തിയത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി അമി തിലക് 3019 വോട്ടുകള്‍ക്ക് വിജയിച്ചു. കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എല്‍ഡിഎഫിന് ജയം. പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ കെ.വി രതീശനാണ് വിജയിച്ചത്. 65 വോട്ടിനാണ് ജയം.
തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 139 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി രമ്യ വി. തുളസി വിജയിച്ചു. ചിറയിന്‍കീഴ് അഞ്ചുതെങ്ങില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. എസ് ബിജിമോള്‍ 395 വോട്ടുകള്‍ക്ക് വിജയിച്ചു. തിരുവനന്തപുരം തിരുപുറം പഞ്ചായത്തിലെ പഴയകട വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. സി.എസ് സുനില്‍കുമാറാണ് വിജയിച്ചത്. വര്‍ക്കല ഒറ്റൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ബീന വിജയിച്ചു. സിപിഎം അംഗം സ്മിത സുന്ദരേശന്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.കെ സുരേഷ് കുമാര്‍ 276 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.കാസര്‍കോട് പിലിക്കോട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ ടി. ഓമന 297 വോട്ടുകള്‍ക്ക് വിജയിച്ചു.
വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. ലീലാ ഗോവിന്ദന്‍ 331 വോട്ടിന് ജയിച്ചു. ഇടുക്കി മുട്ടം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് തുടങ്ങനാട്ടില്‍ എല്‍ഡിഎഫ് സിറ്റിങ് വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ എല്‍സമ്മ ടോം വിജയിച്ചു.
Content Highlights:
LDF gained upper hand in Kerala local body by-elections by capturing 7 sitting seats from UDF, winning 18 out of 38 total wards. UDF won 19 seats overall, snatching 4 seats from LDF in elections across 12 districts. Polling recorded an overall turnout of 58.81 percent.


