Connect with us

Articles

രാജ്യത്തോട് മാപ്പ് പറയേണ്ടത് രാഹുല്‍ ഗാന്ധിയല്ല

2014ലെ ബി ജെ പി അധികാരാരോഹണത്തോടെ തുടങ്ങിയ മൊത്തമായിത്തന്നെ ഇന്ത്യയെ പിടിച്ചടക്കല്‍ യജ്ഞം അതിന്റെ സകല സീമകളും ലംഘിച്ച് മുന്നേറുകയാണല്ലോ. പാര്‍ലിമെന്റും കോടതിയും മാധ്യമങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനും അടക്കം സകല ജനാധിപത്യ സംവിധാനങ്ങളെയും പ്രീണിപ്പിച്ചും പീഡിപ്പിച്ചും വശത്താക്കി കഴിഞ്ഞിരിക്കുന്നു. അതിനാല്‍ തന്നെ രാജ്യത്ത് ജനാധിപത്യം പ്രതിസന്ധിയിലാണ് എന്ന വസ്തുത കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ വെളിപ്പെടുത്തുക മാത്രമല്ലേ രാഹുല്‍ ഗാന്ധി ചെയ്തത്?

Published

|

Last Updated

“ഞാന്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ നിരന്തരം നിരീക്ഷണത്തിലാണ്. മാധ്യമങ്ങളെയും കോടതിയെയും പിടിച്ചെടുക്കുകയും ഭയപ്പെടുത്തുകയുമാണ് സര്‍ക്കാര്‍. എന്റെ ഫോണില്‍ “പെഗാസസ്’ ഉണ്ടായിരുന്നു. നിരവധി രാഷ്ട്രീയ നേതാക്കളുടെ ഫോണുകളിലും “പെഗാസസ്’ ഉണ്ടായിരുന്നു. ഫോണില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം എന്നും പെഗാസസ് വഴി തനിക്കുള്ള ഫോണ്‍വിളികള്‍ ചോര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. മാധ്യമങ്ങള്‍ക്കും ജനാധിപത്യ രൂപകല്‍പ്പനക്കും നേരേ ഇത്തരത്തില്‍ ആക്രമണം നടക്കുമ്പോള്‍ പ്രതിപക്ഷം എന്ന നിലക്ക് ജനങ്ങളുമായി ആശയവിനിമയം നടത്താന്‍ ഇന്ത്യയില്‍ ഏറെ പ്രയാസം നേരിടുകയാണ്.’
“എന്റെ കാഴ്ചപ്പാടില്‍ ഇന്ത്യയുടെ രൂപകല്‍പ്പനയാണ് നരേന്ദ്ര മോദി നശിപ്പിക്കുന്നത്. ഇന്ത്യക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു ആശയം അടിച്ചേല്‍പ്പിക്കുകയാണ് മോദി. സിഖുകാരും മുസ്‌ലിംകളും ക്രിസ്ത്യാനികളും വ്യത്യസ്ത ഭാഷകളും ആണ് ഇന്ത്യ. എന്നാല്‍ അവര്‍ രണ്ടാം തരം പൗരന്മാരാണെന്ന് മോദി പറയുന്നു. മോദിയോട് യോജിക്കാനാകില്ല. ഏതാനും ആളുകളുടെ കൈകളില്‍ ഇന്ത്യയുടെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുകയാണ്. കശ്മീരിലൂടെ കാല്‍നടയായി പോകരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞു. എന്തുകൊണ്ട് പറ്റില്ലെന്ന് ചോദിച്ചപ്പോള്‍ അവര്‍ താങ്കള്‍ക്ക് നേരേ ഗ്രനേഡുകള്‍ എറിയുമെന്നായിരുന്നു ഉത്തരം. ഗ്രനേഡുകള്‍ എറിയുമെങ്കില്‍ ആകട്ടെ, കശ്മീരിലൂടെ ഞങ്ങള്‍ക്ക് നടക്കണമായിരുന്നു. ഇന്ത്യന്‍ പതാകകളേന്തി ജനങ്ങള്‍ കൂടെ വരുന്നതാണ് കണ്ടത്.’
കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കേള്‍ക്കാന്‍ പഠിക്കുക’ എന്ന വിഷയത്തില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞത് ഇത്രയുമാണ്. ഇത് 100 ശതമാനവും സത്യമല്ലേ? ഇതില്‍ എവിടെയാണ് രാഹുല്‍ രാജ്യത്തിന് കളങ്കം ചാര്‍ത്തിയത്? 2014ലെ ബി ജെ പി അധികാരാരോഹണത്തോടെ തുടങ്ങിയ മൊത്തമായിത്തന്നെ ഇന്ത്യയെ പിടിച്ചടക്കല്‍ യജ്ഞം അതിന്റെ സകല സീമകളും ലംഘിച്ച് മുന്നേറുകയാണല്ലോ. പാര്‍ലിമെന്റും കോടതിയും മാധ്യമങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനും അടക്കം സകല ജനാധിപത്യ സംവിധാനങ്ങളെയും പ്രീണിപ്പിച്ചും പീഡിപ്പിച്ചും വശത്താക്കി കഴിഞ്ഞിരിക്കുന്നു. അതിനാല്‍ തന്നെ രാജ്യത്ത് ജനാധിപത്യം പ്രതിസന്ധിയിലാണ് എന്ന വസ്തുത കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ വെളിപ്പെടുത്തുക മാത്രമല്ലേ രാഹുല്‍ ഗാന്ധി ചെയ്തത്?
സത്യസന്ധമായ തുറന്നു പറിച്ചിലായിരുന്നു അത്. എന്നാല്‍ ഇതിനെയാണ്, വിദേശ മണ്ണില്‍ പോയി അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ഇന്ത്യയെ അവഹേളിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ പതിവാണെന്നും കളവ് പറയല്‍ രാഹുലിന്റെ ശീലമാണെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ കുറ്റപ്പെടുത്തുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഇന്ത്യാ രാജ്യത്ത് തുല്യതയില്ലാത്ത ഒരു യാത്ര നടത്തി ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തിയ രാഹുല്‍ ഗാന്ധി പറയുന്ന സത്യങ്ങളെ വളച്ചൊടിക്കാനും വിവാദമാക്കാനും എപ്പോഴും മുന്നിലാണല്ലോ സംഘ്പരിവാര്‍ സര്‍ക്കാര്‍.
നിലവിലുള്ള 303 എം പിമാരില്‍ ഒരൊറ്റ മുസ്‌ലിം പ്രാതിനിധ്യവുമില്ലാത്ത ബി ജെ പി എങ്ങനെയാണ് ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിനിധാനം ചെയ്യുക? സുപ്രീം കോടതി, റിസര്‍വ് ബേങ്ക്, തിരഞ്ഞെടുപ്പ് കമ്മീഷന്‍, സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ മുഴുവന്‍ ഭരണഘടനാ സ്ഥാപനങ്ങളും ഭരണകൂടത്തിന്റെ കൈയേറ്റങ്ങള്‍ക്ക് വിധേയമാണ്. കോടതികളില്‍ ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം വരെ നാഗ്പൂരിലെ ആര്‍ എസ് എസ് തിട്ടൂരം അനുസരിച്ചാണ്. അതിനാല്‍ ഭൂരിപക്ഷ വിധികളും ബി ജെ പിക്ക് അനുകൂലമാണ്. ജഡ്ജിമാരൊക്കെയും പിന്നീട് രാജ്യസഭാ മെമ്പര്‍മാരോ ഗവര്‍ണര്‍മാരെ ഒക്കെയായി മാറുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആകട്ടെ, എന്നോ ബി ജെ പി സര്‍ക്കാറിന്റെ പാവയായി കഴിഞ്ഞു. വോട്ടിംഗും വോട്ടിംഗ് മെഷീനുമൊക്കെ നിഷ്പക്ഷത കളഞ്ഞുകുളിച്ചിട്ട് കാലം കുറച്ചായി. പ്രതിപക്ഷത്തെ മാത്രമല്ല തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ മുഴുവന്‍ സി ബി ഐയെ കൊണ്ടും ഇ ഡിയെ കൊണ്ടും പൂട്ടുമ്പോഴാണ് കര്‍ണാടകയിലെ ബി ജെ പിയുടെ കേവലം ഒരു എം എല്‍ എയുടെ മകന്റെ വീട്ടിലെ കോടികള്‍ ഇ ഡി കാണാതെ പോകുന്നത്!
