Connect with us

Kozhikode

സമസ്തയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നവോന്മേഷം പകർന്ന് ജാമിഅതുൽ ഹിന്ദ് പഠനാരംഭം 

ഏകജാലകം വഴി പ്രവേശനം നേടിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പഠനാരംഭം കുറിച്ചുനൽകി.

Published

|

Last Updated

ജാമിഅതുൽ ഹിന്ദ് പഠനാരംഭ ചടങ്ങിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു

കോഴിക്കോട്| അറിവൊരുക്കുന്ന മഹാ വെളിച്ചത്തിലേക്ക് പ്രവേശനം നേടി ആയിരക്കണക്കിന് വിദ്യാർത്ഥികൾ. കരുത്തുറ്റ വിദ്യാർത്ഥി സമൂഹത്തെ രൂപപ്പെടുത്തുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാഭ്യസ മുന്നേറ്റമാണ് ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ ഏകജാലക പ്രവേശനത്തിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്. ജാമിഅതുൽ ഹിന്ദിന് കീഴിൽ പ്രവർത്തിക്കുന്ന മുന്നൂറിലധികം സ്ഥാപനങ്ങളിലേക്കും വൈസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലാണ് ഒരേ സമയം പഠനാരംഭം നടന്നത്. ഇനി അറിവിന്റെ വസന്ത കേന്ദ്രങ്ങളിൽ അവർ സമന്വയ വിദ്യയുടെ മധുനുകർന്ന് സമൂഹത്തിനു ദിശ കാണിക്കുന്ന പണ്ഡിത പ്രതിഭകളായി വളർന്നു പന്തലിക്കും.
മുസ്ലിം സമൂഹത്തിന് ശക്തമായ പാരമ്പര്യമുണ്ടെന്നും രാഷ്ട്രത്തെ സേവിക്കുന്ന എല്ലാ മേഖലയിലും ആഗോള തലത്തിലും നമ്മൾ തിളങ്ങിയിട്ടുണ്ട് എന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു . മത പണ്ഡിതന്മാർ സമൂഹത്തിനു വേണ്ടതെല്ലാം ചെയ്യുന്നതിൽ നമ്മുടെ നാട്ടിലും മറുനാടുകളിലും എക്കാലവും മുന്നിലായിരുന്നു. ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും ഉയർന്ന മേഖലകളിലേക്ക് ഓരോ വിദ്യാർത്ഥിയും നിറഞ്ഞ പാണ്ഡിത്യത്തോടെ കടന്നുവരികയെന്നതുമാണ് ജാമിഅതുൽ ഹിന്ദ് ലക്ഷ്യം വെക്കുന്നതും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതും എന്ന് അദ്ദേഹം പറഞ്ഞു. ഓരോ വിദ്യാർത്ഥിയും അത്തരം ശ്രമങ്ങളുമായി മുന്നോട്ടുപോയി മതത്തിനും സമൂഹത്തിനും കുടുംബത്തിനും മാതൃകയായി മാറണമെന്ന് വിദ്യാർത്ഥികളോട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉപദേശം നൽകി.
കഴിഞ്ഞ മാസം 27 നു കേരളത്തിനകത്തും പുറത്തും വിദേശ രാഷ്ട്രങ്ങളിലുമായി അമ്പത് കേന്ദ്രങ്ങളിൽ നടന്ന നടന്ന ജെ-സാറ്റ് പരീക്ഷ വഴി ജാമിഅതുൽ ഹിന്ദിലേക്ക് വിദ്യാർത്ഥികൾ പ്രവേശനം നേടുന്നത്. മെയ് ആറിന് പ്രസിദ്ധീകരിച്ച ഒന്നാം അലോട്ട്മെന്റ് അനുസരിച്ചുള്ള വിദ്യാർത്ഥികളാണ് ഇന്നലെ നടന്ന പഠനാരംഭത്തിൽ പങ്കാളികളായത്. മറ്റു അല്ലോട്മെന്റുകളിൽ പ്രവേശനം നേടുന്നവർക്ക് അതാതു സ്ഥപനങ്ങളിൽ പ്രത്യേകം പഠനാരംഭം സംഘടിപ്പിക്കും.
കാരന്തൂർ മർകസിൽ നടന്ന ജാമിഅതുൽ ഹിന്ദിന്റെ പ്രധാന പഠനാരംഭത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക് പുറമെ ധാരാളം പണ്ഡിതന്മാർ പങ്കെടുത്തു. ജാമിഅതുൽ ഹിന്ദ് റജിസ്ട്രാർ സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി തങ്ങളുടെ ആമുഖത്തോടെയാണ് ചടങ്ങിന് തുടക്കമായത്. പേരോട് അബുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സി മുഹമ്മദ് ഫൈസി, വിപിഎം ഫൈസി വില്യാപള്ളി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, റഹ്മത്തുള്ള സഖാഫി എളമരം, അബ്ദുൽ ഖാദിർ അഹ്സനി, സയ്യിദ് ജലാലുദ്ധീൻ ബുഖാരി തുടങ്ങിയവർ പുതിയ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.

Latest