Connect with us

National

പിടിച്ചെടുത്ത ഇസ്‌റാഈല്‍ ബന്ധമുള്ള ചരക്ക് കപ്പല്‍ വിട്ടയക്കുമെന്ന് ഇറാന്‍; കപ്പലില്‍ 17 ഇന്ത്യക്കാര്‍

സംഘത്തിലെ ഏക വനിതയായിരുന്ന ഡെക് കേഡറ്റായ തൃശ്ശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫിനെ നേരത്തെ വിട്ടയച്ചിരുന്നു

Published

|

Last Updated

ടെഹ്റാന്‍ |  ഇറാന്‍ തട്ടിക്കൊണ്ടുപോയ ഇസ്‌റാഈല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ വിട്ടയക്കും. ഔദ്യോഗിക ഇറാന്‍ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 17 ഇന്ത്യക്കാരാടക്കം 25 ജീവനക്കാരാണ് കപ്പലിലുള്ളത്. തടവിലുള്ളവര്‍ക്ക് കോണ്‍സുലര്‍ ആക്സസ് നല്‍കുമെന്നും എല്ലാവരേയും വൈകാതെ വിട്ടയയ്ക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചതായി ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം 13 നാണ് ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. മലയാളികളടക്കം 17 ഇന്ത്യക്കാരും, റഷ്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, എസ്‌തോണിയ എന്നീ രാജ്യങ്ങളിലെ ജീവനക്കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. സംഘത്തിലെ ഏക വനിതയായിരുന്ന ഡെക് കേഡറ്റായ തൃശ്ശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫിനെ നേരത്തെ വിട്ടയച്ചിരുന്നു. മനുഷ്യത്വപരമായ നടപടി എന്ന നിലയ്ക്കാണ് കപ്പല്‍ വിട്ടയയ്ക്കുന്നതെന്ന് ഇറാന്‍ വിദേശമന്ത്രി അമീര്‍ അബ്ദുള്‍ അയാന്‍ പറഞ്ഞു.

ദുബൈയില്‍ നിന്നും മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ഇറാന്റെ ഔദ്യോഗിക സേനാവിഭാഗമായ റെവല്യൂഷനറി ഗാര്‍ഡ് കോര്‍ പിടിച്ചെടുത്തത്.സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന് കാണിച്ചായിരുന്നു നടപടി. ഇസ്‌റാഈലി ശതകോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സോഡിയാക് ഗ്രൂപ്പിന് കീഴിലുള്ളതാണ് ഈ കപ്പല്‍.

Latest