Connect with us

prathivaram health

ജങ്ക് ഫുഡും മലബന്ധവും

കുട്ടികളുടെ ദഹനാരോഗ്യത്തിൽ നാം ശ്രദ്ധപുലർത്തിയേ മതിയാവൂ. മലബന്ധത്തിന് കാരണമായി തീരുന്ന ജങ്ക് ഫുഡുകളുടെ ഉപയോഗം കുറച്ച് സമീകൃതവും പോഷകസമൃദ്ധവുമായ ആഹാരക്രമം പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സമ്പൂർണ ആഹാരം, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയുടെ ഉപയോഗ തോത് കൂട്ടിയെടുത്താൽ ഭക്ഷണത്തിലെ നാരുകളുടെ അപര്യാപ്തത കുറയുകയും കൃത്യമായ മലവിസർജനം സാധ്യമാകുകയും ചെയ്യും. പ്രാഥമിക പാനീയം എന്ന നിലയിൽ വെള്ളം കുടിക്കലിന് ഊന്നൽ നൽകുകയും വേണം.

Published

|

Last Updated

ർധിച്ച സൗകര്യങ്ങളും വേഗതയാർന്ന ജീവിതശൈലിയും ആധിപത്യം പുലർത്തുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന ജങ്ക് ഫുഡ് ഉപയോഗം സമൂഹത്തിൽ വലിയ ആശങ്ക പടർത്തുകയാണ്. ഇത്തരം ഭക്ഷണങ്ങൾ ശാരീരിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവയാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പലപ്പോഴും ആ മുന്നറിയിപ്പുകൾ നാം അവഗണിക്കുകയാണ്. പക്ഷേ, ഇവ മൂലം ഉണ്ടാകുന്ന മലബന്ധം കുട്ടികളുടെ ആരോഗ്യത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത് എന്ന സങ്കീർണ പ്രശ്‌നത്തെക്കുറിച്ചും അത് നേരിടാനുള്ള മാർഗത്തെക്കുറിച്ചും വെളിച്ചം വീശുകയാണ് ഈ ലേഖനത്തിൽ. ജങ്ക് ഫുഡുകളുടെ ഉപയോഗം ഭാവിതലമുറയുടെ ക്ഷേമജീവിതത്തെ നശിപ്പിക്കുന്ന മലബന്ധത്തിന് കാരണമായി തീരുന്നത് എങ്ങനെ എന്നും ഇവിടെ പ്രതിപാദിക്കുന്നതിലേക്ക് ഒന്ന് മനസ്സിരുത്താം.

ഉയർന്ന അളവിലുള്ള ശുദ്ധീകരിച്ച പഞ്ചസാര, പൂരിത കൊഴുപ്പ്, കുറഞ്ഞ പോഷകമൂല്യം എന്നിവയാൽ സവിശേഷമായ ജങ്ക് ഫുഡാണ് മിക്ക കുട്ടികളുടെയും ഭക്ഷണക്രമത്തിൽ പ്രധാനം. ആരോഗ്യത്തിന് ഹാനി വരുത്തുന്ന പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, സംസ്‌കരിച്ച ലഘു ഭക്ഷണങ്ങൾ എന്നിവ അനാരോഗ്യദായകമാണ്. ഇവ കുട്ടികളുടെ രുചിമുകുളങ്ങളെ ആകർഷിക്കുന്നവയാണെങ്കിലും ശരിയായ ദഹനത്തിന് സഹായകമായ ജലാംശമോ പോഷകഘടകങ്ങളോ നാരുകളോ നന്നേ കുറഞ്ഞവയാണ്. ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നതിൽ നാരുകൾ നിർണായക പങ്ക് വഹിക്കുന്നു. ഉത്പാദിപ്പിക്കപ്പെടുന്ന മലത്തിൽ ഇല വലിയ അളവിൽ ചേർന്ന് വന്നാൽ മലം മൃദുവാകുകയും കുടലിലൂടെയുള്ള ചലനവേഗം സുഗമമായി തീരുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ ജങ്ക് ഫുഡുകളിലെ നാരുകളുടെ (ഫൈബർ) അഭാവം മലവിസർജനത്തെ തടസ്സപ്പെടുത്തുകയും സ്ഥിരമായി മലബന്ധത്തിന് ഇടയാക്കുകയും ചെയ്യുന്നു. മലം പുറത്ത് പോവാതിരിക്കുന്ന അവസ്ഥ ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമായി തീരുന്നു.

