Connect with us

Kerala

കുഞ്ഞാലിക്കുട്ടിക്കെതിരെ പറഞ്ഞിട്ടില്ല; നടക്കുന്നത് വ്യാജ പ്രചാരണമെന്നും സുധാകരൻ

പറയുന്ന കാര്യങ്ങളിലെ അന്തഃസത്ത ഉൾക്കൊള്ളാതെ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് എന്തുതരം മാധ്യമപ്രവർത്തനമാണെന്നും സുധാകരൻ ചോദിച്ചു.

Published

|

Last Updated

തിരുവനന്തപുരം | അരിയിൽ ശുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട കോൺഗ്രസ് അനുഭാവിയായ കണ്ണൂരിലെ അഭിഭാഷകൻ്റെ വെളിപ്പെടുത്തലിൽ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. അബദ്ധജടിലമായ വ്യാജ പ്രചാരണമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാൻ കണ്ണൂർ ഡി സി സിയിൽ എത്തിയപ്പോൾ അഭിഭാഷകനായ ടി പി ഹരീന്ദ്രന്റെ ആരോപണത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ ഇതു സംബന്ധമായ വിഷയത്തെക്കുറിച്ച് അറിയില്ലെന്നും ഗൗരവകരമായ വിഷയമായതിനാൽ പഠിച്ചിട്ട് പ്രതികരിക്കാം എന്നും ഞാൻ പറഞ്ഞിരുന്നു. എന്നാൽ അതിലെ ഗൗരവം എന്ന പദം അമിത രാഷ്ട്രീയ പ്രാധാന്യത്തോടെ വിവാദം ഉണ്ടാക്കാൻ ഉപയോഗിക്കുകയായിരുന്നു. പറയുന്ന കാര്യങ്ങളിലെ അന്തഃസത്ത ഉൾക്കൊള്ളാതെ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് എന്തുതരം മാധ്യമപ്രവർത്തനമാണെന്നും സുധാകരൻ ചോദിച്ചു.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സി പി എം നേതാവ് ഇ പി ജയരാജൻ ഗുരുതരമായ ആരോപണങ്ങൾ നേരിടുമ്പോൾ അതിൽനിന്നും ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണോ ഇത്തരമൊരു വിവാദത്തിന് പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കുഞ്ഞാലിക്കുട്ടി സാഹിബിന് എതിരായ ആരോപണം അടിസ്ഥാനരഹിതമാണ്. അരിയിൽ ശുക്കൂറിനെ കൊന്നതും കൊല്ലിച്ചതും കൊലയാളികളെ സംരക്ഷിക്കുന്നതും സി പി എം എന്ന ക്രിമിനൽ പാർട്ടി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കളെ കരിവാരിത്തേക്കാനായി ഉന്നയിച്ച വ്യാജ ആരോപണങ്ങൾക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിച്ച് കണ്ടെത്താൻ ശ്രമിക്കും. പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് വ്യാജ വാർത്തകളാക്കി കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കൾക്കിടയിൽ ഭിന്നിപ്പ് വരുത്താനുള്ള പാഴ്ശ്രമങ്ങൾ സ്ഥാപിത താല്പര്യക്കാർ കുറച്ചു കാലങ്ങളായി നടത്തുന്നുണ്ട്. അത്തരം വ്യാജ പ്രചാരണങ്ങളിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകർ വീണുപോകരുതെന്ന് സ്നേഹത്തോടെ ഓർമപ്പെടുത്തുന്നുവെന്നും സുധാകരൻ പറഞ്ഞു.

ശുക്കൂർ വധക്കേസിൽ പി ജയരാജനെ രക്ഷിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നും കേസെടുക്കേണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചുപറഞ്ഞുവെന്നുമാണ് അഭിഭാഷകൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

Latest