Connect with us

Ongoing News

അരിയിൽ ഷുക്കൂർ വധക്കേസ്: വിധി പറയാനുള്ള തീയതി നിശ്ചയിക്കാനുള്ള കോടതി നടപടി മാറ്റിവച്ചു

കേസിൽ ആകെ 33 പ്രതികളും 82 സാക്ഷികളുമാണുള്ളത്.

Published

|

Last Updated

കൊച്ചി| അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി പറയാനുള്ള തീയതി നിശ്ചയിക്കുന്നതിനുള്ള കോടതി നടപടി മാറ്റിവച്ചു. ഈ മാസം 28ന് കൊച്ചി സി ബി ഐ കോടതിയിൽ കേസ് വീണ്ടും പരിഗണിക്കും. കേസിൽ പി ജയരാജനും ടി വി രാജേഷും ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് വിധി പ്രഖ്യാപന തീയതി നിശ്ചയിക്കുന്നത്.

പി ജയരാജന്റെ വാഹനവ്യൂഹത്തിന് കല്ലെറിഞ്ഞെന്നാരോപിച്ച് 2012 ഫെബ്രുവരി 20ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽവെച്ച് വിചാരണ ചെയ്തശേഷം എംഎസ്എഫ് പ്രവർത്തകനായ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസിൽ ആകെ 33 പ്രതികളും 82 സാക്ഷികളുമാണുള്ളത്. ഇതിൽ രണ്ട് പ്രതികൾ ഇതിനകം മരിച്ചു. പി ജയരാജൻ 32-ാം പ്രതിയും ടി വി രാജേഷ് 33-ാം പ്രതികളാണ്. ഇരുവർക്കുമെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽവെച്ച് കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ. ഫോൺ വിളികളും ടവർ ലൊക്കേഷൻ വിവരങ്ങളും കേസിൽ തെളിവായി അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നു. പി ജയരാജന്റെയും ടി വി രാജേഷിന്റെയും വിടുതൽ ഹർജികൾ കോടതി തള്ളിയിരുന്നു.

ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നൽകിയ ഹർജിയിലാണ് കേസിൽ സിബിഐ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. കേസ് വീണ്ടും പരിഗണിക്കുന്ന 28ന് വിധി പ്രഖ്യാപന തീയതി സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: The Kochi CBI court postponed fixing the verdict date in the Ariyil Shukkoor murder case to October 28. Trial against 33 accused, including CPM leaders P Jayarajan and TV Rajesh, has been completed. The case involves the 2012 murder of MSF activist Shukkoor following an alleged political assault.

Latest