Connect with us

National

ചില്ലറക്കാരനല്ല നിര്‍മിത ബുദ്ധി, അത് കൊണ്ടുവരുന്ന മാറ്റങ്ങളെ നേരിടാന്‍ മനുഷ്യ സമൂഹം സജ്ജമല്ല; മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്‌സ്

തൊഴില്‍, ഭരണകൂടങ്ങള്‍, ബിസിനസ്സുകള്‍, മനുഷ്യബന്ധങ്ങള്‍ എന്നിവയെപ്പോലും ബാധിച്ചേക്കാവുന്ന മാറ്റമാണിതെന്നാണ് ബില്‍ ഗേറ്റ്‌സിന്റെ മുന്നറിയിപ്പ്.

Published

|

Last Updated

ന്യൂഡല്‍ഹി | വരും വര്‍ഷങ്ങളില്‍ നിര്‍മിത ബുദ്ധി (AI) കൊണ്ടുവരാന്‍ പോകുന്ന മാറ്റങ്ങളെ നേരിടാന്‍ മനുഷ്യ സമൂഹം സജ്ജമല്ലെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. എ ഐ നയിക്കുന്ന അതിവേഗ മാറ്റങ്ങളുടെ കാലഘട്ടത്തിനായി ലോകം ഇപ്പോള്‍ തന്നെ തയ്യാറെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍, ഭരണകൂടങ്ങള്‍, ബിസിനസ്സുകള്‍, മനുഷ്യബന്ധങ്ങള്‍ എന്നിവയെപ്പോലും ബാധിച്ചേക്കാവുന്ന മാറ്റമാണിതെന്നാണ് ബില്‍ ഗേറ്റ്‌സിന്റെ മുന്നറിയിപ്പ്.

‘പ്രക്ഷുബ്ധമായ എ ഐ യുഗം എത്തിക്കഴിഞ്ഞു; ഇപ്പോള്‍ നാം എടുക്കുന്ന തീരുമാനങ്ങള്‍ നിര്‍ണായകമാണ്’ എന്ന തലക്കെട്ടിലുള്ള തന്റെ പുതിയ ബ്ലോഗ് പോസ്റ്റില്‍, എ ഐയുടെ സാധ്യതകളെക്കുറിച്ചും അപകട സാധ്യതകളെക്കുറിച്ചും ഗേറ്റ്‌സ് സംസാരിക്കുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ കാലഘട്ടങ്ങളിലൊന്നായാണ് എ ഐ യുഗത്തിലേക്കുള്ള മാറ്റത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഡോക്ടര്‍മാരെയും അധ്യാപകരെയും സഹായിക്കുന്നത് മുതല്‍ കൃഷിയിലും സര്‍ക്കാര്‍ സേവനങ്ങളിലും പുരോഗതി കൈവരിക്കുന്നത് വരെ മനുഷ്യജീവിതം മെച്ചപ്പെടുത്താനുള്ള എ ഐയുടെ വലിയ സാധ്യതകളെ ഗേറ്റ്‌സ് അംഗീകരിക്കുന്നുണ്ടെങ്കിലും, ഈ സാങ്കേതികവിദ്യ കൊണ്ടുവന്നേക്കാവുന്ന വലിയ മാറ്റങ്ങളെയും തകിടംമറിക്കലുകളെയും നേരിടാന്‍ സമൂഹം തയ്യാറല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

‘എ ഐയിലേക്കുള്ള മാറ്റം മൂന്ന് പ്രധാന അപകടസാധ്യതകള്‍ ഉയര്‍ത്തുന്നുണ്ട്. അതില്‍ പ്രധാനം തൊഴില്‍ നഷ്ടമാണ്. എ ഐ ഒരു മേഖലയെ മാത്രം ബാധിക്കുന്ന ഒന്നല്ല. മറിച്ച് നിയമം, ഉപഭോക്തൃ സേവനം, വൈദ്യശാസ്ത്രം, സോഫ്റ്റ്വെയര്‍, ഉത്പാദനം തുടങ്ങിയ വിവിധ മേഖലകളിലെ ജോലികളെ അത് പ്രതികൂലമായി ബാധിക്കും.’- ഗേറ്റ്‌സ് തന്റെ ബ്ലോഗ് പോസ്റ്റില്‍ എഴുതി.

ഗേറ്റ്‌സിന്റെ അഭിപ്രായത്തില്‍, എ ഐ നയിക്കുന്ന ലോകത്ത് പ്രാരംഭ-മധ്യതലത്തിലുള്ള ജോലികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടേണ്ടി വരിക. അതേസമയം, പുതുതായി സൃഷ്ടിക്കപ്പെടുന്ന പല ജോലികള്‍ക്കും വര്‍ഷങ്ങളോളം നീളുന്ന പഠനവും പരിശീലനവും ആവശ്യമായി വരും. ചില പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടേക്കാം. എന്നാല്‍, ശരിയായ നയങ്ങള്‍ ഇല്ലെങ്കില്‍ നിലവിലുള്ളതിനേക്കാള്‍ വളരെ കുറഞ്ഞ എണ്ണം തൊഴിലവസരങ്ങള്‍ മാത്രമേ ഉണ്ടാകൂ.

എ ഐ ആഘാതം വൈറ്റ് കോളര്‍ ജോലികളില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ല. ‘ഈ ദശകത്തിന്റെ അവസാനത്തോടെ, നിര്‍മാണ-ഹോസ്പിറ്റാലിറ്റി മേഖലകളിലുള്‍പ്പെടെയുള്ള ശാരീരികാധ്വാനം ആവശ്യമുള്ള ചില ജോലികളില്‍ ‘സ്മാര്‍ട്ട്’ റോബോട്ടുകള്‍ മനുഷ്യരുമായി മത്സരിച്ചു തുടങ്ങും. ഈ മാറ്റത്തിന്റെ വേഗതയാണ് ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന പ്രധാന കാര്യം. സൈബര്‍ ഭീഷണികള്‍ വര്‍ധിപ്പിക്കാനും എ ഐക്ക് കഴിയുമെന്ന് ഗേറ്റ്സ് പറയുന്നു.

Content Highlights:
Bill Gates warns that human society is currently unprepared for the profound changes coming with rapid advancements in artificial intelligence. He highlights the transformative potential of AI across various sectors while stressing the urgent need for structural and societal readiness.

 

 

 

---- facebook comment plugin here -----

Latest