International
അമേരിക്കയോട് ബംങ്കര്‍ ബ്ലസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; ഇറാനിലെ നതാന്‍സ് ആണവ സമുച്ചയം ആക്രമിക്കപ്പെട്ടതായി യു എന്‍ ആണവ ഏജന്‍സി
ഭൂഗര്‍ഭ കേന്ദ്രങ്ങളിലെ ആണവ ശേഖരം തകര്‍ക്കുന്നതിനായുള്ള ബംങ്കര്‍ ബസ്റ്റിങ് ബോംബുകളാണ് ഇസ്‌റാഈല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ടെഹ്‌റാന്‍ | ഇറാന്റെ ആണവ ശേഖരം തകര്‍ക്കുന്നതിനായി അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ഇസ്‌റാഈല്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഭൂഗര്‍ഭ കേന്ദ്രങ്ങളിലെ ആണവ ശേഖരം തകര്‍ക്കുന്നതിനായുള്ള ബംങ്കര്‍ ബസ്റ്റിങ് ബോംബുകളാണ് ഇസ്‌റാഈല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുദ്ധത്തില്‍ പരോക്ഷമായി മൂന്നാം കക്ഷിയായിരിക്കുന്ന അമേരിക്കയുടെ 30 ഏരിയല്‍ ഇന്ധന ടാങ്കുകള്‍ സംഘര്‍ഷ മേഖലയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്ത് ഇന്ധനം നിറക്കാനാണ് ഇവയെന്നാണ് വിലയിരുത്തല്‍. അതേ സമയം വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ ഭരണ നേതൃത്വം അടിയന്തിര യോഗം ചേര്‍ന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം പങ്കെടുത്ത യോഗത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല
അതേ സമയം ഇറാനിലെ ഏറ്റവും രഹസ്യവും സുരക്ഷിതവുമായ ആണവ കേന്ദ്രങ്ങളിലൊന്നായ നതാന്‍സ് ആണവ സമുച്ചയത്തില്‍ ഇസ്‌റാഈല്‍ ആക്രമിച്ചതായി യുഎന്‍ ആണവ ഏജന്‍സി അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തിനടിയിലായതിനാല്‍ ഇസ്‌റാഈലിന് വിജയകരമായി ലക്ഷ്യമിടാന്‍ കഴിയാത്ത ഒരു കേന്ദ്രമാണിതെന്ന് നേരത്തെ വിശ്വസിച്ചിരുന്നു.
എന്നാല്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) ലഭ്യമായ ഡാറ്റ അനുസരിച്ച്, ഇസ്‌റാഈല്‍ നേരിട്ട് നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റിന്റെ ഭൂഗര്‍ഭ ഭാഗത്ത് ആക്രമണം നടത്തിയതായി പറയുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു പോസ്റ്റില്‍, ഐഎഇഎ ഇക്കാര്യം പറയുന്നത്. വെള്ളിയാഴ്ചത്തെ ആക്രമണങ്ങള്‍ക്ക് ശേഷം ശേഖരിച്ച ഉയര്‍ന്ന റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങളുടെ തുടര്‍ച്ചയായ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍, നതാന്‍സിലെ ഭൂഗര്‍ഭ സമ്പുഷ്ടീകരണ ഹാളുകളില്‍ ആക്രമണം നടന്നതിനെ സൂചിപ്പിക്കുന്ന കൂടുതല്‍ ഘടകങ്ങള്‍ തിരിച്ചറിഞ്ഞതായി ഐഎഇഎ പറഞ്ഞു.അതേ സമയം ഇവിടെ നേരിട്ട് പരിശോധന നടത്താന്‍ സാധിച്ചിട്ടില്ലെന്നും ഐഎഇഎ വ്യക്താക്കി.