Kerala
വന്യജീവി ആക്രമണം: കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക വർധിപ്പിച്ച് സർക്കാർ
തേങ്ങ ഒന്നിന് 15 രൂപയും കൊക്കോയ്ക്ക് കിലോഗ്രാമിന് 30 രൂപയുമാണ് നഷ്ടപരിഹാരം അനുവദിക്കുക.
തിരുവനന്തപുരം| വന്യജീവി ആക്രമണത്തിൽ കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് ആശ്വാസമായി നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ പരിഷ്കരിക്കുന്നത്. കാർഷിക വിളകൾക്കും ഇനി നഷ്ടപരിഹാരം അനുവദിക്കും. തേങ്ങ ഒന്നിന് 15 രൂപയും കൊക്കോയ്ക്ക് കിലോഗ്രാമിന് 30 രൂപയുമാണ് നഷ്ടപരിഹാരം അനുവദിക്കുക.
വന്യജീവി ആക്രമണത്തിൽ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുകയിൽ വർധന വരുത്താൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി ഷിബു ബേബി ജോൺ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി, കൃഷിമന്ത്രി, ധനകാര്യമന്ത്രി എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക ഇരട്ടിയാക്കാൻ തീരുമാനിച്ചത്.
കുരങ്ങുകൾ ഉൾപ്പെടെയുള്ള വന്യജീവികൾ തേങ്ങ കൊണ്ടുപോയാലും ഇനി നഷ്ടപരിഹാരം ലഭിക്കും. നിലവിൽ തെങ്ങ് നശിപ്പിക്കപ്പെട്ടാൽ നഷ്ടപരിഹാരം നൽകിയിരുന്നെങ്കിലും തേങ്ങ നഷ്ടപ്പെടുന്നതിന് ആനുകൂല്യം ലഭിച്ചിരുന്നില്ല. കൊക്കോ കൃഷിനാശത്തിനും ഇതുവരെ നഷ്ടപരിഹാരം നൽകിയിരുന്നില്ല. പുതിയ ഉത്തരവോടെ ഈ വിളകൾക്കും നഷ്ടപരിഹാരം ലഭിക്കും.
നിലവിൽ കൃഷിനാശത്തിനുള്ള ചെറിയ തുക നഷ്ടപരിഹാരമായി ലഭിക്കാൻ പോലും കർഷകർ വർഷങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. കാത്തിരിപ്പ് നീളുന്നതിനാൽ പലരും നഷ്ടപരിഹാരം വേണ്ടെന്നുവയ്ക്കുന്ന അവസ്ഥയുമുണ്ടായിരുന്നു. ഈ സാഹചര്യം പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
2012-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക നിശ്ചയിച്ച് പട്ടിക തയ്യാറാക്കിയത്. 2015-ൽ ഇതിൽ പത്ത് ശതമാനം വർധന വരുത്തിയിരുന്നു. പിന്നീട് ഇത്രയും വർഷം നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. പത്ത് വർഷത്തിന് ശേഷമുള്ള പരിഷ്കരണം വനാതിർത്തികളിലെ കർഷകർക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
Content Highlights: The Kerala government has issued an order doubling the compensation for farmers facing crop destruction due to wildlife attacks. Revision comes after ten years and now covers individual items like coconuts and cocoa. Decision was finalized after talks involving Minister Shibu Baby John.



