First Gear
കാവസാക്കി നിഞ്ച ഇസഡ് എക്സ് 10 ആർ ഇന്ത്യയിൽ അവതരിപ്പിച്ചു
ജാപ്പനീസ് കമ്പനിയുടെ പുതിയ ബൈക്കിന് 15.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില

മുംബൈ | കാവസാക്കി നിഞ്ച ഇസഡ് എക്സ് 10 ആർ 2023 മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ജാപ്പനീസ് കമ്പനിയുടെ പുതിയ ബൈക്കിന് 15.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പുതിയ പതിപ്പിൽ കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ മാത്രമാണ് നൽകിയിരിക്കുന്നത്. ഇതുകൂടാതെ ലൈം ഗ്രീൻ, പേൾ റോബോട്ടിക് വൈറ്റ് എന്നീ രണ്ട് പെയിന്റ് സ്കീമുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനു മുൻപും ലൈം ഗ്രീൻ പെയിന്റ് സ്‌കീം നൽകിയിരുന്ന ബൈക്കിൽ ഇത്തവണ ഗ്രാഫിക്‌സിൽ മാറ്റം വരുത്തിയിട്ടുണ്ട്. മുൻ വേരിയന്റിനേക്കാൾ 85,000 രൂപ കൂടുതലാണ് പുതിയ മോഡലിന്. ഇസഡ് എക്സ് 10 ആറിന്റെ എൻജിനിലോ ഗിയർബോക്സിലോ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
നിഞ്ച ഇസഡ് എക്സ് 10 ആറിൽ പഴയതുപോലെ 998 സിസി ഇൻ-ലൈൻ ഫോർ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ആർ ഡബ്ല്യൂ ഡിയോട് കൂടിയ 6 സ്പീഡ് ഗിയർബോക്‌സ് ആണ് ബൈക്കിന് നൽകിയിരിക്കുന്നത്. സ്‌പോർട്ട്, റെയിൻ, റോഡ്, റൈഡർ മോഡ് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളിൽ ബൈക്ക് ഓടിക്കാം. ഹൈവേയിലെ യാത്രയിൽ സഹായിക്കുന്ന ക്രൂയിസ് കൺട്രോൾ ഫീച്ചറും ഇതിലുണ്ട്.
ഇസഡ് എക്സ് 10 ആർ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ബൈക്കിന്റെ അവശ്യ വിശദാംശങ്ങൾ കാണിക്കുന്നു. അധിക ഫീച്ചറായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും പുതിയ ബൈക്കിൽ ലഭ്യമാണ്. ഇസഡ് എക്സ് 10 ആറിന്റെ ഡിസൈനിലും ഗ്രാഫിക്സിലും കാവസാക്കി ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ബൈക്ക് നിരത്തിലെ ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ അനുഭവം നൽകും.
കവാസാക്കി നിഞ്ച ഇസഡ് എക്സ് 10 ആറിന് 43 mm ഷോവ ബി എഫ് എഫ് ഫോർക്കുകൾ സസ്‌പെൻഷനായി മുന്നിൽ നൽകിയിരിക്കുന്നു. പിൻഭാഗത്ത് ഷോവയുടെ ബി എഫ് ആർ സി ലൈറ്റ് ഷോക്ക് അബ്സോർബറുകൾ ലഭിക്കും. രണ്ട് യൂണിറ്റുകളും ക്രമീകരിക്കാവുന്നവയാണ്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ക്രൂയിസ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) തുടങ്ങിയ ഫീച്ചറുകളാണ് ഏറ്റവും പുതിയ ബൈക്കിന് ലഭിക്കുന്നത്.
ഇന്ത്യയിൽ, ഹോണ്ട സിബിആർ 1000 ആർ ആർ – ആർ പോലുള്ള ബൈക്കുകളോടാണ് ഇത് മത്സരിക്കുന്നത്.