Career Notification
എഫ് എം ജി ഇ: മേയ് 11 വരെ അപേക്ഷിക്കാം
natboard.edu.in വഴി മേയ് 11ന് രാത്രി 11.55 വരെ അപേക്ഷിക്കാം.
വിദേശത്ത് എം ബി ബി എസ് പഠിച്ച ഇന്ത്യക്കാർക്കായി നടത്തുന്ന, ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്‌സാമിനേഷൻ (എഫ് എം ജി ഇ) 2026 ജൂൺ സെഷൻ സ്‌ക്രീനിംഗ് ടെസ്റ്റിന് നാഷനൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ ബി ഇ എം എസ്) അപേക്ഷ ക്ഷണിച്ചു.
അപേക്ഷ
natboard.edu.in വഴി മേയ് 11ന് രാത്രി 11.55 വരെ അപേക്ഷിക്കാം. 6,195 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈൻ ആയി അടയ്ക്കാം. ഫീസ് അടച്ചവർക്ക് മേയ് 16 മുതൽ 18 വരെ അപേക്ഷയിൽ തിരുത്തൽ വരുത്താൻ അവസരം ലഭിക്കും. പേര്, നാഷനാലിറ്റി, ഇ-മെയിൽ, ആധാർ, മൊബൈൽ നമ്പർ, ടെസ്റ്റ് സിറ്റി എന്നിവ ഒഴികെയുള്ള വിവരങ്ങൾ/രേഖകൾ ഈ സമയത്ത് എഡിറ്റ് ചെയ്യാം. ഇമേജിലെ (ഫോട്ടോ, ഒപ്പ്, തന്പ് ഇംപ്രഷൻ) തിരുത്തലുകൾക്ക് മേയ് 21 മുതൽ ജൂൺ പത്ത് വരെ അവസരമുണ്ടാകും. അനുവദിച്ച പരീക്ഷാ നഗരത്തെ സംബന്ധിച്ച അറിയിപ്പ് 17ന് ലഭിക്കും. അഡ്മിറ്റ് കാർഡ് 24 മുതൽ ലഭ്യമാക്കും. ജൂൺ 28നാണ് പരീക്ഷ നടക്കുക. ഫലപ്രഖ്യാപനം ജൂലൈ 28നകം പ്രതീക്ഷിക്കാം.
പരീക്ഷാഘടന
- ജൂൺ 28ന് നടത്തുന്ന കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് രണ്ട് ഭാഗങ്ങളിലായി മൊത്തം 300 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യമുള്ള ഒരു പേപ്പറാണുള്ളത് (150 ചോദ്യങ്ങൾ വീതം).
- രണ്ടര മണിക്കൂർ വീതം ദൈർഘ്യമുള്ള രണ്ട് സെഷനുകളിലായാണ് പരീക്ഷ നടക്കുക. രാവിലെ ഒന്പത് മുതൽ 11.30 വരെയും ഉച്ചക്ക് രണ്ട് മുതൽ 4.30 വരെയും.
- സമയാധിഷ്ഠിതമായിരിക്കും ഓരോ പാർട്ടിലെയും ചോദ്യങ്ങൾ. ഒരു ഭാഗത്തെ ചോദ്യങ്ങൾക്ക് അനുവദിച്ച സമയപരിധി കഴിഞ്ഞാൽ മാത്രമേ അടുത്ത ഭാഗത്തേക്ക് കടക്കാൻ കഴിയൂ.
- ആദ്യഭാഗത്തിന് അനുവദിച്ച മൊത്തം സമയപരിധി പൂർത്തിയാകുന്ന മുറക്ക്, രണ്ടാംഭാഗത്തെ ചോദ്യങ്ങൾ സ്വയം ലഭ്യമാകും.
- ഇംഗ്ലീഷിലായിരിക്കും ചോദ്യങ്ങൾ. ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്ക് ഇല്ല.
പരീക്ഷയുടെ സിലബസ്, natboard.edu.in ൽ ലഭ്യമാണ്.
- പരീക്ഷാരീതി മനസ്സിലാക്കാൻ ഡെമോ ടെസ്റ്റ് ജൂൺ 15ന് വെബ്സൈറ്റിൽ ലഭ്യമാക്കും.
പരീക്ഷയിൽ യോഗ്യത നേടാൻ 300ൽ 150 മാർക്ക് നേടണം.
- കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും.
- അപേക്ഷ നൽകുമ്പോൾ നാല് പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.
യോഗ്യത
- ഇന്ത്യക്കാരോ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ സി ഐ) വിഭാഗക്കാരോ ആയിരിക്കണം. വിദേശസ്ഥാപനത്തിൽ നിന്ന് ലഭിച്ച എം ബി ബി എസ് ബിരുദം വേണം. സ്ഥാപനം സ്ഥിതിചെയ്യുന്ന രാജ്യത്ത്, ഒരു മെഡിക്കൽ പ്രാക്ടീഷണറാകാൻ അർഹതയുള്ളതാണ് ഈ യോഗ്യതയെന്ന് ആ രാജ്യത്തെ ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തിയിരിക്കണം.
