siraj editorial
ഭീതി ഉയര്‍ത്തുന്നില്ലേ മുല്ലപ്പെരിയാറിലെ ജലനിരപ്പ്?
സെക്കന്‍ഡില്‍ 5,700 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ 2,200 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. 139 അടിയില്‍ പരിമിതപ്പെടുത്തിയില്ലെങ്കില്‍ സമീപത്ത് താമസിക്കുന്നവരുടെ ജീവന്‍ അപകടത്തിലാകുമെന്നും ജനം പരിഭ്രാന്തിയിലാണെന്നും കേരളം കോടതിയെ ബോധിപ്പിച്ചിരുന്നു
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കാന്‍ മേല്‍നോട്ട സമിതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം കോടതി. ജലനിരപ്പ് എത്രയാകാമെന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നാണ് നിര്‍ദേശം. അതേസമയം ജലനിരപ്പ് എത്ര ആയിരിക്കണമെന്ന് കോടതിയില്‍ വാദിച്ച് സമയം കളയാതെ തമിഴ്നാട് ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ കേരളം തയ്യാറാകണമെന്നും ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഈ വിഷയത്തെ രാഷ്ട്രീയമായി മാത്രം കാണരുതെന്നും കോടതി കേരളത്തോടും ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകള്‍ കൊണ്ടാണ് ഇത്തരം വിഷയങ്ങളില്‍ കോടതിക്ക് ഇടപെടേണ്ടി വരുന്നതെന്നും ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, സി ടി രവികുമാര്‍ എന്നിവരുടെ ബഞ്ച് ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 139 അടിക്കു താഴെയാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഡാമിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്ന് 2018ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് പാലിക്കാന്‍ തമിഴ്‌നാടിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ആവശ്യപ്പെട്ടത്.
ഒക്ടോബര്‍ 16 മുതല്‍ സംസ്ഥാനത്ത് അനുഭവപ്പെട്ട ശക്തമായ പേമാരിയെ തുടര്‍ന്ന് ഭീഷണമായ തോതില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ്. 136.95 അടിയാണ് അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. നിലവിലെ നീരൊഴുക്കും മഴ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ ജലനിരപ്പ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 142 അടിയിലേക്ക് എത്താനും സാധ്യതയേറെയാണെന്നാണ് വിലയിരുത്തല്‍. സെക്കന്‍ഡില്‍ 5,700 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ 2,200 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. 139 അടിയില്‍ പരിമിതപ്പെടുത്തിയില്ലെങ്കില്‍ സമീപത്ത് താമസിക്കുന്നവരുടെ ജീവന്‍ അപകടത്തിലാകുമെന്നും ജനം പരിഭ്രാന്തിയിലാണെന്നും കേരളം കോടതിയെ ബോധിപ്പിച്ചിരുന്നു. കേരളത്തിന്റെ ആവശ്യത്തോട് പക്ഷേ, പ്രതികൂല നിലപാടാണ് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. കേരളം വെറുതെ ഭീതി സൃഷ്ടിക്കുകയാണെന്നും 2018ല്‍ ജലനിരപ്പ് 139 അടി കടക്കുകയും ഇടുക്കിയില്‍ കനത്തമഴ വര്‍ഷിക്കുകയും ചെയ്തിരുന്നു. നിലവില്‍ അത്തരം ഭീഷണി ഇല്ലെന്നാണ് തമിഴ്നാടിന്റെ വാദം. തിങ്കളാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 137.2 അടി ആണെന്നും തമിഴ്നാട് കോടതിയെ അറിയിച്ചു.
ജലനിരപ്പ് നിയന്ത്രിക്കുന്നതിന് അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയക്കുകയും ചെയ്തിരുന്നു. തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം വലിച്ചെടുത്ത് തുറന്നുവിടാന്‍ ബന്ധപ്പെട്ടവര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്നും ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും വിവരം കേരള സര്‍ക്കാറിനെ അറിയിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടത്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അധികം വരുന്ന ജലം സ്പില്‍വേ ഷട്ടറിലൂടെ ഒഴുക്കിക്കളയുന്നതിന് കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്കും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനും കത്ത് നല്‍കിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയും ജലനിരപ്പിന്റെ ഉയര്‍ച്ചക്ക് അനുസൃതമായി തമിഴ്‌നാട് വെള്ളം കൊണ്ടുപോകാതിരിക്കുകയും ചെയ്തതാണ് ഡാമിലെ ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയതെന്നും ഡീന്‍ കുര്യാക്കോസ് ചൂണ്ടിക്കാട്ടി.
