Kerala
കെ സി വേണുഗോപാലിനെതിരായി സൈബര്‍ ആക്രമണം; വി ഡി സതീശന്‍ അനുകൂലികളായ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു
മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടപടിക്ക് നിര്‍ദേശം നല്‍കിയത്
ആലപ്പുഴ | എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായി സൈബര്‍ ആക്രമണം നടത്തിയ വി ഡി സതീശന്‍ അനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ച നടന്ന സമയത്തെ സോഷ്യല്‍മീഡിയ അധിക്ഷേപ പോസ്റ്റുകളിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ജോണ്‍സണ്‍ എബ്രഹാമിന്റെ പരാതിയിലാണ് കേസ്. മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടപടിക്ക് നിര്‍ദേശം നല്‍കിയത്. സമൂഹ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി സൈബര്‍ ആക്രമണം നടത്തിയെന്നായിരുന്നു പരാതി. സൈബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും പരാതിക്കൊപ്പം കൈമാറിയിരുന്നു.
സംസ്ഥാന പോലീസ് മേധാവിക്കായിരുന്നു ജോണ്‍സണ്‍ എബ്രഹാം പരാതി നല്‍കിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടാകാതിരുന്നതോടെയാണ് അദ്ദേഹം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കിയത്. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശപ്രകാരം അന്വേഷണത്തിനായി സൈബര്‍ വിഭാഗം ഐജിയെ ചുമതലപ്പെടുത്തുകയായിരുന്നു.
Content Highlights:
Alappuzha police registered non-bailable cases against five Congress activists for conducting cyber attacks against AICC General Secretary KC Venugopal. The action followed a complaint by KPCC political affairs committee member Johnson Abraham regarding posts uploaded during leadership discussions. The investigation was handed over to the Cyber Cell IG based on instructions from Home Minister Ramesh Chennithala.

