Connect with us

Kuwait

കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 15 കോടി ദിനാര്‍ വിലമതിക്കുന്ന ലിറിക്ക പൊടിയും ലക്ഷക്കണക്കിന് കാപ്‌സ്യൂളുകളും

ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ ഏതാണ്ട് 15 കോടി കുവൈത്തി ദിനാര്‍ വരുമെന്നും ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍ യൂസഫ്.

Published

|

Last Updated

കുവൈത്ത് സിറ്റി  | കുവൈത്തില്‍ വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടി. അഞ്ച് ടണ്‍ ലിറിക അസംസ്‌കൃത പൊടിയും വില്‍പനക്കായി തയ്യാറാക്കിയ 40 ലക്ഷം കാപ്‌സ്യൂളുകളുമാണ് പിടിച്ചെടുത്തതെന്ന് കുവൈത്ത് ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫ് അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ ഏതാണ്ട് 15 കോടി കുവൈത്തി ദിനാര്‍ വരുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ സാമൂഹികകാര്യ മന്ത്രാലയം സംഘടിപ്പിച്ച’വത്വന്‍ യഹ്മീക് ദേശീയ ബോധവത്കരണ ക്യാമ്പയിനിന്റെ സമാപന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിര്‍മാണത്തിന് സജ്ജമായ ഒരു ഫാക്ടറിയും ക്യാപ്‌സൂളുകള്‍ നിറക്കാനും പാക്ക് ചെയ്യാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തവയുടെ കൂട്ടത്തിലുണ്ട്. മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ ജാഗ്രതയോടെയുള്ള നീക്കവും കുവൈത്ത് സുരക്ഷാ സംവിധാനങ്ങളുടെ ശക്തമായ പ്രവര്‍ത്തനവുമാണ് വലിയൊരു വിപത്തിനെ തടയാന്‍ സഹായിച്ചതെന്നും ശൈഖ് ഫഹദ് അല്‍ യൂസഫ് പ്രതികരിച്ചു.

മയക്കുമരുന്ന് ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല. അത് കുടുംബത്തെയും സമൂഹത്തെയും രാജ്യത്തിന്റെ ഭാവിയെയും ബാധിക്കുന്ന വലിയ വിപത്താണ്. മയക്കുമരുന്നിനെതിരായ പോരാട്ടം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രധാന പരിഗണനയിലാണ്. മയക്കുമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കണ്ടെത്തി അവര്‍ക്കെതിരെ നടപടി എടുക്കുന്നതോടൊപ്പം ശക്തമായ ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടപ്പാക്കും. മയക്കുമരുന്നിന് അടിമകളായവരെ അതില്‍ നിന്നും മോചിപ്പിക്കുന്നതിന് ആവശ്യമായ ചികിത്സയും പുനരധിവാസവും നല്‍കുന്നതും ഈ പോരാട്ടത്തിന്റെ ഭാഗമാണ്. ലഹരിക്ക് അടിപ്പെട്ടവര്‍ക്ക് കുടുംബത്തിലേക്കും സമൂഹത്തിലേക്കും തിരിച്ചുവരാന്‍ അവസരം ഒരുക്കേണ്ടതുണ്ട്. ലഹരിക്കടിപ്പെട്ട സ്ത്രീകളുടെ ചികിത്സക്കും പുനരധിവാസത്തിനുമായി ആധുനിക സൗകര്യങ്ങളോടെയുള്ള പ്രത്യേക വിഭാഗം രാജ്യത്ത് ഒരുക്കിയിട്ടുണ്ടെന്നും പുരുഷന്മാര്‍ക്കായുള്ള സമാന കേന്ദ്രങ്ങള്‍ കൂടി വികസിപ്പിച്ചു വരികയാണെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. ചികിത്സ തേടാന്‍ കുടുംബങ്ങള്‍ മടിക്കരുത്. ചികിത്സ രഹസ്യമായിരിക്കുവാന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights:
Kuwait security forces executed a major operation seizing Lyrica powder and millions of capsules worth 150 million dinars. The massive contraband was smuggled into the country aimed at illegal distribution. Authorities confirmed multiple suspects were arrested during the successful raid.

 

---- facebook comment plugin here -----

Latest