പല ജങ്ക് ഫുഡുകളിലും അടങ്ങിയിരിക്കുന്ന ഉപ്പും പഞ്ചസാരയും നിർജലീകരണത്തിന് കാരണമാകും. ഇത് മലബന്ധത്തിനുള്ള മറ്റൊരു കാരണമാണ്. നിർജലീകരണം സംഭവിച്ച ശരീരഭാഗങ്ങൾ വൻകുടലിൽനിന്ന് കൂടുതൽ വെള്ളം ആഗിരണം ചെയ്യുന്നത് മൂലം അവിടെ ശേഷിപ്പുള്ള മലം കഠിനവും വരണ്ടതുമായി തീരുന്നു. ശരീരത്തിൽ ജലാംശം ആവശ്യത്തിന് ഉണ്ടായിരിക്കണമെന്ന വസ്തുതയെ പറ്റി ഒട്ടും ബോധവാന്മാരല്ലാത്ത കുട്ടികളിലെ അമിത ജങ്ക് ഫുഡ് ഉപയോഗം ശാരീരിക അസ്വസ്ഥതകൾക്ക് കാരണമാകുകയും വലിയ രോഗങ്ങളിലേക്ക് വഴി തുറക്കുകയും എന്നന്നേക്കുമുള്ള ദഹനനാള പ്രശ്‌നങ്ങൾക്ക് തുടക്കമിടുകയും ചെയ്യുന്നു.
കുട്ടിക്കാലത്തെ വിട്ടുമാറാത്ത മലബന്ധം ശാരീരികവും മാനസികവുമായ വൈകല്യങ്ങൾക്ക് ഇടവരുത്തുന്നു. തുടർച്ചയായുള്ള വേദനക്കും ഉത്കണ്ഠക്കും അസ്വസ്ഥതക്കും വിധേയമാകുന്ന കുട്ടികളിൽ ഭക്ഷണത്തോടും ഭക്ഷണശീലങ്ങളോടും നിഷേധാത്മക മനോഭാവത്തിന് കാരണമായേക്കാം. മാത്രമല്ല പരിഹാരം കാണാനാകാതെ മലബന്ധം, മലാഘാതം പോലുള്ള ഗുരുതര സ്ഥിതിവിശേഷത്തിലേക്കും കടന്നേക്കാം.

കുട്ടികളുടെ ദഹനാരോഗ്യത്തിൽ നാം ശ്രദ്ധപുലർത്തിയേ മതിയാകൂ. മലബന്ധത്തിന് കാരണമായി തീരുന്ന ജങ്ക് ഫുഡുകളുടെ ഉപയോഗം കുറച്ച് സമീകൃതവും പോഷകസമൃദ്ധവുമായ ആഹാരക്രമം പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സമ്പൂർണ ആഹാരം, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയുടെ ഉപയോഗ തോത് കൂട്ടിയെടുത്താൽ ഭക്ഷണത്തിലെ നാരുകളുടെ അപര്യാപ്തത കുറയുകയും കൃത്യമായ മലവിസർജനം സാധ്യമാകുകയും ചെയ്യും. പ്രാഥമിക പാനീയം എന്ന നിലയിൽ വെള്ളം കുടിക്ക് ഊന്നൽ നൽകുകയും വേണം.

കുട്ടികളിലെ “ജങ്ക് ഫുഡ് ഉപയോഗവും വർധിച്ചുവരുന്ന മലബന്ധവും’ എന്ന വിഷയത്തെക്കുറിച്ച് ബോധ്യം വരുത്തിയാൽ ഭക്ഷണക്രമം, പോഷകാഹാര ഉള്ളടക്കം, ദഹന ആരോഗ്യം, അനന്തരഫലങ്ങൾ എന്നിവയിൽ നാം അവബോധിതരാവുകയും കുടുംബത്തെ മുഴുവൻ ഗ്രസിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ നിന്ന് മോചിതരാവുകയും ചെയ്യാം. ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നത് ദീർഘമായ പ്രത്യാഘാതങ്ങൾ തടയുന്നതിന് നിർണായകമാണ്. മലബന്ധത്തിൽ ജങ്ക് ഫുഡുകളുടെ സ്വാധീനത്തെ അഭിസംബോധന ചെയ്യുന്നതിലൂടെ യുവതലമുറയുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് സംഭാവന നൽകാനും നവസമൂഹത്തിന്റെ ശോഭനഭാവിക്ക് കളമൊരുക്കാനും നമുക്ക് കഴിയും.