മാധ്യമ സ്വാതന്ത്ര്യമൊക്കെ പറയാതിരിക്കുകയാണ് ഭേദം. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത സകല മാധ്യമങ്ങളെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെയും ഭരണകൂടം വരിഞ്ഞുമുറുക്കുന്നു. തങ്ങളുടെ കുഴലൂത്തുകാരായ മാധ്യമങ്ങളെ സഹായിക്കുന്നു. ഇപ്പോള്‍ പത്രസ്വാതന്ത്ര്യത്തിന്റെ ലോക റാങ്കിംഗില്‍ 150 കടന്നിരിക്കുന്നു ഇന്ത്യ എന്ന ജനാധിപത്യ മതേതര രാജ്യത്തിന്റെ സ്ഥാനം!
അനന്ത വൈവിധ്യങ്ങള്‍ നിറഞ്ഞ നമ്മുടെ രാജ്യത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കാനും ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്തും ചൈതന്യവും ചോര്‍ത്തി ഒരു ഏകാധിപത്യ ഭരണകൂടത്തിനനുസൃതമായി അവയെ പാകപ്പെടുത്തിയെടുക്കാനുമുള്ള ശ്രമങ്ങളാണ് ബി ജെ പി സര്‍ക്കാറിന് കീഴില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. അറിവിന്റെ പ്രകാശ ഗോപുരങ്ങളായ നമ്മുടെ ദേശീയ സര്‍വകലാശാലകളുടെ ജനാധിപത്യ- മതേതര- ബൗദ്ധിക സ്വഭാവത്തെ നശിപ്പിക്കുന്നത് മുതല്‍ വ്യക്തിയുടെ ആഹാര ശീലങ്ങളിലേക്ക് കടന്നുകയറി ആധിപത്യം സ്ഥാപിക്കുന്നത് വരെ ഒരു ഫാസിസ്റ്റ് ഭരണകൂടം എന്തൊക്കെ ചെയ്യാമോ അതെല്ലാം മറയും മടിയുമില്ലാതെ ചെയ്ത് പോരുകയാണ് ഇവര്‍. പ്രതിപക്ഷ ബഹുമാനമെന്നത് ജനാധിപത്യ വ്യവസ്ഥയുടെ അന്തസ്സത്തയാണ്. വിയോജിപ്പുകള്‍ രാഷ്ട്രീയപരവും ആശയപരവുമായിരിക്കണം. എന്നാല്‍ ബി ജെ പി സര്‍ക്കാര്‍ ഭരണത്തിലേറിയ അന്ന് മുതല്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള പ്രതിപക്ഷ നേതാക്കളെയും പാര്‍ട്ടികളെയും വ്യക്തിപരമായി അധിക്ഷേപിക്കാനും പൊതുജനമധ്യത്തില്‍ താറടിക്കാനുമുള്ള ശ്രമങ്ങള്‍ നിര്‍ലജ്ജം നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി വേണം രാഹുലിനെതിരെ ഉയര്‍ത്തുന്ന ഇത്തരം ആരോപണങ്ങളെയും കാണാന്‍.
രാജ്യമാകെ വിലക്കയറ്റവും അക്രമങ്ങളും നടമാടി ജനം പൊറുതിമുട്ടുമ്പോള്‍ വര്‍ഗീയതയും വിദ്വേഷ രാഷ്ട്രീയവും ഇളക്കിവിട്ട് ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം നേടുന്ന ഫാസിസ്റ്റ് സംസ്‌കാരത്തെ വെള്ളപൂശുകയാണോ രാഹുല്‍ ചെയ്യേണ്ടിയിരുന്നത്!