UAE
ഇത്തിഹാദ് റെയിൽ ദുബൈ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു
അബൂദബിയിൽ നിന്ന് ട്രെയിനിൽ ചരിത്ര യാത്ര നടത്തി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്
ദുബൈ|യു എ ഇയുടെ ദേശീയ യാത്രാ റെയിൽ ശൃംഖലയുടെ ഔദ്യോഗിക തുടക്കം കുറിച്ച് ഇത്തിഹാദ് റെയിലിന്റെ ദുബൈ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് മുന്നോടിയായി യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് ഇത്തിഹാദ് റെയിൽ ട്രെയിനിൽ ചരിത്ര യാത്ര നടത്തി.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, ഇത്തിഹാദ് റെയിൽ ചെയർമാനും പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ എന്നിവർ ചേർന്നാണ് പുതിയ സ്റ്റേഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. സെപ്തംബർ 30 മുതൽ അബൂദബി, ദുബൈ, ഫുജൈറ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രാ ട്രെയിൻ സർവീസുകൾ പൂർണതോതിൽ പ്രവർത്തനക്ഷമമാകും.
യാത്രക്കിടയിൽ ട്രെയിനിലെ അത്യാധുനിക യാത്രാസൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും പ്രസിഡന്റ്ശൈഖ് മുഹമ്മദ് വിലയിരുത്തി. ദുബൈ സ്റ്റേഷനിലെത്തിയ അദ്ദേഹം പദ്ധതിയിൽ പങ്കാളികളായ സ്വദേശി എൻജിനീയർമാരുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുകയും ഓർമച്ചിത്രങ്ങൾ പകർത്തുകയും ചെയ്തു.
ദുബൈ നഗരത്തെ തലസ്ഥാനവുമായും മറ്റ് എമിറേറ്റുകളുമായും കൂടുതൽ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന സുപ്രധാന നാഴികക്കല്ലാണിതെന്ന് സ്റ്റേഷൻ സൗകര്യങ്ങൾ പരിശോധിച്ച ശേഷം ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് വ്യക്തമാക്കി. സാമ്പത്തിക, നഗര വികസനത്തിന് പദ്ധതി വലിയ വേഗത പകരുമെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപിച്ച് അഞ്ച് വർഷത്തിനകം തന്നെ പദ്ധതി യാഥാർഥ്യമാക്കാൻ കഴിഞ്ഞത് രാജ്യത്തിന്റെ വികസന മുന്നേറ്റത്തിന്റെ ഉദാഹരണമാണെന്ന് ശൈഖ് തിയാബ് ബിൻ മുഹമ്മദ് ചൂണ്ടിക്കാട്ടി.
സെപ്തംബർ 30 മുതൽ ആരംഭിക്കുന്ന സർവീസുകൾക്കായി ഇത്തിഹാദ് റെയിൽ ആപ്പ്, വെബ്സൈറ്റ്, സ്റ്റേഷനുകളിലെ വെൻഡിംഗ് മെഷീനുകൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കംഫർട്ട് ക്ലാസിന് 39 ദിർഹവും പ്രീമിയം ക്ലാസിന് 109 ദിർഹവുമാണ് പ്രാരംഭ നിരക്ക്. ദുബൈ സ്റ്റേഷനെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ് മെട്രോ സ്റ്റേഷനുമായി പ്രത്യേക കാൽനടപ്പാലം വഴി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ യാത്രക്കാർക്ക് മെട്രോയിലേക്ക് എളുപ്പത്തിൽ മാറിക്കയറാം. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർ ടി എ) നോൽ കാർഡ് സംവിധാനവുമായി ഏകോപിപ്പിച്ചതിനാൽ ഒരൊറ്റ ക്യു ആർ കോഡ് ഉപയോഗിച്ച് ട്രെയിൻ, മെട്രോ, ട്രാം, ബസ് സർവീസുകളിൽ യാത്ര ചെയ്യാൻ സാധിക്കും.
Content Highlights:
UAE President Sheikh Mohamed bin Zayed took a historic train trip from Abu Dhabi to mark the opening of the Etihad Rail Dubai station. Full passenger operations connecting Abu Dhabi, Dubai, and Fujairah begin September 30. Tickets start at 39 AED with seamless RTA Nol card integration.


