Kerala
ആന്റണി രാജു ചെയ്തതിന് തെളിവെന്ത്?; തൊണ്ടിമുതല്‍ കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി
മറുപടി പറയാന്‍ പ്രോസിക്യൂഷന്‍ സാവകാശം തേടിയതോടെ ആന്റണി രാജുവിന്റെ അപ്പീലില്‍ ഉത്തരവ് പറയുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി.
കൊച്ചി | തൊണ്ടിമുതല്‍ തിരിമറി കേസില്‍ പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ആരാണ് തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയതെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ആന്റണി രാജുവാണ് അത് ചെയ്തുവെന്നതിന് എന്താണ് തെളിവ് എന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.മറുപടി പറയാന്‍ പ്രോസിക്യൂഷന്‍ സാവകാശം തേടിയതോടെ ആന്റണി രാജുവിന്റെ അപ്പീലില്‍ ഉത്തരവ് പറയുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി.
ലഹരിമരുന്ന് ഒളിപ്പിച്ച അടിവസ്ത്രം തിരിച്ചു നല്‍കാന്‍ മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കിയോ എന്നും കോടതി ചോദിച്ചു. ജൂനിയര്‍ അഭിഭഷകന്‍ ആയിരുന്ന ആന്റണി രാജു തൊണ്ടിമുതല്‍ വാങ്ങിയത് കക്ഷിക്ക് വേണ്ടിയല്ലേയെന്നും അതില്‍ എന്താണ് കുറ്റകൃത്യമെന്നും ഹൈക്കോടതി ചോദിച്ചു.
കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.
ജൂനിയര്‍ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസില്‍ വിദേശ പൗരനെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയ കേസില്‍ മൂന്നു വര്‍ഷം തടവിനാണ് ആന്റണി രാജുവിനെ ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം സെക്ഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെയാണ് ആന്റണി രാജു അപ്പീല്‍ നല്‍കിയത്






