International
ട്രംപിന് കനത്ത തിരിച്ചടി: വൈറ്റ് ഹൗസിലെ ആഡംബര ബോൾറൂം നിർമ്മാണം കോടതി തടഞ്ഞു
പ്രസിഡന്റ് വൈറ്റ് ഹൗസിന്റെ ഉടമയല്ലെന്നും അദ്ദേഹം കാവൽക്കാരൻ മാത്രമാണെന്നും കോടതി
വാഷിംഗ്ടൺ | വൈറ്റ് ഹൗസിലെ വിവാദമായ 400 മില്യൺ ഡോളറിന്റെ ബോൾറൂം നിർമ്മാണ പദ്ധതി യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി റിച്ചാർഡ് ലിയോൺ താൽക്കാലികമായി തടഞ്ഞു. കോൺഗ്രസിന്റെ നിയമപരമായ അനുമതിയില്ലാതെ നിർമ്മാണവുമായി മുന്നോട്ട് പോകാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
വൈറ്റ് ഹൗസിന്റെ കിഴക്കൻ വിങ് പൊളിച്ചുനീക്കി പുതിയ കെട്ടിടം പണിയാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ നാഷണൽ ട്രസ്റ്റ് ഫോർ ഹിസ്റ്റോറിക് പ്രിസർവേഷൻ നൽകിയ ഹർജിയിലാണ് നടപടി. ചരിത്രപ്രസിദ്ധമായ കെട്ടിടം പൊളിച്ചുനീക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്നും ഭാവി തലമുറകൾക്കായി വൈറ്റ് ഹൗസിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടെന്നും ജഡ്ജി നിരീക്ഷിച്ചു. പ്രസിഡന്റ് വൈറ്റ് ഹൗസിന്റെ ഉടമയല്ലെന്നും അദ്ദേഹം കാവൽക്കാരൻ മാത്രമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം വൈറ്റ് ഹൗസിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട അനിവാര്യമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഈ സ്റ്റേ ബാധകമല്ല. ഏകദേശം 90,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ബോൾറൂം തന്റെ ഭരണകാലത്തെ വലിയ അടയാളമായിട്ടാണ് ട്രംപ് വിഭാവനം ചെയ്തിരുന്നത്. ഇത് പൂർണ്ണമായും നികുതിപ്പണമില്ലാതെയാണ് നിർമ്മിക്കുന്നതെന്നും ലോകത്തിലെ ഏറ്റവും മികച്ച കെട്ടിടമായിരിക്കുമെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കോടതി ഉത്തരവിനെതിരെ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അപ്പീൽ നൽകിയിട്ടുണ്ട്.
Summary
A US District Judge has ordered a temporary halt to President Donald Trump’s $400 million ballroom project at the White House. The court ruled that the project requires statutory authorization from Congress before proceeding with the construction on the site of the demolished East Wing. While the Trump administration has already filed an appeal, the ruling serves as a significant legal setback for the President’s ambitious architectural plans.




