Connect with us

Educational News

ജെ ഇ ഇ മെയിൻസ് പരീക്ഷ തട്ടിപ്പ്; റഷ്യൻ പൗരനെ സി ബി ഐ കസ്റ്റഡിയിലെടുത്തു

കസാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിനിടെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് റഷ്യൻ പൗരൻ പിടിയിലായത്.

Published

|

Last Updated

ന്യൂഡൽഹി | ജെ ഇ ഇ മെയിൻസ് 2021 പരീക്ഷ പേപ്പർ ചോർന്ന കേസിൽ ഒരു റഷ്യൻ പൗരനെ സിബിഐ കസ്റ്റഡിയിലെടുത്തു. പരീക്ഷയ്ക്കിടെ സോഫ്‌റ്റ്‌വെയർ ഹാക്ക് ചെയ്‌തെന്നാണ് പരാതി. കസാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിനിടെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് റഷ്യൻ പൗരൻ പിടിയിലായത്. ഇയാളെ പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്.

അറസ്റ്റിലായ റഷ്യൻ പൗരനെ മിഖായേൽ ഷെർജിൻ എന്ന് തിരിച്ചറിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജെഇഇ മെയിൻ പരീക്ഷ 2021 അഴിമതിയുടെ സൂത്രധാരനാണ് ഇയാൾ. പരീക്ഷയ്ക്കിടെ മിഖായേൽ ഐലിയോൺ സോഫ്‌റ്റ്‌വെയറിൽ കൃത്രിമം കാണിച്ചതായി ഏജൻസി പറഞ്ഞു. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ആണ് പരീക്ഷയ്ക്ക് ഉപയോഗിച്ച സോഫ്റ്റ്‌വെയർ രൂപകൽപന ചെയ്തത്.

ജെഇഇ മെയിൻ പേപ്പർ ചോർച്ച കേസിൽ അഫിനിറ്റി എജ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിനും അതിന്റെ മൂന്ന് ഡയറക്ടർമാരായ സിദ്ധാർത്ഥ് കൃഷ്ണ, വിശ്വംഭർ മണി ത്രിപാഠി, ഗോവിന്ദ് വർഷ്‌നി എന്നിവരുൾപ്പെടെ നിരവധി പേർക്കെതിരെയും സിബിഐ കഴിഞ്ഞ വർഷം കേസെടുത്തിരുന്നു. ഹരിയാനയിലെ സോനിപത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പരീക്ഷാ കേന്ദ്രത്തിൽ ഈ ഡയറക്‌ടർമാർ പണം കൈമാറ്റം ചെയ്‌ത് എൻഐടി പോലുള്ള വലിയ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിനായി ഓൺലൈൻ പരീക്ഷയിൽ കൃത്രിമം കാണിക്കുന്നതായി ആരോപണമുയർന്നിരുന്നു. ഈ ആളുകൾ വിദൂര ആക്സസ് വഴി വിദ്യാർത്ഥികൾക്ക് വേണ്ടി പരീക്ഷ എഴുതുകയായിരുന്നു.

ഇതിന് പിന്നാലെ 19 നഗരങ്ങളിൽ സിബിഐ നടത്തിയ റെയ്ഡിൽ തട്ടിപ്പിന് ഉപയോഗിച്ച ലാപ്ടോപ്പുകളും മറ്റ് ഉപകരണങ്ങളും കണ്ടുകെട്ടി. അന്വേഷണത്തിൽ, ജെഇഇ മെയിൻ ഉൾപ്പെടെ നിരവധി ഓൺലൈൻ പരീക്ഷകളിലെ ക്രമക്കേടുകളിൽ വിദേശ പൗരന്മാരുടെ പങ്ക് കണ്ടെത്തി. ഒരു റഷ്യൻ പൗരന്റെ പങ്കും ഇതിൽ വെളിപ്പെട്ടു. തുടർന്ന് മിഖായേലിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

വിദ്യാർത്ഥികളിൽ നിന്ന് 12 മുതൽ 15 ലക്ഷം രൂപ വരെ കൈപ്പറ്റിയതായി റിപ്പോർട്ടുകൾ പറയുന്നു. 20 ഓളം വിദ്യാർത്ഥികൾ ഇത്തരത്തിൽ വ്യാജമായി പരീക്ഷ എഴുതിയിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ ഈ വിദ്യാർഥികളെ മൂന്ന് വർഷത്തേക്ക് വിലക്കിയിരുന്നു. ഈ അഴിമതിയിൽ 7 പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.