editorial
സ്കൂള്‍ പഠനം പ്രയാസരഹിതമാകട്ടെ
മാര്‍ക്കിനും റാങ്കിനും പിറകെ ഓടുന്നതിനു പകരം അറിവിനെയും സര്‍ഗാത്മകതയെയും മാനുഷിക മൂല്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പഠനാന്തരീക്ഷം നിലവില്‍ വരണം. കുട്ടികളുടെ ചുമലില്‍ നിന്ന് പുസ്തകത്തിന്റെ ഭാരം കുറയ്ക്കുന്നതിനൊപ്പം അവരുടെ ബാല്യത്തില്‍ നിന്ന് സമ്മര്‍ദത്തിന്റെ ഭാരവും ഒഴിവാക്കേണ്ടതാണ്.
സ്കൂള്‍ കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം സ്വാഗതാര്‍ഹമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഈ വിഷയത്തില്‍ പ്രതീക്ഷ നല്കുന്നു.
വിദ്യാര്‍ഥിയുടെ ശരീര ഭാരത്തിന്റെ പത്തിലൊന്നില്‍ താഴെയായി സ്കൂള്‍ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തുക, കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളില്‍ തന്നെ ലഭ്യമാക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുക, ഒരു ദിവസം മൂന്നോ നാലോ വിഷയങ്ങളുടെ ക്ലാസ്സുകള്‍ മാത്രം വരുന്ന വിധം സിലബസ് ക്രമീകരിക്കുക, പാഠപുസ്തകങ്ങളുടെ രണ്ട് സെറ്റുകള്‍ ലഭ്യമാക്കി ഒന്ന് വീട്ടിലും മറ്റൊന്ന് സ്കൂളിലും സൂക്ഷിക്കുക തുടങ്ങിയവയാണ് യോഗം നിര്‍ദേശിച്ച മാര്‍ഗങ്ങള്‍. അടുത്ത അധ്യയന വര്‍ഷത്തില്‍ പരീക്ഷണാര്‍ഥം തിരഞ്ഞെടുത്ത സ്കൂളുകളില്‍ പദ്ധതി നടപ്പാക്കി നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ എല്‍ പി, യു പി സ്കൂളുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഗൗരവതരമായ വിഷയമാണ് അമിതഭാരമുള്ള സ്കൂള്‍ ബാഗുകള്‍. നട്ടെല്ലിനും പേശികള്‍ക്കും അവയുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ അധികഭാരം ഏല്‍ക്കേണ്ടി വരുന്നത് ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്ക്കിടവരുത്തും. ശരീരത്തിനു താങ്ങാവുന്നതിലധികം ഭാരം ചുമന്ന് ദിനേന സ്കൂളിലേക്ക് പോകുന്ന കുട്ടികളുടെ പ്രയാസം മുതിര്‍ന്നവര്‍ വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ല. വിവിധ പാഠ-നോട്ടു പുസ്തകങ്ങള്‍ക്കൊപ്പം വെള്ളക്കുപ്പി, ഭക്ഷണപ്പൊതി, മറ്റു പഠനോപകരണങ്ങള്‍ എന്നിവയും ചേരുമ്പോള്‍ ബാഗിന് അമിതഭാരം വരുന്നു. സ്കൂളിലേക്കുള്ള കുട്ടികളുടെ യാത്ര ഒരു ശാരീരികാധ്വാനമായി മാറുകയാണ്.
വിദ്യാഭ്യാസം കുട്ടികളുടെ സര്‍ഗാത്മകതയെയും ചിന്താശേഷിയെയും ഉണര്‍ത്തുന്ന പ്രക്രിയയാകണമെന്നും പഠനഭാരം ലഘൂകരിക്കണമെന്നും ദശാബ്ദങ്ങള്‍ക്കു മുമ്പേ പ്രൊഫസര്‍ യശ്പാല്‍ കമ്മിറ്റി (1993) “ഭാരമില്ലാത്ത പഠനം’ എന്ന റിപോര്‍ട്ടിലൂടെ ബന്ധപ്പെട്ടവരെ ഉണര്ത്തിയതാണ്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടുകളും 2020ലെ ദേശീയ സ്കൂള്‍ ബാഗ് നയവും ഈ ആശയം ആവര്‍ത്തിക്കുകയും ചെയ്തു. കുട്ടിയുടെ ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തില്‍ കൂടുതല്‍ സ്കൂള്‍ ബാഗിന് ഭാരം പാടില്ലെന്നാണ് ദേശീയ മാനദണ്ഡം. പ്രീപ്രൈമറി തലത്തില്‍ സ്കൂള്‍ബാഗ് പൂര്‍ണമായും ഒഴിവാക്കണമെന്നും ഒന്നും രണ്ടും ക്ലാസ്സുകളില്‍ ബാഗിന് 1.6 മുതല്‍ 2.2 കിലോ വരെയും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 3.5 മുതല്‍ അഞ്ച് കിലോ വരെയും മാത്രമേ ഭാരമുണ്ടാകാവൂ എന്നും നിര്‍ദേശമുണ്ട്. നിലവില്‍ ഇത് പാലിക്കപ്പെടുന്നില്ല.
