Connect with us

Malappuram

ജാമിഅതുൽ ഹിന്ദ് വിദ്യാർത്ഥികൾക്ക് അൽ അസ്ഹറിൽ വർക്ക് ഷോപ്പിന് അവസരം

വിവിധ ഇസ്ലാമിക വിജ്ഞാന ശാഖകളിൽ ആഴത്തിലുള്ള അറിവ് പകർന്നുനൽകുന്ന അന്താരാഷ്ട്ര വർക്ക് ഷോപ്പ് ഈ മാസം 29 മുതൽ മെയ് 10 വരെയാണ് നടക്കുന്നത്.

Published

|

Last Updated

മലപ്പുറം| ഈജിപ്തിലെ ലോകപ്രശസ്ത യൂണിവേഴ്സിറ്റി അൽ അസ്ഹർ സംഘടിപ്പിക്കുന്ന 40 ദിവസത്തെ തീവ്ര പഠന വർക്ക്  ഷോപ്പിലേക്ക് ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയിലെ വിദ്യാർത്ഥികൾക്ക് അവസരം. വിവിധ ഇസ്ലാമിക വിജ്ഞാന ശാഖകളിൽ ആഴത്തിലുള്ള അറിവ് പകർന്നുനൽകുന്ന അന്താരാഷ്ട്ര വർക്ക് ഷോപ്പ് ഈ മാസം 29 മുതൽ മെയ് 10 വരെയാണ് നടക്കുന്നത്. ജാമിഅത്തുൽ ഹിന്ദിന് കീഴിൽ നിലവിൽ ഡിഗ്രി 3, 4, 5 ക്ലാസുകളിലും പിജി ക്ലാസുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കും 2025 നവംബറിൽ ഫാളിൽ ഹാദി ബിരുദം കരസ്ഥമാക്കിയവർക്കുമാണ് വർക്ക് ഷോപ്പിൽ പങ്കെടുക്കാനവസരം. തിരഞ്ഞെടുക്കപ്പെടുന്ന 40 വിദ്യാർത്ഥികൾക്ക് മാത്രമാണ് അവസരം.
അൽ അസ്ഹറിലെ പ്രമുഖ പണ്ഡിതന്മാരും ഗുരുക്കന്മാരും നയിക്കുന്ന വർക്ക്ഷോപ്പിൽ ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ്, ഖവാഇദുൽ ഫിഖ്ഹ്, നഹ്‌വ്, സ്വർഫ്, അറബി ഭാഷാ പഠനം, ഹദീസ്, തഫ്സീർ, ഉലൂമുൽ ഖുർആൻ, തജ്‌വീദ് തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകൾ നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം രാജ്യങ്ങളിലെ വിദ്യാർത്ഥികളുമായി സംവദിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. താമസം, ഭക്ഷണം, വിസ എന്നിവ അൽ അസഹർ സർവകലാശാല സൗജന്യമായി നൽകും. രജിസ്‌ട്രേഷൻ ഫീ ആയ 160 ഡോളറും വിമാന ടിക്കറ്റ് ചിലവുകളും വിദ്യാർത്ഥികൾ സ്വന്തമായി വഹിക്കേണ്ടതാണ്.
പഠനത്തോടൊപ്പം ചരിത്രയാത്രക്കും സിയാറത്തിനും ഈജിപ്തിലെ വിഖ്യാത പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും അവസരമുണ്ടാകും. ഇമാം ശാഫിഈ (റ), നഫീസത്തുൽ മിസ്രിയ്യ (റ), ഇമാം ബൂസ്വൂരി (റ), ഇമാം സുയൂഥ്വി, ഇമാം മഹല്ലി, ഇമാം റംലി തുടങ്ങിയ നൂറിലധികം പ്രമുഖ ഗ്രന്ഥകാരന്മാരുടെയും മഹാന്മാരുടെയും മഖ്ബറകൾ സന്ദർശിക്കാം. കൂടാതെ പിരമിഡുകൾ, മ്യൂസിയങ്ങൾ, മമ്മികൾ, അലക്‌സാൻഡ്രിയ, തൂർസിന തുടങ്ങിയ ചരിത്രപ്രധാനമായ സ്ഥലങ്ങളും സന്ദർശിക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കും. താല്പര്യമുള്ള വിദ്യാർത്ഥികൾ പ്രിൻസിപ്പൽ മുഖേന ഈ മാസം 8-ന് മുമ്പ് ജാമിഅതുൽ ഹിന്ദ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് എന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7736021383 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും ജാമിഅ അധികൃതർ കൂട്ടിച്ചേർത്തു.

Latest