Connect with us

Eduline

ഐ ഐ ടിയിൽ പഠിക്കാൻ ജെ ഇ ഇ വേണ്ട

ജെ ഇ ഇ എഴുതാതെ തന്നെ ഐ ഐ ടിയിൽ നിന്ന് ബിരുദം നേടാൻ അവസരമൊരുക്കുന്ന ഈ കോഴ്‌സിലേക്ക് 2026ലെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.

Published

|

Last Updated

ഐ ടി മദ്രാസ് ബി എസ് ഡാറ്റാ സയൻസ് പ്രവേശനം 2026: അറിയേണ്ടതെല്ലാം
ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐ ഐ ടി മദ്രാസിൽ പഠിക്കുക എന്നത് ഏതൊരു വിദ്യാർഥിയുടെയും സ്വപ്നമാണ്. സാധാരണഗതിയിൽ കഠിനമായ ജെ ഇ ഇ പരീക്ഷ പാസ്സായാൽ മാത്രമേ ഐ ഐ ടി പ്രവേശനം സാധ്യമാകൂ. എന്നാൽ, ആധുനിക കാലത്തെ തൊഴിൽ സാധ്യതകൾ മുൻനിർത്തി ഐ ഐ ടി മദ്രാസ് ആവിഷ്‌കരിച്ച ബി എസ് ഇൻ ഡാറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻ കോഴ്‌സ് ഈ മുൻവിധികൾ തിരുത്തിക്കുറിക്കുന്നു. ജെ ഇ ഇ എഴുതാതെ തന്നെ ഐ ഐ ടിയിൽ നിന്ന് ബിരുദം നേടാൻ അവസരമൊരുക്കുന്ന ഈ കോഴ്‌സിലേക്ക് 2026ലെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.

എന്തുകൊണ്ട് ഈ കോഴ്‌സ് സവിശേഷമാകുന്നു?

ഡാറ്റാ സയൻസ് ഇന്ന് ലോകത്തെ ഏറ്റവും ഡിമാൻഡുള്ള തൊഴിൽ മേഖലയാണ്. ഈ കോഴ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ ഹൈബ്രിഡ് മോഡ് ആണ്. ലോകത്തിന്റെ ഏത് കോണിലിരുന്നും ഓൺലൈനായി പഠിക്കാമെങ്കിലും പരീക്ഷകൾ ഐ ഐ ടി നേരിട്ട് നടത്തുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ചായിരിക്കും. ജെ ഇ ഇ എന്ന കടമ്പയില്ലാതെ, പ്രായപരിധിയില്ലാതെ, പ്ലസ് ടു പാസ്സായ ആർക്കും ഐ ഐ ടിയിൽ എത്താം എന്നതാണ് ഇതിന്റെ മനോഹാരിത.

പഠന രീതിയും പരീക്ഷാ കേന്ദ്രങ്ങളും

ഈ പഠനപദ്ധതി ഓൺലൈൻ വഴിയുള്ള വിജ്ഞാന സമ്പാദനവും നേരിട്ടുള്ള പരീക്ഷാ രീതിയും സമന്വയിപ്പിച്ചതാണ്.

പഠനക്രമം: ഓരോ വിഷയത്തിനും പന്ത്രണ്ട് ആഴ്ചത്തെ ദൈർഘ്യമുണ്ടാകും. ആഴ്ചതോറുമുള്ള വീഡിയോ ക്ലാസ്സുകൾ, പഠനക്കുറിപ്പുകൾ, പരിശീലന ചോദ്യങ്ങൾ എന്നിവ ഓൺലൈൻ വഴി ലഭ്യമാകും. പഠനത്തിനായി കമ്പ്യൂട്ടറും വേഗതയേറിയ ഇന്റർനെറ്റ് സൗകര്യവും അത്യാവശ്യമാണ്.

പരീക്ഷകൾ: പഠനം വീട്ടിലിരുന്നാണെങ്കിലും മൂല്യനിർണയ പരീക്ഷകൾ ഐ ഐ ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നേരിട്ടെത്തി എഴുതണം. കേരളത്തിൽ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പ്രവാസികളായ വിദ്യാർഥികൾക്കായി വിദേശത്തും വിപുലമായ പരീക്ഷാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നിലവിൽ യു എ ഇ (ദുബൈ, ഷാർജ, അബൂദബി), ശ്രീലങ്ക (കൊളംബോ, ജാഫ്‌ന), ബഹ്‌റൈൻ (മനാമ), കുവൈറ്റ് (സാൽമിയ), ഒമാൻ (മസ്‌കറ്റ്) എന്നിവിടങ്ങളിൽ നേരിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മറ്റ് രാജ്യങ്ങളിലുള്ളവർക്കായി പ്രത്യേക ഓൺലൈൻ മേൽനോട്ട പരീക്ഷാ രീതിയും ലഭ്യമാണ്.

