National
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം; ഡല്‍ഹിയിലും ജയ്പൂരിലും ലക്‌നോവിലും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിലായിരുന്നു ഡല്‍ഹിയിലെ റോഡ് ഉപരോധവും മാര്‍ച്ചും
ന്യൂഡല്‍ഹി|മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും. ഡല്‍ഹി, ജയ്പൂര്‍, ലക്‌നോ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മാര്‍ച്ചുകളില്‍ സംഘര്‍ഷം. ജയ്പൂരില്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗ്യാനേഷ് കുമാറിന്റെയും മുഖമൂടി ധരിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിലായിരുന്നു ഡല്‍ഹിയിലെ റോഡ് ഉപരോധവും മാര്‍ച്ചും നടത്തിയത്.
സാധാരണക്കാരന്റെ വോട്ടവകാശം സംരക്ഷിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ഗ്യാനേഷ് ഉടന്‍ രാജിവെക്കണമെന്നും ഉദയ് ഭാനു ആവശ്യപ്പെട്ടു. ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി പ്രതിഷേധിച്ച ഉദയ് ഭാനു അടക്കമുള്ള പ്രമുഖ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി.
Content Highlights:
Congress and Youth Congress intensified nationwide protests demanding the resignation of Chief Election Commissioner Gyanesh Kumar. Demonstrations in cities like Delhi and Jaipur saw clashes as police used water cannons against protesters. Key leaders including Youth Congress President Uday Bhanu Chib were detained by police.


