Eduline
ഐ എസ് ആർ ഒയിൽ റിസർച്ച്
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് രാജ്യത്തെ മുൻനിര ശാസ്ത്രജ്ഞർക്കൊപ്പം ഇന്ത്യയുടെ വിവിധ ബഹിരാകാശ ഗവേഷണ പ്രൊജക്ടുകളുടെ ഭാഗമാകാൻ സാധിക്കും.
ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലയിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന യുവ ഗവേഷകർക്ക് വലിയ അവസരവുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ് ആർ ഒ). ബെംഗളൂരുവിലെ പ്രശസ്തമായ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ (യു ആർ സി എസ്) 18 ജൂനിയർ റിസർച്ച് ഫെലോ (ജെ ആർ എഫ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് രാജ്യത്തെ മുൻനിര ശാസ്ത്രജ്ഞർക്കൊപ്പം ഇന്ത്യയുടെ വിവിധ ബഹിരാകാശ ഗവേഷണ പ്രൊജക്ടുകളുടെ ഭാഗമാകാൻ സാധിക്കും. താത്കാലിക അടിസ്ഥാനത്തിലുള്ള ഈ തസ്തികകൾ യുവ ഗവേഷകർക്ക് വലിയ പ്രായോഗിക പരിചയമാണ് വാഗ്ദാനം ചെയ്യുന്നത്.
ഗവേഷണ മേഖലകളും യോഗ്യതകളും
ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്‌സ്, കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, ശാസ്ത്ര- സാങ്കേതിക ശാഖകളുമായി ബന്ധപ്പെട്ട പ്രൊജക്ടുകളിലാണ് ഗവേഷകർക്ക് അവസരം ലഭിക്കുക.
അപേക്ഷകർ ബന്ധപ്പെട്ട വിഷയങ്ങളിൽ മികച്ച അക്കാദമിക് റെക്കോർഡോടെയുള്ള ബിരുദാനന്തര ബിരുദം നേടിയവരായിരിക്കണം. ഇതിന് പുറമെ നെറ്റ്, ഗേറ്റ് അല്ലെങ്കിൽ അതിന് തത്തുല്യമായ ദേശീയതല യോഗ്യതാ പരീക്ഷകൾ പാസ്സായിരിക്കേണ്ടത് നിർബന്ധമാണ്. ഓരോ വിഷയത്തിലുമുള്ള വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ അറിയാൻ ഉദ്യോഗാർഥികൾ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
തിരഞ്ഞെടുക്കപ്പെടുന്ന ജൂനിയർ റിസർച്ച് ഫെലോമാർക്ക് ആകർഷകമായ സാമ്പത്തിക സഹായവും മികച്ച ഗവേഷണ സാഹചര്യവും ഐ എസ് ആർ ഒ ഉറപ്പുനൽകുന്നു. കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള വീട്ടുവാടക അലവൻസ് ലഭിക്കും. സാമ്പത്തിക ആനുകൂല്യങ്ങൾക്ക് പുറമെ, ഇന്ത്യയുടെ അത്യാധുനിക ബഹിരാകാശ പദ്ധതികളിൽ നേരിട്ട് പങ്കാളികളാകാനും അനുഭവസമ്പന്നരായ ശാസ്ത്രജ്ഞരുടെ കീഴിൽ പ്രായോഗിക ജ്ഞാനം നേടാനുമുള്ള സുവർണാവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. പ്രതിമാസ ഫെലോഷിപ്പ്: 37,000 രൂപ
അപേക്ഷ
ഐ എസ് ആർ ഒയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടൽ വഴി ഓൺലൈനായി മാത്രമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജൂലൈ 11 ആണ് അവസാന തീയതി.
അപേക്ഷയോടൊപ്പം അക്കാദമിക് സർട്ടിഫിക്കറ്റുകൾ, നെറ്റ്/ഗേറ്റ് സ്‌കോർകാർഡ് ഉൾപ്പെടെയുള്ള ആവശ്യമായ രേഖകൾ നിശ്ചിത ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം.
തെറ്റുകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സമർപ്പിക്കുക. ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പകർപ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് https://www.isro.gov.in സന്ദർശിക്കുക.
Content Highlights:
The Indian Space Research Organisation has invited applications for 18 Junior Research Fellow positions at the UR Rao Satellite Centre in Bengaluru. Candidates with a relevant postgraduate degree and valid NET or GATE scores can apply through the official website. The last date to submit applications online is July 11.







