Connect with us

Kerala

ഐ എസ് ആര്‍ ഒ ഗൂഢാലോചന കേസ്: പ്രതികള്‍ സി ബി ഐക്ക് മുന്നില്‍ ഹാജരായി

ഹാജറായത് മുന്‍ പോലീസ് ഐ ബി ഉദ്യോഗസ്ഥർ

Published

|

Last Updated

തിരുവനന്തപുരം | വിവാദമായ ഐ എസ് ആര്‍ ഒ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിലെ പ്രതികള്‍ സി ബി ഐക്ക് മുന്നില്‍ ഹാജരായി. കേസിലെ പ്രധാന പ്രതികളായ മുന്‍ പോലീസ് ഐ ബി ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, എസ് വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളാണ് ഇന്നലെ തിരുവനന്തപുരത്തെ സി ബി ഐ ഓഫീസില്‍ ഹാജരായത്. ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യ ഉപാധിയില്‍ പ്രതികള്‍ ചോദ്യം ചെയ്യലിനായി സി ബി ഐക്ക് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഐ എസ് ആര്‍ ഒ ഗൂഢാലോചന കേസിലെ പ്രതികളായ ഉദ്യോഗസ്ഥര്‍ എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും സി ബി ഐ ഓഫിസില്‍ ഹാജരാകണമെന്നായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് കോടതി മുന്നോട്ടുവെച്ച പ്രധാന ഉപാധികളിലൊന്ന്.

വിശദമായി ചോദ്യം ചെയ്യാന്‍ പിന്നീട് വിളിക്കുമെന്ന് അറിയിച്ചതായും സിബി മാത്യൂസ് മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ഒന്നാം പ്രതിയായ എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാ ദത്ത്, മുന്‍ ഐ ബി ഉദ്യോഗസ്ഥന്‍ പി എസ് ജയപ്രകാശ്, മുന്‍ ഡി ജി പി സിബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍, വി കെ മെയ്‌നി എന്നിവരോടാണ് ജാമ്യ ഉപാധിയായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. രാവിലെ 10നും 11നുമിടയിലാണ് ഹാജരാകേണ്ടത്. അറസ്റ്റ് രേഖപ്പെടുത്തേണ്ട സാഹചര്യമുണ്ടായാല്‍ ഉപാധികളോടെ വിട്ടയക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഇന്ത്യയുടെ ക്രയോജനിക് മിസൈല്‍ സാങ്കേതിക വിദ്യ തകര്‍ക്കാന്‍ വിദേശ ശക്തികളുമായി പ്രതികള്‍ ഗൂഢാലോചന നടത്തി സൃഷ്ടിച്ചതാണ് ചാരക്കേസ് എന്നായിരുന്നു സി ബി ഐ കണ്ടെത്തിയിരുന്നത്. ഇക്കാര്യം സി ബി ഐയുടെ എഫ് ഐ ആറില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും ആരോപണത്തിന് പിന്‍ബലമേകുന്ന രേഖകള്‍ സി ബി ഐക്ക് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കോടതി നിരീക്ഷണം. വിദേശ ശക്തിയുടെ ഇടപെടല്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി വിശദീകരിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് സി ബി ഐക്ക് തിരിച്ചടിയാകുന്ന ഈ പരാമര്‍ശമുള്ളത്.

 

---- facebook comment plugin here -----

Latest