Connect with us

International

ലെബനനില്‍ യുദ്ധ റിപ്പോര്‍ട്ടിങ്ങിനിടെ മൂന്ന് മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തി ഇസ്‌റാഈല്‍ സൈന്യം

ആക്രമണത്തിന് പിന്നാലെ സ്ഥലത്തെത്തിയ ആംബുലന്‍സുകള്‍ക്ക് നേരെയും വെടിവെപ്പുണ്ടായതായും ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്

Published

|

Last Updated

തെഹ്‌റാന്‍ |  തെക്കന്‍ ലെബനനില്‍ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് ലെബനീസ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പ്രസ് എന്ന് വ്യക്തമായി രേഖപ്പെടുത്തിയ വാഹനത്തിന് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തു

ജെസീന്‍ റോഡില്‍ ശനിയാഴ്ച നടന്ന ആക്രമണത്തില്‍ അല്‍ മായദീനി ചാനലിലെ ഫാത്തിമ ഫ്തൂനി, അവരുടെ സഹോദരനും ക്യാമറാമാനുമായ മുഹമ്മദ്, അല്‍-മനാര്‍ ചാനലിലെ അലി ശുഐബ് എന്നിവരാണ് കൊല്ലപ്പെട്ടത്. അല്‍ മായദീന്‍ നല്‍കുന്ന വിവരമനുസരിച്ച്, നാല് മിസൈലുകളാണ് ഇവരുടെ വാഹനത്തില്‍ പതിച്ചത്.

ആക്രമണത്തിന് പിന്നാലെ സ്ഥലത്തെത്തിയ ആംബുലന്‍സുകള്‍ക്ക് നേരെയും വെടിവെപ്പുണ്ടായതായും ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്

ആക്രമണം നടത്തിയതായി ഇസ്‌റാഈല്‍ സൈന്യം സമ്മതിച്ചു. എന്നാല്‍ കൊല്ലപ്പെട്ട അലി ശുഐബ് ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് യൂണിറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് സൈന്യം അവര്‍ ആരോപിച്ചു.

എന്നാല്‍ അല്‍-മനാര്‍ ചാനല്‍ ഈ ആരോപണങ്ങള്‍ തള്ളി. പതിറ്റാണ്ടുകളായി ലെബനനിലെ ഇസ്‌റഈഈല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തങ്ങളുടെ ഏറ്റവും പ്രമുഖരായ യുദ്ധലേഖകരില്‍ ഒരാളാണ് അദ്ദേഹമെന്ന് ചാനല്‍ വിശേഷിപ്പിച്ചു. ഇസ്‌റാഈലിന്റെ ആരോപണങ്ങള്‍ രണ്ട് മാധ്യമ ശൃംഖലകളും തള്ളിയിരിക്കുകയാണ്.

ഗസ്സയില്‍ ഇതുവരെ 270 ലധികം മാധ്യമപ്രവര്‍ത്തകരെ ഇസ്‌റാഈല്‍ വധിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest