local body election 2025
കാസര്‍കോട് ജില്ലാ പഞ്ചായത്ത്; എങ്ങോട്ട് ചായും? മുന്നണികള്‍ മുൾമുനയിൽ
2015ല്‍ എട്ട് സീറ്റില്‍ യു ഡി എഫും ഏഴ് സീറ്റില്‍ എല്‍ ഡി എഫും രണ്ട് സീറ്റില്‍ ബി ജെ പിയുമായിരുന്നു വിജയിച്ചത്. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ എല്‍ ഡി എഫ് പിടിച്ചെടുത്തു. യു ഡി എഫ് ഏഴ് സീറ്റിലേക്ക് ചുരുങ്ങുകയും ബി ജെ പി രണ്ട് സീറ്റ് നിലനിര്‍ത്തുകയും ചെയ്തു.
കാസര്‍കോട് | പിടിച്ചെടുത്ത ജില്ലാ പഞ്ചായത്ത് നിലനിര്‍ത്താന്‍ ഇടതുമുന്നണി തന്ത്രങ്ങള്‍ മെനയുമ്പോള്‍ പത്ത് സീറ്റുകളിലെങ്കിലും ജയിച്ചുകയറി ഭരണം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് യു ഡി എഫ്. 2015ല്‍ എട്ട് സീറ്റില്‍ യു ഡി എഫും ഏഴ് സീറ്റില്‍ എല്‍ ഡി എഫും രണ്ട് സീറ്റില്‍ ബി ജെ പിയുമായിരുന്നു വിജയിച്ചത്. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ എല്‍ ഡി എഫ് പിടിച്ചെടുത്തു. യു ഡി എഫ് ഏഴ് സീറ്റിലേക്ക് ചുരുങ്ങുകയും ബി ജെ പി രണ്ട് സീറ്റ് നിലനിര്‍ത്തുകയും ചെയ്തു. ചെങ്കള ഡിവിഷനില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ അട്ടിമറി വിജയത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഇടത്തോട്ട് ചാഞ്ഞത്.
പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗവും സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാബു എബ്രഹാം ഉള്‍പ്പെടെയുള്ള പുതുമുഖങ്ങളെ അണിനിരത്തിയാണ് രണ്ടാമൂഴം ലക്ഷ്യമിട്ടുള്ള സി പി എമ്മിന്റെ പോരാട്ടം. സര്‍വ സ്വീകാര്യനായ സാബു എബ്രഹാമിനെ കളത്തിലിറക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.
ഇത്തവണ സി പി എം പത്ത് സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതില്‍ ചിറ്റാരിക്കല്‍ ഒഴികെയുള്ള ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് പുറത്തിറക്കി. ചെറുവത്തൂര്‍, കയ്യൂര്‍, മടിക്കൈ, കുറ്റിക്കോല്‍, ബേക്കല്‍, ചിറ്റാരിക്കല്‍, പുത്തിഗെ, കുമ്പള, ചെങ്കള, ദേലമ്പാടി എന്നീ ഡിവിഷനുകളിലാണ് സി പി എം മത്സരിക്കുന്നത്. സി പി ഐ രണ്ട്, കേരള കോണ്‍ഗ്രസ്സ് ഒന്ന്, ആര്‍ ജെ ഡി ഒന്ന്, എന്‍ സി പി ഒന്ന്, ഐ എന്‍ എല്‍ രണ്ട് ഡിവിഷനുകളില്‍ മത്സരിക്കും.
ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം സംബന്ധിച്ച് ഘടകകക്ഷികളുമായി നിലനിന്നിരുന്ന തര്‍ക്കം പരിഹരിച്ച ശേഷമായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. ഏറ്റവുമൊടുവില്‍ ഇടതുമുന്നണിയിലെത്തിയ ഐ എന്‍ എല്ലിന് നല്‍കേണ്ട സീറ്റിലാണ് തര്‍ക്കം രൂക്ഷമായത്. ബേക്കല്‍ ഡിവിഷന്‍ വേണമെന്ന ആവശ്യമാണ് അവര്‍ മുന്നോട്ടുവെച്ചത്. സി പി ഐ നേരത്തേ വിജയിച്ച ബേഡകത്തിന് പകരമായി സി പി എമ്മിന്റെ കൈയിലുള്ള പെരിയ വെച്ചുമാറി. സ്വതന്ത്രനായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ഷാനവാസ് പാദൂരിന്റെ പിന്തുണയിലാണ് നിലവില്‍ എല്‍ ഡി എഫ് ജില്ലാ പഞ്ചായത്ത് ഭരണം നടത്തുന്നത്. ഇത്തവണ ഒരെണ്ണം വര്‍ധിച്ച് സീറ്റുകളുടെ എണ്ണം 18 ആയി. ഇക്കുറിയും സ്വതന്ത്രരുടെ പിന്തുണ തേടാനാണ് എല്‍ ഡി എഫ് തീരുമാനം. കൂടുതല്‍ സീറ്റുകളില്‍ ജയിച്ചുകയറി ഭരണം നിലനിര്‍ത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി.
