Connect with us

congress issue

കോണ്‍ഗ്രസില്‍ തീരുമാനം എടുക്കുന്നത് ആരെന്ന് അറിയില്ല: നേതൃത്വത്തിനെ ആഞ്ഞടിച്ച് കപില്‍ സിബല്‍

പാര്‍ട്ടിക്ക് അധ്യക്ഷനില്ല, തുറന്ന ചര്‍ച്ചയില്ല, സംഘടനാ തിരഞ്ഞെടുപ്പില്ല, ശത്രുക്കളായി കണ്ടവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതൃത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പാര്‍ട്ടിയില്‍ തീരുമാനം എടുക്കുന്നത് ആരെന്ന് അറിയില്ല. പാര്‍ട്ടിക്ക് ഇപ്പോള്‍ അധ്യക്ഷനില്ല. പാര്‍ട്ടി ഈ നിലയില്‍ എത്തിയതില്‍ ദുഃഖമുണ്ടെന്നും സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വി എം സുധീരന്‍ അടക്കമുള്ളവരുടെ രാജിയും പഞ്ചാബിലെ സമീപ രാഷ്ട്രീയ സാഹചര്യവുമടക്കം ചൂണ്ടിക്കാട്ടിയാണ് സിബല്‍ ആഞ്ഞടിച്ചത്.
രാജ്യം കടുത്ത വെല്ലുവിളി നേരിടുമ്പോഴാണ് പാര്‍ട്ടി ഈ നിലയില്‍ നില്‍ക്കുന്നത്. പാര്‍ട്ടി വിട്ട് ഓരോരുത്തരായി പോകുന്നു. നേതൃത്വം വിശ്വസ്തര്‍ എന്ന് കരുതിയവരെല്ലാം പാര്‍ട്ടി വിടുന്നു. പാര്‍ട്ടിക്ക് കൂറെ നാളായി പ്രസിഡന്റില്ല. പാര്‍ട്ടിയില്‍ തുറന്ന ചര്‍ച്ചയില്ല. പാര്‍ട്ടിക്ക് ആദ്യം വേണ്ടത് പ്രസിഡന്റും തുറന്ന ചര്‍ച്ചയുമാണ്. പാര്‍ട്ടി ആരുടേയും കുത്തകയല്ലെന്നും രാഹുല്‍ ഗാന്ധിക്ക് പരോക്ഷ മുന്നറിയിപ്പെന്നോളം സിബല്‍ പറഞ്ഞു.

സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടിട്ട് ഏറെയായി. നേതൃത്വം ഇതിന് തയ്യാറാകുന്നില്ല. പാര്‍ട്ടിയെ സംഘടനാ തലത്തില്‍ ശക്തിപ്പെടുത്തണം. ശത്രുക്കളായി കണ്ടവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പരിഗണിക്കണമെന്നും സിബല്‍ പറഞ്ഞു.
പഞ്ചാബിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ ഗുണം ചെയ്യുക പാക്കിസ്ഥാനും അവരുടെ ചാര സംഘടനായ ഐ എസ് ഐക്കുമാണ്. പാഞ്ചിലെ രാഷ്ട്രീയ അവസ്ഥ ഇത്രയും കുത്തഴിഞ്ഞ അവസ്ഥയിലേക്ക് നേതൃത്വം എത്തിക്കരുതായിരുന്നെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.
കപില്‍ സിബലിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ ജി23 എന്ന പേരില്‍ സമാന്തര ഗ്രൂപ്പുണ്ടാക്കി ഇടഞ്ഞ് നില്‍ക്കുകയാണ്. പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നേരത്തെ നേതൃത്വത്തിന് കത്തയച്ചിരുന്നുി. കശ്മീരില്‍ സമാന്തര യോഗം ചേര്‍ന്നായിരുന്നു ഇവര്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കപില്‍ സിബല്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

 

Latest