Kerala
നേപ്പാള്‍ മിന്നല്‍ പ്രളയം; 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം അപകടമേഖലയില്‍ കുടുങ്ങി
പ്രളയത്തില്‍ മരണം 95 ആയി ഉയര്‍ന്നതിനൊപ്പം 400 ഓളം പേരെ കാണാതാവുകയും ചെയ്തു. ഇതില്‍ 105 പേര്‍ ഇന്ത്യക്കാരാണ്
തിരുവനന്തപുരം | നേപ്പാളിലുണ്ടായ ശക്തമായ മിന്നല്‍ പ്രളയത്തില്‍ 36 അംഗ മലയാളി വിനോദ സഞ്ചാര സംഘവും അപകടമേഖലയില്‍ കുടുങ്ങി. കാഞ്ഞങ്ങാട് മുന്‍ എസ് ഐ പ്രദീപ് അടക്കമുള്ളവര്‍ ഉള്‍പ്പെടുന്ന സംഘം കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് പെട്ടിരിക്കുന്നത്. ഇവര്‍ സുരക്ഷിതരാണെന്നാണ് വിവരം. പ്രളയത്തില്‍ മരണം 95 ആയി ഉയര്‍ന്നതിനൊപ്പം 400 ഓളം പേരെ കാണാതാവുകയും ചെയ്തു. ഇതില്‍ 105 പേര്‍ ഇന്ത്യക്കാരാണ്.
പ്രളയത്തില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു.
അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി നേപ്പാള്‍ സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. പ്രളയബാധിതരായ ഇന്ത്യക്കാര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി എംബസി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്.
നേപ്പാള്‍ ഭരണകൂടവുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നേപ്പാളില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കാണാതായവരില്‍ 32 പോലീസുകാരും 25 തീര്‍ഥാടകരും ഉള്‍പ്പെടുന്നു. നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം പ്രളയബാധിത മേഖലയിലുണ്ടായിരുന്ന വിനോദസഞ്ചാരികളുമായി നിലവില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഇതിനിടെ അപകടത്തില്‍പ്പെട്ട 12 പേരെ ഹെലികോപ്റ്ററില്‍ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് അതിര്‍ത്തി മേഖലയിലാണ് പ്രളയം ഏറ്റവും കനത്ത നാശനഷ്ടം വിതച്ചത്. നിരവധിയായ ഗ്രാമങ്ങള്‍, മാര്‍ക്കറ്റുകള്‍, ജലസേചന പദ്ധതികള്‍ എന്നിവ പ്രളയജലത്തില്‍ ഒഴുകിപ്പോയി.
ഗതാഗത ബന്ധം പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ട രീതിയില്‍ റോഡുകളും പാലങ്ങളും തകര്‍ന്നിട്ടുണ്ട്. മേഖലയിലെ ആറ് പ്രധാന ജലവൈദ്യുത കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നേപ്പാളില്‍ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണ്.
Content Highlights:
36 Kerala tourists including a former police official are stranded in Nepal following severe flash floods. Chief Minister V D Satheesan directed the Chief Secretary to liaise with MEA for rescue efforts. Indian Embassy launched emergency helplines as total flood fatalities climbed to 95.



