Kerala
ജമാഅത്തെ ഇസ്ലാമി തങ്കക്കുടങ്ങൾ അല്ല; കറകളഞ്ഞ വർഗീയവാദികൾ: മുഖ്യമന്ത്രി
ജമാഅത്തെ ഇസ്ലാമിയെ ശുദ്ധീകരിക്കാൻ ആരും ശ്രമിക്കേണ്ടതില്ലെന്നും പിണറായി വിജയൻ
കോഴിക്കോട് | ജമാഅത്തെ ഇസ്ലാമി കറകളഞ്ഞ വർഗീയവാദികളാണെന്നും അവരെ ശുദ്ധീകരിക്കാൻ ആരും ശ്രമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ മീഡ് ദി ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജമാഅത്തെ ഇസ്ലാമി തങ്കക്കുടം ആണെന്ന് ആരും കരുതേണ്ടതും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്ലാമിയെക്കാലത്തും വർഗീയ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. അതിൽനിന്ന് അണുവിടാ അവർ മാറിയിട്ടില്ല. ജമാഅത്തിന് അനുകൂലമായ നിലപാട് ഒരിക്കലും സിപിഎം എടുത്തിട്ടില്ല. അവർക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടുമില്ല. മുമ്പ് ജമാഅത്ത് നേതാക്കളുമായി താൻ ഉൾപ്പെടെ ചർച്ചകൾ നടത്തിയത് അവർ വർഗീയവാദികൾ ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്. അവർ ഇങ്ങോട്ട് ആവശ്യപ്പെട്ട് വന്ന് കണ്ടതാണ്. ഒരു ഘട്ടത്തിൽ അവർക്കൊപ്പം വന്ന സോളിഡാരിറ്റി പ്രവർത്തകരുടെ മുഖത്തുനോക്കി നിങ്ങൾ സാമൂഹിക വിരുദ്ധരാണ് എന്ന് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്. നാട്ടിൽ നടക്കുന്ന എല്ലാ നല്ലതിനെയും എതിർക്കുന്നത് കൊണ്ടാണ് അവരോട് അങ്ങനെ ഒരു നിലപാട് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമി അങ്ങനെ ശുദ്ധീകരിക്കപ്പെടുന്ന ഒന്നല്ല. അവർ ഒരു സാർവദേശീയ സംഘടനയാണ്. ഓരോ സ്ഥലത്തും ഓരോ നിലപാടുകൾ സ്വീകരിക്കുന്നുണ്ടാവാം. ശുദ്ധമായ മത തീവ്ര വാദ നിലപാടാണ് അവർക്കുള്ളത്. അതുകൊണ്ടാണ് സെക്കുലർ ആയ മതവിശ്വാസികൾ അവരെ എതിർക്കാൻ തയ്യാറാകുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്ലാമിക് ഇപ്പോൾ ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്ന യുഡിഎഫ് നേതൃത്വം അവർ എങ്ങനെയാണ് മാറിയത് എന്ന് വ്യക്തമാക്കണം. അങ്ങനെ വ്യക്തമാക്കുമ്പോൾ മുസ്ലിം സമൂഹത്തിലെ ബഹുഭൂരിഭാഗം വരുന്ന ആളുകൾക്ക് യുഡിഎഫിന്റെ യഥാർത്ഥ സ്ഥിതി മനസ്സിലാക്കാൻ ആകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് കെ.സി. നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്ത്, കേരളത്തിലെ എംപിമാരുടെ പ്രവർത്തനം സംബന്ധിച്ച് സംവാദത്തിന് തയാറാണെന്നും പറഞ്ഞു. സ്ഥലവും സമയവും നിശ്ചയിച്ചാൽ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിദാരിദ്രമുക്ത സംസ്ഥാനമായതിന്റെ പേരിൽ കേരളത്തിന്റെ റേഷൻ വിഹിതം മുടക്കാൻ യുഡിഎഫ് എംപിമാർ പാർലമെന്റിൽ അനാവശ്യ ചോദ്യമുന്നയിച്ചു. കേരളത്തിലെ എഎവൈ കാർഡുകൾ ഇല്ലാതാക്കാൻ പറ്റുമോ എന്നാണ് യുഡിഎഫ് എം പിമാർ നോക്കുന്നത്. കേരള വിരുദ്ധതയാണ് ഇവരുടെ മനസിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടക്കൈ വിഷയത്തിൽ കേന്ദ്രത്തിന് കേരള വിരുദ്ധതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പ എഴുതി തള്ളാനുള്ള വ്യവസ്ഥ തന്നെ കേന്ദ്രം എടുത്തു കളഞ്ഞു. അടുത്ത മാസം മുണ്ടക്കൈ ടൗൺഷിപ്പ് പൂർത്തിയാകും. ദുരിത ബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച വീട് നിർമിക്കേണ്ടബാധ്യത അവർക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.





