Connect with us

Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: ചേലക്കരയില്‍ യുഡിഎഫിന് അട്ടിമറി ജയം, കുറ്റിച്ചിറ നിലനിര്‍ത്തി യുഡിഎഫ്

ചേലക്കരയില്‍ ഇടതുകോട്ടയാണ്  യുഡിഎഫ് പിടിച്ചെടുത്തത്.

Published

|

Last Updated

തിരുവനന്തപുരം|സംസ്ഥാനത്ത് 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 12 ജില്ലകളിലെ 38 തദ്ദേശ വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഉപതെരഞ്ഞെടുപ്പില്‍ 58.81 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്.

ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ്. കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലെയും മട്ടന്നൂര്‍, ചിറ്റൂര്‍-തത്തമംഗലം, ചാലക്കുടി നഗരസഭകളിലേയും ഓരോ വാര്‍ഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഓരോ വാര്‍ഡുകളിലെയും ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

തൃശൂര്‍ ചേലക്കരയില്‍ യുഡിഎഫിന് അട്ടിമറി ജയമാണുണ്ടായത്. ഇടതുകോട്ടയാണ്  യുഡിഎഫ് പിടിച്ചെടുത്തത്. കുറുമല സീറ്റാണ് പിടിച്ചെടുത്തത്. കോഴിക്കോട് കോര്‍പറേഷന്‍ കുറ്റിച്ചിറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന്റെ ഫര്‍സീന അറയ്ക്കല്‍ 436 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തില്‍ 18 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കുമാരി വിജയിച്ചു. ബിന്ദു കുമാരി 533 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് 515 വോട്ടും എന്‍ഡിഎക്ക് 21 വോട്ടും ലഭിച്ചു.

കോട്ടയം മീനടം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ചീരംകുളം യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി പ്രീത പ്രസാദ് 162 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പത്തനംതിട്ട അരുവാപുലം പഞ്ചായത്തിലെ കല്ലേലി ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനില സുരേഷ് 112 വോട്ടുകള്‍ക്ക് വിജയിച്ചു.

പാലക്കാട് ചിറ്റൂരില്‍ പരുത്തിക്കാവ് വാര്‍ഡില്‍ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് തുല്യവോട്ട് ലഭിച്ചു. 433 വോട്ട് വീതമാണ് ഇരു സ്ഥാനാര്‍ഥികളും നേടിയത്. എന്‍ഡിഎക്ക് 28 വോട്ടാണ് കിട്ടിയത്. ഇവിടെ ടോസിലൂടെ വിജയിയെ നിര്‍ണയിക്കും. കൊച്ചി കോര്‍പറേഷന്‍ അയ്യപ്പന്‍കാവ് ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി.

മലപ്പുറം മങ്കട ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് കടന്നമണ്ണ സിപിഐ നിലനിര്‍ത്തി. 48 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഐയിലെ പാത്തുട്ടി അബ്ദുറഹിമാനാണ് വിജയിച്ചത്. സിപിഐ അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. എറണാകുളം പൂതൃക്ക പഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് വാര്‍ഡ് ട്വന്റി20 നിലനിര്‍ത്തി. 339 വോട്ടിനാണ് വിജയിച്ചത്.

മലപ്പുറം താനാളൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മൂലയ്ക്കലില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി വി.പി.ഒ ബുഷറ 488 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 220 വോട്ട് നേടി ബിജെപി രണ്ടാം സ്ഥാനത്തും 181 വോട്ടുമായി സിപിഎമ്മിലെ വി.വി ഗോപിനാഥ് മൂന്നാം സ്ഥാനത്തുമായി. ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അഷ്‌കറിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മലപ്പുറം വേങ്ങര മൂന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഹസീന ഫസല്‍ 880 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണ ലീഡ് 720 ആയിരുന്നു. യുഡിഎഫ് അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് 13ാം വാര്‍ഡ് രാഗം കോര്‍ണര്‍ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി പി. ഗിരീശന്‍ 48 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എറണാകുളം പറവൂര്‍ വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് കിഴക്ക് വാര്‍ഡ് നിലനിര്‍ത്തി യുഡിഎഫ്. കോണ്‍ഗ്രസിലെ ജോസ് കുനിയന്തോടത്താണ് വിജയിച്ചത്.

തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 139 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി രമ്യ വി. തുളസി വിജയിച്ചു. എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലെ പുളിയനം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 207 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുഗന്ധി ജോഷി വിജയിച്ചത്.

കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എല്‍ഡിഎഫിന് ജയം. പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ കെ.വി രതീശന്‍  65 വോട്ടിനാണ് വിജയിച്ചത്. മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.കെ സുരേഷ് കുമാര്‍ 276 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തൃശൂര്‍ തളിക്കുളത്ത് സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫിന് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജി കൃഷ്ണഘോഷ് 28 വോട്ടിന് ജയിച്ചു. വാര്‍ഡ് മെമ്പര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പാലക്കാട് കരിമ്പ പഞ്ചായത്ത് വെട്ടം 13ാം വാര്‍ഡില്‍ യുഡിഫ് വിജയിച്ചു. എ.എ അബ്ദുല്‍ ജലീല്‍ 335 വോട്ടിനാണ് വിജയിച്ചത്. തിരുവനന്തപുരം തിരുപുറം പഞ്ചായത്തിലെ പഴയകട വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. സി.എസ് സുനില്‍കുമാറാണ് വിജയിച്ചത്. വര്‍ക്കല ഒറ്റൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ബീന വിജയിച്ചു. കാസര്‍കോട് പിലിക്കോട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ ടി. ഓമന 297 വോട്ടുകള്‍ക്ക് വിജയിച്ചു. പാലക്കാട് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹേമാംബിക നഗര്‍ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം തൗഷികയാണ് വിജയിച്ചത്.

സിപിഎം അംഗം സ്മിത സുന്ദരേശന്‍ രാജിവച്ച് ബിജെപിയിലേക്ക് പോയ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍ ചാലക്കുടി മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. വി.ഒ പൈലപ്പന്‍ 339 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

Content Highlights:
Counting of votes for 38 local body wards across 12 Kerala districts is underway. Early results show notable wins, including UDF claiming seats in Chelakkara and Sreekrishnapuram, LDF winning Pattanchery, and Twenty20 retaining Poothrikka. Paruthikkavu ward ended in a tie to be decided by toss.

 

---- facebook comment plugin here -----

Latest