Kozhikode
ജാമിഅതുല്‍ ഹിന്ദ് പ്രവേശന പരീക്ഷ ജെ സാറ്റ് നാളെ
രാവിലെ 9.30 നു മുമ്പായി പരീക്ഷ കേന്ദ്രത്തിൽ വിദ്യാർത്ഥികൾ എത്തിച്ചേരണം.
കോഴിക്കോട്| ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ കീഴില്‍ അഫിലിയേറ്റ് ചെയ്ത 300ല്‍ പരം വരുന്ന സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ (ജെ-സാറ്റ്) നാളെ. ഇന്ത്യയിലും വിദേശത്തുമായി അമ്പതിലധികം കേന്ദ്രങ്ങളിൽ വെച്ചാണ് ജെ സാറ്റ് പരീക്ഷ നടക്കുന്നത്. രാവിലെ 9,30 നു മുമ്പായി ഹാൾടിക്കറ്റിൽ കാണിച്ച പരീക്ഷ കേന്ദ്രത്തിൽ വിദ്യാർത്ഥികൾ എത്തിച്ചേരണം. 10 മണിക്കാണ് പരീക്ഷ ആരംഭിക്കുക. 9.30 മുതൽ വിദ്യാർത്ഥികൾക്ക് ഹാളിൽ പ്രവേശിക്കാനാകും. ഒരു മണിക്കൂർ വൈകി വരുന്ന വിദ്യാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുന്നതായിരിക്കും.
നേരത്തെ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ https://jamiathulhind.com/എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് വിദ്യാർത്ഥി പ്രിന്റ് കൈയില്‍ കരുതേണ്ടതാണ്. ഇതോടൊപ്പം, ഇന്‍വിജ്‌ലേറ്റര്‍ ആവശ്യപെട്ടാല്‍ കാണിക്കാന്‍ വേണ്ടി തിരിച്ചറിയല്‍ കാർഡും കൈയില്‍ കരുതണം. ഹാള്‍ ടിക്കറ്റില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന കേന്ദ്രത്തില്‍ വെച്ച് മാത്രമയിരിക്കും ജെ-സാറ്റ് പരീക്ഷയും ഇന്റര്‍വ്യൂവും നടക്കുന്നത്. ഏഴാം ക്ലാസ്സിലേക്കും എട്ടാം ക്ലാസ്സിലേക്കുമുള്ള പരീക്ഷയില്‍ രണ്ട് പാര്‍ട്ട് ചോദ്യങ്ങളാണുണ്ടാകുക. പാര്‍ട്ട് ഒന്നില്‍ 50 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളും പാര്‍ട്ട് രണ്ടില്‍ മൂന്ന് ഡിസ് ക്രിപ്റ്റീവ് ചോദ്യങ്ങളുമാണുണ്ടാകുക.
പ്ലസ് വണ്ണിലേക്കുള്ള എഴുത്ത് പരീക്ഷയില്‍ മൂന്ന് പാര്‍ട്ടുകളുണ്ടാകും. പാര്‍ട്ട് ഒന്ന്, രണ്ട് എന്നിവ 50 വീതം ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും. പാര്‍ട്ട് മൂന്നില്‍ മൂന്ന് ഡിസ്‌ക്രിപ്റ്റീവ് ചോദ്യങ്ങളുമുണ്ടാകും. ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങള്‍ക്ക് നാലു ചോയ്‌സുകള്‍ നല്‍കിയിരിക്കും. ഇതില്‍ ഏറ്റവും ശരിയായ ചോയ്‌സിനെ ഒ എം ആര്‍ ഷീറ്റില്‍ രേഖപ്പെടുത്തുകയാണ് വേണ്ടത്. ഒ എം ആർ ഷീറ്റ് പൂരിപ്പിക്കുന്ന രീതി ജാമിഅതുൽ ഹിന്ദ് വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. പേന, സാധാരണ വാച്ച്, ഹാള്‍ടിക്കറ്റ്, ഐഡന്റിറ്റി കാര്‍ഡ് എന്നിവയ്ക്ക് പുറമേ വിദ്യാര്‍ത്ഥി ഒന്നും പരീക്ഷ ഹാളില്‍ കൈവശം വെക്കാന്‍ പാടില്ല. ഒ എം ആര്‍ ഉത്തരക്കടലാസില്‍ രജിസ്റ്റര്‍ നമ്പര്‍, ചോദ്യ പേപ്പര്‍ കോഡ്, എക്‌സാം സെന്റര്‍ കോഡ് എന്നിവ കൃത്യമായി പൂരിപ്പിക്കേണ്ടതാണ്. ഹാള്‍ടിക്കറ്റിലുള്ളത് പ്രകാരമുള്ള പേരും എക്‌സാം സെന്റര്‍ കോഡും രജിസ്റ്റര്‍ നമ്പറുമാണ് ഒ എം ആര്‍ ഷീറ്റിലും ചോദ്യപേപ്പറിലും എഴുതേണ്ടത്.
വിദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫൈ ചെയ്യുന്നതിനായി അപേക്ഷ സമയത്ത് കാണിച്ച മാര്‍ക്ക് ലിസ്റ്റുകള്‍, സാഹിത്യോത്സവുകള്‍, ജാമിഅ മഹ്‌റജാന്‍, സ്‌കൂള്‍ കലോല്‍സവം, സ്‌കോളര്‍ഷിപ്പുകള്‍, ഹിഫ്ള് തുടങ്ങിയ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഇന്റര്‍വ്യൂവിന് മുമ്പ് ഹാജരാക്കേണ്ടതാണ്. പരീക്ഷയുടെ ഫലങ്ങള്‍ വെബ്‌സൈറ്റ് വഴി പിന്നീട് പ്രഖ്യാപിക്കും. വിദ്യാര്‍ത്ഥികളുടെ അലോട്ട്മെന്റ്, പ്രവേശന നടപടിക്രമങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും മാധ്യമങ്ങള്‍ വഴിയും അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 6235492844 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ, ഓരോ വിദ്യാര്ഥിയുടെയും ഹാൾ ടിക്കറ്റിൽ പ്രസ്തുത വിദ്യാർത്ഥി പരീക്ഷ എഴുതേണ്ട സെന്റർ ഡയറക്ടർമാരുടെ പേരും ഫോൺ നമ്പറും നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് സഹായങ്ങൾക്കായി ഈ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.





