Connect with us

Kerala

രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം

സ്‌ട്രോക്ക് നിര്‍ണയിക്കുന്നതിലെ കാലതാമസം ഒഴിവാക്കിക്കൊണ്ട് ഒരു രോഗിയെ സമയം ഒട്ടും വൈകാതെ ചികിത്സയ്ക്ക് എത്തിക്കുന്നതിന് ആരോഗ്യ വകുപ്പിലെ എല്ലാ ജീവനക്കാരെയും പൊതുജനങ്ങളെയും സജ്ജമാക്കുക എന്ന ഉദ്ദേശ ലക്ഷ്യമാണ് മിഷന്‍ സ്‌ട്രോക്ക് മുന്നോട്ട് വയ്ക്കുന്നത്

Published

|

Last Updated

പത്തനംതിട്ട |  ഒരു പ്രദേശത്തെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്‌ട്രോക്കിനെപ്പറ്റിയുള്ള പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ അക്കാഡമി ഓഫ് ന്യൂറോളജിയും, കേരള അസോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റും, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ കോമ്പ്രിഹെന്‍സീവ് സ്‌ട്രോക്ക് കെയര്‍ യൂണിറ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്ന ഈ പദ്ധതി കേരളത്തില്‍ പത്തനംതിട്ട ജില്ലയിലാണ് തുടക്കം കുറിക്കുന്നത്. സ്‌ട്രോക്ക് നിര്‍ണയിക്കുന്നതിലെ കാലതാമസം ഒഴിവാക്കിക്കൊണ്ട് ഒരു രോഗിയെ സമയം ഒട്ടും വൈകാതെ ചികിത്സയ്ക്ക് എത്തിക്കുന്നതിന് ആരോഗ്യ വകുപ്പിലെ എല്ലാ ജീവനക്കാരെയും പൊതുജനങ്ങളെയും സജ്ജമാക്കുക എന്ന ഉദ്ദേശ ലക്ഷ്യമാണ് മിഷന്‍ സ്‌ട്രോക്ക് മുന്നോട്ട് വയ്ക്കുന്നത്. ഇതിനായി മെഡിക്കല്‍ ഓഫീസര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സ്ട്രോക്കിനെക്കുറിച്ചുള്ള ആരോഗ്യ ബോധവത്ക്കരണം നല്‍കുക എന്നതാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. ഇതിനായി ഇന്ത്യന്‍ അക്കാഡമി ഓഫ് ന്യൂറോളജിയുടേയും, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെയും സാങ്കേതിക സഹായം ഉറപ്പാക്കിയിട്ടുണ്ട്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന തുടര്‍ പരിശീലന പരിപാടികളാണ് മിഷന്‍ സ്ട്രോക്കിന്റെ ഭാഗമായി നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. കോഴിക്കോട് ജില്ലയാണ് അടുത്തതായി തെരഞ്ഞെടുത്തിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഇന്ന് മാത്രം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 350 ഓളം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. സമയബന്ധിതമായ ചികിത്സയിലൂടെ പക്ഷാഘാതം ബാധിച്ചവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ ശരീരം തളര്‍ന്നു പോകുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യും. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും അവബോധം വളരെ പ്രധാനമാണ്

 

Latest