ഡാമില്‍ ഭീഷണമായ തോതില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കെ, അണക്കെട്ടിന് ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകര്‍ച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും മുന്നറിയിപ്പ് നല്‍കുന്ന വിദേശ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. അണക്കെട്ട് ഭൂചലന സാധ്യതാ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 125 വര്‍ഷം മുമ്പ് നിര്‍മാണത്തിന് ഉപയോഗിച്ച സാങ്കേതികവിദ്യ നിലവിലുള്ള നിര്‍മാണച്ചട്ടങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ കാലഹരണപ്പെട്ടതാണ്. അണക്കെട്ടിലെ ചോര്‍ച്ചയും ആശങ്കയുണ്ടാക്കുന്നു. 1979ലും 2011ലുമുണ്ടായ ചെറിയ ഭൂചലനങ്ങള്‍ മൂലം അണക്കെട്ടില്‍ വിള്ളലുകളുണ്ടായതായും അണക്കെട്ട് തകര്‍ന്നാല്‍ കേരളത്തിലെ 35 ലക്ഷം പേരെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘യുനൈറ്റഡ് നേഷന്‍സ് യൂനിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍, എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത്’ ആണ് ഇന്ത്യ, യു എസ്, ഫ്രാന്‍സ്, കാനഡ, ജപ്പാന്‍, സാംബിയ, സിംബാബ്്വെ എന്നീ രാജ്യങ്ങളിലെ പഴക്കം ചെന്ന ഡാമുകളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടില്‍ മുല്ലപ്പെരിയാറിന്റെ സുരക്ഷാ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. ചെറിയ ഭൂചലനം താങ്ങാന്‍ പോലും ഈ അണക്കെട്ടിന് ശേഷിയില്ലെന്ന് റൂര്‍ക്കി ഐ ഐ ടിയുടെ പഠനത്തിലും കണ്ടെത്തിയിരുന്നു.
ലോകത്ത് നിലവിലുള്ള ഉയരം കൂടിയ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ളതാണ് 1895ല്‍ നിര്‍മിതമായ മുല്ലപ്പെരിയാര്‍. സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച അണക്കെട്ടില്‍ കാലപ്പഴക്കം മൂലം ചോര്‍ച്ച വന്നതോടെ 1979ലാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്. ഒരു അണക്കെട്ടിന്റെ പരമാവധി കാലാവധി അറുപത് വര്‍ഷമാണെന്നിരിക്കെ, 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവരുടെയും കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളുടെയും ജീവനും സ്വത്തിനും ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി നിലവിലുള്ള അണക്കെട്ടിനു പകരം പുതിയ അണക്കെട്ട് പണിയണമെന്നാവശ്യപ്പെട്ടു വരികയാണ് കേരളം.
ഇതനുസരിച്ച് കേന്ദ്ര ജലകമ്മീഷന്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള സ്ഥലം കണ്ടെത്തിയതുമാണ്. എന്നാല്‍ നിലവിലുള്ള അണക്കെട്ടില്‍ ബലപ്പെടുത്തല്‍ ജോലികള്‍ നടത്തിയ തമിഴ്‌നാട് പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ്. മുല്ലപ്പെരിയാറിനെക്കുറിച്ച് നടന്ന ചില പഠനങ്ങള്‍ ചൂണ്ടിക്കാണിച്ച് അണക്കെട്ട് ഇപ്പോഴും ബലവത്താണെന്നും കേരളം മുന്‍വെക്കുന്ന ആശങ്കകള്‍ക്ക് കഴമ്പില്ലെന്നുമാണ് അവര്‍ പറയുന്നത്. ഈ വിവാദത്തിന് ന്യായമായൊരു പരിഹാരം കാണാന്‍ ബാധ്യതപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതാണ് പ്രശ്‌നം കോടതി കയറാന്‍ ഇടയാക്കിയതും ഒരു വലിയ പ്രദേശത്തെ ജനങ്ങള്‍ എന്നും ഭീതിയിലും ആശങ്കയിലും കഴിഞ്ഞുകൂടാന്‍ ഇടവരുത്തുന്നതും.