ടൈംടേബിള്‍ പുനഃക്രമീകരണമാണ് വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്ന നിര്‍ദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധേയം. നിലവില്‍ എട്ട് പിരിയഡുകളിലായി ഏഴോ എട്ടോ വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. ഓരോ വിഷയത്തിനും വെവ്വേറെ പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും വര്‍ക്ക് ബുക്കുകളും കൊണ്ടുവരാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. പിരിയഡുകള്‍ കുറച്ച് ടൈംടേബിള്‍ മൂന്നോ നാലോ ആയി ക്രമീകരിക്കുകയാണെങ്കില്‍ കുട്ടികള്‍ കൊണ്ടുവരേണ്ട പുസ്തകങ്ങളുടെ എണ്ണം പകുതിയായി കുറയും. ഒരേ വിഷയത്തില്‍ കൂടുതല്‍ സമയം ലഭിക്കുന്നത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിഷയങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യാനും പ്രവര്‍ത്തനാധിഷ്ഠിത പഠനം കൂടുതല്‍ ഫലപ്രദമാക്കാനും സഹായകവുമാകും.
അതേസമയം, പാഠപുസ്തകങ്ങളുടെ എണ്ണം കുറയ്ക്കുന്നത് സ്കൂള്‍ ബാഗിന്റെ ഭാരം കുറയുമെങ്കിലും കുട്ടികളുടെ പഠനഭാരം കുറയുകയില്ല. പരീക്ഷകള്‍, ഹോംവര്‍ക്ക്, അസൈന്മെന്റുകള്, നിരന്തര മൂല്യനിര്‍ണയം, ട്യൂഷന്, വീടുകളില്‍ നിന്ന് പഠിക്കാനുള്ള സമ്മര്‍ദം എന്നിവയെല്ലാം വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. സ്കൂള്‍ സമയം കഴിഞ്ഞാലും പഠനത്തിന്റെ തിരക്കില്‍ നിന്ന് മോചനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ ഏറെയാണ്. കളിക്കാനും കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കാനും കുടുംബത്തോടൊപ്പം കഴിയാനും ലഭിക്കേണ്ട സമയം പഠനത്തിന്റെ അമിതഭാരം കവര്‍ന്നെടുക്കുന്നു.
ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്ന യന്ത്രങ്ങളെ സൃഷ്ടിക്കലല്ല, ചിന്തിക്കാനും സാമൂഹിക ബോധത്തോടെ ജീവിക്കാനും കഴിയുന്ന വ്യക്തികളെ വളര്ത്തിയെടുക്കലാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. കുട്ടികള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും കളിക്കാനും വിശ്രമത്തിനും സര്‍ഗാത്മക വളര്‍ച്ചക്കും ഇടവും സമയവും ലഭിച്ചാലേ ഇത് സാധ്യമാകൂ. പഠനത്തെ ഭയത്തോടെയും സമ്മര്‍ദത്തോടെയും സമീപിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന വിദ്യാഭ്യാസ രീതി മാറേണ്ടതുണ്ട്. മാര്‍ക്കിനും റാങ്കിനും പിറകെ ഓടുന്നതിനു പകരം അറിവിനെയും സര്‍ഗാത്മകതയെയും മാനുഷിക മൂല്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പഠനാന്തരീക്ഷം നിലവില്‍ വരണം. കുട്ടികളുടെ ചുമലില്‍ നിന്ന് പുസ്തകത്തിന്റെ ഭാരം കുറയ്ക്കുന്നതിനൊപ്പം അവരുടെ ബാല്യത്തില്‍ നിന്ന് സമ്മര്‍ദത്തിന്റെ ഭാരവും ഒഴിവാക്കേണ്ടതാണ്.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല അടിസ്ഥാന സൗകര്യവികസനത്തില്‍ രാജ്യത്തിനു മാതൃകയാണ്. പിന്‍ബഞ്ചുകള്‍ എന്ന സങ്കല്‍പ്പം ഇല്ലാതാക്കി ക്ലാസ്സ് മുറികളെ ജനാധിപത്യവത്കരിക്കാനുള്ള നീക്കങ്ങള്‍ക്കൊപ്പം സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നടപടി കൂടിയാകുമ്പോള്‍ ശിശുസൗഹൃദ വിദ്യാഭ്യാസത്തിന്റെ പുതിയൊരു അധ്യായമായി അത് മാറും. നിര്‍ദിഷ്ട പരിഷ്കാരങ്ങള്‍ സര്‍ക്കാര്‍- എയ്ഡഡ് സ്കൂളുകളില്‍ മാത്രം ഒതുങ്ങാതെ സ്വകാര്യ അണ് എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. സ്വകാര്യ പ്രസാധകരുടെ ഗൈഡുകളും അധികപുസ്തകങ്ങളും അടിച്ചേല്‍പ്പിച്ച് കുട്ടികളുടെ ബാഗിന്റെ ഭാരം വര്‍ധിപ്പിക്കുന്ന പ്രവണതക്കും കര്‍ശന നിയന്ത്രണം ആവശ്യമാണ്.
Content Highlights: Proposals by Kerala’s education department aim to keep school bag weights below ten percent of a student’s body weight and limit daily classes to three or four subjects. Rollout is planned as a pilot next academic year and across LP and UP schools over four years. The editorial stresses reducing academic pressure and enforcing rules across unaided schools as well.