ആറ് ഘട്ടങ്ങളിലായുള്ള പഠന ഘടന

വിദ്യാർഥികൾക്ക് അവരുടെ താത്പര്യത്തിനും സാഹചര്യത്തിനും അനുസരിച്ച് പഠനം ക്രമീകരിക്കാനുള്ള സൗകര്യം ഇതിലുണ്ട്. ഓരോ ഘട്ടത്തിലും നിശ്ചിത യോഗ്യത നേടി പഠനം അവസാനിപ്പിക്കാനും അവസരമുണ്ട്.

അടിസ്ഥാന തലം: എട്ട് വിഷയങ്ങളിലായി 32 ക്രെഡിറ്റുകൾ പൂർത്തിയാക്കണം. ഇത് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും.

ഡിപ്ലോമ തലം: പ്രോഗ്രാമിംഗിലും ഡാറ്റാ സയൻസിലുമായി രണ്ട് ഡിപ്ലോമകൾ നേടാം. ഇതിനായി പ്രൊജക്റ്റുകൾ ഉൾപ്പെടെ 54 ക്രെഡിറ്റുകൾ നേടേണ്ടതുണ്ട്.

ബി എസ്‌സി ബിരുദ തലം: ആകെ 114 ക്രെഡിറ്റുകൾ പൂർത്തിയാക്കുന്നവർക്ക് ഐ ഐ ടി മദ്രാസ് നൽകുന്ന ബി എസ്‌സി ബിരുദം സ്വന്തമാക്കാം.

ബി എസ് ബിരുദ തലം: 142 ക്രെഡിറ്റുകൾ നേടുന്നവർക്ക് ബി എസ് ബിരുദം ലഭിക്കും.

പി ജി ഡിപ്ലോമ തലം: നിർമിത ബുദ്ധി (എ ഐ), മെഷീൻ ലേണിംഗ് എന്നീ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് നേടാൻ ഈ ഘട്ടം സഹായിക്കുന്നു.

എം ടെക് തലം: ബി എസ് ബിരുദത്തിന് ശേഷം ഗവേഷണ പ്രാധാന്യമുള്ള പ്രൊജക്റ്റുകൾ ഉൾപ്പെടെ 182 ക്രെഡിറ്റുകൾ പൂർത്തിയാക്കുന്നവർക്ക് എം ടെക് ബിരുദം വരെ നേടാൻ ഈ പദ്ധതിയിലൂടെ സാധിക്കും.

പ്രവേശന രീതിയും യോഗ്യതയും

രണ്ട് രീതിയിലാണ് ഈ പഠനപദ്ധതിയിലേക്ക് പ്രവേശനം നൽകുന്നത്:

യോഗ്യതാ പരീക്ഷ പ്രവേശന രീതി: പ്ലസ് ടു പാസ്സായ ആർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. അപേക്ഷിക്കുന്നവർക്ക് ഐ ഐ ടി നാല് ആഴ്ചത്തെ പ്രത്യേക പരിശീലനം നൽകും. ഇതിന് ശേഷം നടത്തുന്ന യോഗ്യതാ പരീക്ഷ പാസ്സാകുന്നവർക്ക് അടിസ്ഥാന തലത്തിലേക്ക് പ്രവേശനം ലഭിക്കും. പത്താം ക്ലാസ്സിൽ ഗണിതവും ഇംഗ്ലീഷും പഠിച്ചിരിക്കണം.

ജെ ഇ ഇ വഴിയുള്ള പ്രവേശനം: ജെ ഇ ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ അർഹത നേടിയവർക്ക് മറ്റ് പരീക്ഷകളില്ലാതെ നേരിട്ട് പ്രവേശനം നേടാം.

സ്‌കൂൾ- കോളജ് വിദ്യാർഥികൾക്കും സുവർണാവസരം

പ്ലസ് ടു പഠനം പൂർത്തിയാക്കിയവർക്ക് മാത്രമല്ല, നിലവിൽ വിദ്യാലയങ്ങളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും ഐ ഐ ടി മദ്രാസിന്റെ ഈ പഠനപദ്ധതിയിൽ മുൻകൂട്ടി സീറ്റ് ഉറപ്പാക്കാം. പ്ലസ് വൺ വാർഷിക പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം. ഇവർക്ക് പ്ലസ് ടു പഠനത്തിനൊപ്പം തന്നെ ഐ ഐ ടിയുടെ പരിശീലനത്തിലും ക്വാളിഫയർ പരീക്ഷയിലും പങ്കെടുക്കാം. പരീക്ഷ വിജയിക്കുന്നവർക്ക് പ്ലസ് ടു ഫലം വന്നാലുടൻ കോഴ്‌സിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുമെന്നത് വലിയൊരു പ്രത്യേകതയാണ്. സയൻസ് ഗ്രൂപ്പുകാർക്ക് മാത്രമല്ല, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് തുടങ്ങിയ ഏത് വിഭാഗത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.