എന്നാല്‍, ഇത്തവണ ഭരണം പിടിക്കാന്‍ അത്ര എളുപ്പമല്ലെന്ന് കരുതുന്നവരുമുണ്ട്. ലീഗിന്റെ സ്വാധീന മേഖലകളായ മഞ്ചേശ്വരം മുതല്‍ കാസര്‍കോട് വരെയുള്ള പകുതിയിലധികം സീറ്റുകളില്‍ ജയിക്കാന്‍ ഇടതുമുന്നണിക്ക് വിയര്‍പ്പൊഴുക്കേണ്ടി വരും. കുറ്റിേക്കാല്‍, മടിക്കൈ, കയ്യൂര്‍, പിലിക്കോട്, ചെറുവത്തൂര്‍ ഡിവിഷനുകളാണ് ഇടതുമുന്നണി വിജയം ഉറപ്പാക്കുന്ന സീറ്റുകള്‍. വികസന കാര്‍ഡിറക്കി തിരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കം. ജില്ലയുടെ ചരിത്രത്തില്‍ ഇത്രയേറെ വികസനം നടന്ന കാലഘട്ടം മുമ്പുണ്ടായിട്ടില്ലെന്ന് എല്‍ ഡി എഫ് പറയുന്നു. സര്‍ക്കാര്‍ നടപ്പാക്കിയ വികസന -ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതിനാണ് ഇടതുമുന്നണി മുന്‍തൂക്കം നല്‍കുന്നത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ കിഫ്ബി വഴി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും അത് വോട്ടായി മാറുമെന്നും നേതാക്കള്‍ പ്രതീക്ഷിക്കുന്നു. 20 മുതല്‍ 30 വരെ നടക്കുന്ന കുടുംബയോഗങ്ങള്‍ക്ക് ശേഷം പൊതുപ്രചാരണം ആരംഭിക്കും. പുതിയ തലമുറയിലെ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിന് വ്യത്യസ്തമായ പ്രചാരണവും നടത്തും.
അതേസമയം, ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാന്‍ കീഴ്ഘടകങ്ങള്‍ കൂടുതല്‍ സക്രിയമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് യു ഡി എഫ് നടത്തുന്നത്. സ്ഥാനാര്‍ഥികളെ 15ന് പ്രഖ്യാപിക്കുമെന്നും സീറ്റുകളുടെ കാര്യത്തില്‍ ധാരണയായെന്നും നേതൃത്വം അറിയിച്ചു. എട്ട് ഡിവിഷനുകളില്‍ കോണ്‍ഗ്രസ്സും ഒമ്പത് ഡിവിഷനുകളില്‍ മുസ്‌ലിം ലീഗും ഒരിടത്ത് സി എം പിയും മത്സരിക്കുമെന്നാണ് വിവരം.
പെരിയ ഡിവിഷനായിരിക്കും സി എം പിക്ക്. മഞ്ചേശ്വരം, കുമ്പള, സിവില്‍ സ്റ്റേഷന്‍, ചെങ്കള, ദേലമ്പാടി, പെരിയ, ചെറുവത്തൂര്‍, ബദിയഡുക്ക, ബേക്കല്‍ ഡിവിഷനുകളില്‍ ലീഗും മറ്റിടങ്ങളില്‍ കോണ്‍ഗ്രസ്സുമായിരിക്കും മത്സരിക്കുക. എടുത്തുപറയത്തക്ക വികസനമൊന്നും ജില്ലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഉണ്ടായിട്ടില്ലെന്ന് യു ഡി എഫ് കുറ്റപ്പെടുത്തുന്നു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ഫണ്ട് വഴി നടത്തുന്ന സാധാരണ വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടന്നത്. എന്‍ ഡി എയും ഇന്നലെ ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 17 ഇടത്ത് ബി ജെ പിയും ഒരിടത്ത് ബി ഡി ജെ എസും മത്സരിക്കും. നിലവില്‍ ഇവിടെ രണ്ടംഗങ്ങളാണ് ബി ജെ പിക്കുള്ളത്. ജില്ലാ ഭാരവാഹികളും സംസ്ഥാന സമിതി അംഗങ്ങളും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.