- എം ബി ബി എസ് പ്രോഗ്രാമിന്റെ അന്തിമ പരീക്ഷയുടെ ഫലം ഈ മാസം 30നകം പ്രഖ്യാപിച്ചിരിക്കണം.
- 2002ലെ െറഗുലേഷൻ അനുസരിച്ച്, 2002 മാർച്ച് 15ന് മുന്പ്, വിദേശത്ത് മെഡിക്കൽ കോഴ്സിൽ പ്രവേശനം നേടിയ/മെഡിക്കൽ ബിരുദം നേടിയ ഇന്ത്യക്കാർ/ഒ സി ഐ വിഭാഗക്കാർ 2013 മേയ് 15നും 2014 ജനുവരി മൂന്നിനും ഇടക്ക് വിദേശ മെഡിക്കൽ സ്ഥാപനങ്ങളിൽ എം ബി ബി എസ് പ്രവേശനം നേടിയ ഇന്ത്യക്കാർ/ഒ സി ഐ വിഭാഗക്കാർ എന്നിവർ ഒഴികെയുള്ളവർക്ക്, എഫ് എം ജി ഇ അഭിമുഖീകരിക്കാൻ നാഷനൽ മെഡിക്കൽ കമ്മീഷൻ നൽകിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
- 2018 മേയിലോ അതിനുശേഷമോ വിദേശത്ത് മെഡിക്കൽ പഠനം നടത്തുന്ന ഇന്ത്യക്കാർ/ഒ സി ഐ വിഭാഗക്കാർ, നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് – അണ്ടർ ഗ്രാേജ്വറ്റി (നീറ്റ് – യു ജി) ൽ യോഗ്യത നേടിയിരിക്കണം. ഇവർക്ക് നീറ്റ്- യു ജി ഫലം എലിജിബിലിറ്റി സർട്ടിഫിക്കറ്റായി പരിഗണിക്കും.
- 2019 മാർച്ച് 14ലെ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം നീറ്റ് യു ജി ഫലത്തിന് റിസൽട്ട് പ്രഖ്യാപനത്തീയതി മുതൽ മൂന്ന് വർഷത്തെ സാധുതയുണ്ട്.
- എഫ് എം ജി ഇ അഭിമുഖീകരിക്കാൻ: എലിജിബിലിറ്റി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), എം ബി ബി എസ് ബിരുദം നേടിയതിന്റെ രേഖകൾ, ബന്ധപ്പെട്ട ഇന്ത്യൻ എംബസിയുടെ അറ്റസ്റ്റേഷനോടെയുള്ള എം ബി ബി എസ് ബിരുദ പ്രൊവിഷനൽ പാസ്സ് സർട്ടിഫിക്കറ്റ്/ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാണ്.
- യോഗ്യത നേടുന്നതിനായി, അർഹതക്ക് വിധേയമായി ഒരാൾക്ക് എത്രതവണ വേണമെങ്കിലും എഫ് എം ജി ഇ അഭിമുഖീകരിക്കാം.
- 2002ലെ സ്‌ക്രീനിംഗ് ടെസ്റ്റ് റെഗുലേഷൻസ് പ്രകാരം, ഇന്ത്യക്ക് പുറത്തുള്ള മെഡിക്കൽ സ്ഥാപനത്തിൽ നിന്ന് എം ബി ബി എസ് ബിരുദം നേടിയ ഇന്ത്യക്കാർ/ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ സി ഐ) വിഭാഗക്കാർക്ക് 2002 മാർച്ച് 15നോ അതിന് ശേഷമോ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെയോ (ഇപ്പോൾ നാഷനൽ മെഡിക്കൽ കമ്മീഷൻ) ഏതെങ്കിലും സംസ്ഥാന മെഡിക്കൽ കൗൺസിലിന്റെയോ താത്കാലിക/സ്ഥിരം രജിസ്‌ട്രേഷൻ ലഭിക്കാൻ എൻ ബി ഇ എം എസ് നടത്തുന്ന സ്‌ക്രീനിംഗ് ടെസ്റ്റ് യോഗ്യത നേടണം.
- ആസ്ത്രേലിയ, കാനഡ, ന്യൂസിലാൻഡ്, യു കെ, യു എസ് എ എന്നിവിടങ്ങളിൽ നിന്ന് അണ്ടർ ഗ്രാേജ്വറ്റ് മെഡിക്കൽ ബിരുദവും പോസ്റ്റ് ഗ്രാേജ്വറ്റ് മെഡിക്കൽ ബിരുദവും നേടിയ, ആ രാജ്യത്ത് മെഡിക്കൽ പ്രാക്ടീഷണറാകാൻ അർഹതയുള്ളവർ എഫ് എം ജി ഇ യോഗ്യത നേടേണ്ടതില്ല.