നിലവിൽ മറ്റേതെങ്കിലും കോളജുകളിൽ റെഗുലർ ബിരുദ പഠനം നടത്തുന്ന വിദ്യാർഥികൾക്കും തങ്ങളുടെ പഠനത്തോടൊപ്പം സമാന്തരമായി ഈ ബി എസ് കോഴ്‌സ് ചെയ്യാവുന്നതാണ്. ഇത് വിദ്യാർഥികൾക്ക് ഒരേസമയം രണ്ട് ബിരുദങ്ങൾ സ്വന്തമാക്കാനും കരിയറിൽ ഇരട്ടി കരുത്ത് നേടാനും അവസരമൊരുക്കുന്നു. പത്താം ക്ലാസ്സിൽ ഗണിതവും ഇംഗ്ലീഷും പഠിച്ച ഏതൊരാൾക്കും പ്രായഭേദമന്യേ ഐ ഐ ടി മദ്രാസിന്റെ ഈ വിപ്ലവകരമായ പഠനപദ്ധതിയുടെ ഭാഗമാകാം.

യോഗ്യതാ പരീക്ഷ

റെഗുലർ എൻട്രി വഴി വരുന്നവർക്കായി ഇംഗ്ലീഷ്, ഗണിതം, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടേഷനൽ തിങ്കിംഗ് എന്നീ വിഷയങ്ങളിൽ ഓൺലൈൻ ക്ലാസ്സുകൾ നൽകും. ഓരോ ആഴ്ചയും നൽകുന്ന അസൈൻമെന്റുകളിൽ നിശ്ചിത മാർക്ക് (ജനറൽ വിഭാഗത്തിന് 40 ശതമാനം) നേടുന്നവർക്ക് മാത്രമേ പരീക്ഷ എഴുതാൻ സാധിക്കൂ. പരീക്ഷയിൽ ഓരോ വിഷയത്തിലും കുറഞ്ഞത് 40 ശതമാനം മാർക്കും മൊത്തത്തിൽ 50 ശതമാനം മാർക്കും നേടുന്നവർക്ക് പ്രവേശനം ലഭിക്കും. പരാജയപ്പെടുന്നവർക്ക് അതേ ടേമിൽ തന്നെ റീ-അറ്റംപ്റ്റ് നടത്താൻ അവസരമുണ്ട്.

ഫീസ് ഘടനയും ആനുകൂല്യങ്ങളും

അപേക്ഷാ ഫീസ്: പൊതുവിഭാഗത്തിന് 4,000 രൂപ. പട്ടികജാതി/പട്ടികവർഗ/ഭിന്നശേഷി വിഭാഗങ്ങൾക്ക് 2,000. (എസ് സി/എസ് ടി വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് 1,000).

പഠന ചെലവ്: നിങ്ങൾ എടുക്കുന്ന ക്രെഡിറ്റുകൾക്ക് അനുസരിച്ചാണ് ഫീസ്. ബി എസ് ബിരുദത്തിന് ആകെ ഏകദേശം 3.15 ലക്ഷം മുതൽ 3.5 ലക്ഷം രൂപ വരെയാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 75 ശതമാനം വരെ ഫീസ് ഇളവുകൾ ലഭ്യമാണ്.

തൊഴിൽ സാധ്യതകളും പ്ലേസ്‌മെന്റും

ബിരുദം പൂർത്തിയാക്കുന്നവർക്ക് ഐ ഐ ടി മദ്രാസിലെ മുൻകാല വിദ്യാർഥികളുടെ സംഘടനയിൽ (Alumni Status) അംഗത്വം ലഭിക്കും. ഐ ഐ ടിയുടെ പ്ലേസ്‌മെന്റ് സെൽ വഴി ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ ആഗോള കമ്പനികളിൽ ഇന്റേൺഷിപ്പിനും ജോലിക്കും അവസരം ലഭിക്കുന്നു.

പ്രധാന തീയതികൾ

മേയ് ബാച്ച്: അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 31. ക്വാളിഫയർ പരീക്ഷ ജൂലൈ 19ന് നടക്കും.

സെപ്തംബർ ബാച്ച്: അപേക്ഷ ആഗസ്റ്റ് 24 മുതൽ സെപ്തംബർ 25 വരെ. പരീക്ഷ നവംബർ 15ന് നടക്കും.

അപേക്ഷിക്കേണ്ട വിധം

താത്പര്യമുള്ള വിദ്യാർഥികൾ study.iitm.ac.in എന്ന ഔദ്യോ ഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണം. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും അപേക്ഷാ ഫീസ് അടയ്ക്കുകയും വേണം.

സാങ്കേതിക വിദ്യയുടെ ഭാവി ഡാറ്റയിലാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഐ ഐ ടിയിൽ നിന്ന് അത് പഠിച്ചെടുക്കുക എന്നത് കരിയറിൽ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.

---- facebook comment plugin here -----

Latest