International
ഹോര്‍മുസ്: കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ഇറാനും ഒമാനും ധാരണയിലെത്തി
ധാരണ പ്രാബല്യത്തില്‍ വന്നാല്‍ ഒരു സൈനിക കപ്പലിനെയും ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി വ്യക്തമാക്കി
ടെഹ്റാന്‍ | ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ഇറാനും ഒമാനും ധാരണയിലെത്തി. ധാരണ പ്രാബല്യത്തില്‍ വന്നാല്‍ ഒരു സൈനിക കപ്പലിനെയും ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി വ്യക്തമാക്കി. അമേരിക്ക തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടുമെന്നും ഇറാന്‍ മുന്നറിയിപ്പു നല്‍കി.
ഇറാന്റെ നിബന്ധനകള്‍ അംഗീകരിച്ച് ഒമാനുമായുള്ള കരാറിലേക്ക് അമേരിക്ക മടങ്ങണമെന്നാണ് ആവശ്യം. ഹോര്‍മുസ് ജലപാത തുറക്കുന്നതിന് ജൂണില്‍ ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണമെന്ന് കാസിം ഗരീബാബാദി അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലേക്കുള്ള പ്രവേശന പാത പൂര്‍ണമായും ഇറാന്റെ നിയന്ത്രണത്തിലുള്ള ജലപാതയിലൂടെയായിരിക്കുമെന്നും പുറത്തുകടക്കാനുള്ള പാതയുടെ ഒരു ഭാഗം ഇറാന്റെത് ആയിരിക്കുമെന്നും ഒമാനുമായി ധാരണയിലെത്തിയതായും കാസിം ഗരീബാബാദി വ്യക്തമാക്കുകയും ചെയ്തു.
അതിനിടെ, ഇറാനെതിരെ നാവിക ഉപരോധങ്ങള്‍, സാമ്പത്തിക നടപടികള്‍ എന്നിവയുമായി അമേരിക്ക മുന്നോട്ട് പോകുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഇറാനെതിരെ പുതിയ സൈനിക ആക്രമണങ്ങള്‍ക്ക് അമേരിക്ക തല്‍ക്കാലം പദ്ധതിയിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights:
Iran and Oman reached a draft agreement to regulate shipping through the Strait of Hormuz, threatening to block military vessels if US demands are unmet. Meanwhile, US Secretary of State Marco Rubio stated Washington will push forward with naval sanctions while avoiding immediate military attacks.



