Connect with us

Kerala

കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടം; പരുക്കേറ്റ തിരുവല്ല സ്വദേശികള്‍ മരിച്ചു

സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പെരിങ്ങര കാരയ്ക്കല്‍ കരുമാലില്‍ വീട്ടില്‍ കെ വി മുരളീധരന്‍ (സോമന്‍-65), നെടുമ്പ്രം പൊടിയാടി രമ്യ ഭവനില്‍ ജെ മോഹനന്‍ (65) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

തിരുവല്ല | തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയിലെ എടത്വ കേളമംഗലത്ത് നിയന്ത്രണം വിട്ടെത്തിയ കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് തിരുവല്ല സ്വദേശികള്‍ മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പെരിങ്ങര കാരയ്ക്കല്‍ കരുമാലില്‍ വീട്ടില്‍ കെ വി മുരളീധരന്‍ (സോമന്‍-65), നെടുമ്പ്രം പൊടിയാടി രമ്യ ഭവനില്‍ ജെ മോഹനന്‍ (65) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ എട്ടോടെ കേളമംഗലം പറത്തറ പാലത്തിന് സമീപത്തായിരുന്നു അപകടം. എടത്വ ഭാഗത്തുനിന്നും സ്‌കൂട്ടറില്‍ തകഴിയിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍ എതിര്‍ ദിശയില്‍ നിന്ന് നിയന്ത്രണം തെറ്റി എത്തിയ ബസ് ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിനെ വലിച്ച് 100 മീറ്ററോളം മുന്നോട്ട് ഓടിയ ശേഷമാണ് ബസ് നിര്‍ത്തിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് വിവരം.

തങ്കമണി ആണ് മുരളീധരന്റെ ഭാര്യ. മക്കള്‍: സനോജ്, സജി. മരുമക്കള്‍ സോബിയ, പ്രസീത. മിനി മോഹന്‍ ആണ് മോഹനന്റെ ഭാര്യ. മകള്‍: രമ്യ. മരുമകന്‍: സുനില്‍കുമാര്‍. ഇരുവരുടെയും സംസ്‌കാരം നാളെ (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും.

 

Latest