Connect with us

Kerala

കരമന കൂടത്തില്‍ കേസ്; ജയമാധവന്‍ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാന്‍; റിമാന്‍ഡ് റിപ്പോര്‍ട്ട്

റിമാന്‍ഡില്‍ കഴിയുന്ന രവീന്ദ്രന്‍ നായരെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യാനാണ് തീരുമാനം

Published

|

Last Updated

തിരുവനന്തപുരം| കരമന കൂടത്തില്‍ കുടുംബത്തിലെ ജയമാധവന്‍ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാനെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ജയമാധവന്‍ നായര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രതി രവീന്ദ്രന്‍ നായര്‍ ഗൂഢാലോചന ആരംഭിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രവീന്ദ്രന്‍ നായരെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈം ബ്രാഞ്ച് ഉടന്‍ അപേക്ഷ നല്‍കും. വിദേശത്തുള്ള മൂന്നാം പ്രതി സജിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.

കൃത്യമായ ഗൂഢാലോചന രവീന്ദ്രന്‍ നായര്‍ നടത്തിയെന്നും തെളിവുകള്‍ നശിപ്പിച്ചുവെന്നും കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രവീന്ദ്രന്‍ നായര്‍ക്ക് മുമ്പുണ്ടായിരുന്ന കാര്യസ്ഥന്‍, അയാളുടെ ബന്ധു എന്നിവരും ഗൂഢാലോചനയില്‍ പങ്കാളികളായെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതോടെ കൂടുതല്‍ അറസ്റ്റ് നടക്കും.

കൊലപാതകം നടത്തിയ ശേഷം ജയമാധവന്‍ നായരെ ആശുപത്രിയിലെത്തിച്ചത് സജുവിന്റെ കാറിലായിരുന്നു. ഈ തെളിവ് നശിപ്പിക്കാന്‍ രവീന്ദ്രന്‍ നായരുടെ സഹായി ലീല കൂട്ടുനിന്നുവെന്നും വ്യക്തമായിട്ടുണ്ട്. ലീലയ്ക്ക് സാമ്പത്തികസഹായം രവീന്ദ്രന്‍ നായര്‍ നല്‍കിയിരുന്നു. ഇതുപയോഗിച്ച് ലീല വീടും വസ്തുവും വാങ്ങിയിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന രവീന്ദ്രന്‍ നായരെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പും വരും ദിവസങ്ങളില്‍ നടക്കും.

Content Highlights:
The remand report reveals that Jayamadhavan Nair of the Karamana Koottathil family was murdered by Raveendran Nair to usurp his property after Nair decided to marry. The Crime Branch is preparing to file an application for Raveendran Nair’s custody and bring the third accused, Saju, back from abroad. Investigators also found that accomplices aided in destroying evidence following the crime.

Latest