Kerala
ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ് ഇമാംസ് കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇയാസ് അലി നൂറാനി
ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന മസ്ജിദ് കേന്ദ്രീകൃത വൈജ്ഞാനിക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഇയാസ് അലി നൂറാനി പരിചയപ്പെടുത്തി
കോഴിക്കോട് | ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ് ഇമാംസ് കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇയാസ് അലി നൂറാനി പങ്കെടുത്തു.
‘മസ്ജിദ് , ഹാര്‍മണി, റിലീജിയസ് ഡിപ്ലോമസി ആന്റ് ഗ്ലോബല്‍ പീസ് ‘ എന്ന പ്രമേയത്തില്‍ ഇന്തോനേഷ്യന്‍ മതകാര്യ വകുപ്പ് മന്ത്രി പ്രൊഫ. ഡോ. കെ.എച്ച്. നസറുദ്ദീന്‍ ഉമറിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ലോകത്തെ 39 രാജ്യങ്ങളില്‍ നിന്നുള്ള ഇമാമുമാരും മതപണ്ഡിതരും പങ്കെടുത്തു.
മസ്ജിദുകളെ ആരാധനാകേന്ദ്രങ്ങള്‍ക്കപ്പുറം വിദ്യാഭ്യാസം, സാമൂഹിക ശാക്തീകരണം, മാനവിക സേവനം, സമാധാനനിര്‍മാണം എന്നിവയുടെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ചയായ സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന മസ്ജിദ് കേന്ദ്രീകൃത വൈജ്ഞാനിക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഇയാസ് അലി നൂറാനി പരിചയപ്പെടുത്തി.
പൂനൂര്‍ ജാമിഅ മദീനതുന്നൂറിലെ ഏഴ് വര്‍ഷത്തെ ഇസ്ലാമിക് സ്റ്റഡീസ് പഠന ശേഷം ഇന്തോനേഷ്യയിലെ സുരകാര്‍ത്ത മുഹമ്മദിയ സര്‍വകലാശാലയില്‍ നിന്ന് ഇസ്ലാമിക് എജ്യുക്കേഷനില്‍ മാസ്റ്റേഴ്‌സ് പഠനവും പൂര്‍ത്തിയാക്കി.ഇന്തോനേഷ്യന്‍ ഭാഷയായ ബഹാസ ഇന്തോനേഷ്യ സ്വായത്തമാക്കിയ ഇയാസ് നൂറാനി കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്തോനേഷ്യയിലെ വൈജ്ഞാനിക സംസ്‌കാരിക പൈതൃകങ്ങളെ കുറിച്ച് ഗവേഷണം നടത്തിവരികയാണ്. മലപ്പുറം ജില്ലയിലെ ആതവനാട് അലി അഹ്സനി – റുഖിയ ദമ്പതികളുടെ മകനാണ്.
Content Highlights: Iyas Ali Noorani represented India at the International Grand Imams Conference in Jakarta, Indonesia. The event focused on religious diplomacy, global peace, and utilizing masjids for social empowerment. He highlighted educational initiatives led by Grand Mufti Kanthapuram A P Aboobacker Musliyar.




