International
നേപ്പാളില് മിന്നല് പ്രളയം; 157 പേർ മരിച്ചു, 133 ഇന്ത്യക്കാരടക്കം 400 ഓളം പേരെ കാണാതായി
തിബറ്റിലെ ഒരു വ്യാപാര കേന്ദ്രത്തിലുണ്ടായ മണ്ണിടിച്ചിലില് വലിയ തോതില് ആളപായമുണ്ടായതായും ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള് റിപോര്ട്ട് ചെയ്തു.
കാഠ്മണ്ഡു | നേപ്പാളിലെ റസുവ ജില്ലയിൽ തിബറ്റൻ അതിർത്തിക്ക് സമീപമുണ്ടായ വൻ പ്രളയത്തിൽ വ്യാപക നാശനഷ്ടവും ആളപായവും. 157 പേർ മരിച്ചെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 133 ഇന്ത്യക്കാരടക്കം 400-ഓളം പേരെ കാണാതായിട്ടുണ്ട്. 19 പാലങ്ങളും 40 കിലോമീറ്റർ റോഡും പ്രളയത്തിൽ തകർന്നു.
ബുധനാഴ്ച രാവിലെയോടെ ബോതെ കോശി (Bhote Koshi) നദിയിൽ വെള്ളപ്പൊക്കം ശക്തമാകുകയും വൻ തോതിൽ ചെളിയും പാറക്കല്ലുകളും വെള്ളവും ഒഴുകിയെത്തുകയുമായിരുന്നു. 200ഓളം ട്രക്കുകള് ഒലിച്ചുപോയതായും റിപോര്ട്ടുണ്ട്. നേപ്പാളും ഇന്ത്യയും പങ്കിടുന്ന അതിര്ത്തിയുടെ ചൈനീസ് ഭാഗത്തുള്ള തിബറ്റിലെ ഒരു വ്യാപാര കേന്ദ്രത്തിലുണ്ടായ മണ്ണിടിച്ചിലില് വലിയ തോതില് ആളപായമുണ്ടായതായും ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള് റിപോര്ട്ട് ചെയ്തു.
തിബറ്റിലെ ഗൈറോംഗ് പോർട്ടിന് സമീപം മണ്ണിടിച്ചിലുണ്ടായതാണ് പ്രളയത്തിന് കാരണമായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇത് നേപ്പാളിലെ നിരവധി ഗ്രാമങ്ങളെ ഒഴുക്കിക്കളയുകയും വ്യാപകമായ നാശനഷ്ടങ്ങള് വരുത്തുകയും ചെയ്തതായാണ് വിവരം. നുവകോട്ട്, ധാഡിംഗ് ജില്ലകളില് നിന്ന് നിരവധി മൃതദേഹങ്ങള് കണ്ടെടുത്തതായി നേപ്പാള് സെന്ട്രല് പോലീസ് വക്താവും ഡെപ്യൂട്ടി ഇന്സ്പെക്ടര് ജനറലുമായ അബിനാരായണ് കഫ്ലെയെ ഉദ്ധരിച്ച് ‘നേപ്പാള് ന്യൂസ്’ റിപോര്ട്ട് ചെയ്തു.
വെള്ളപ്പൊക്കം ബാധിച്ച പ്രദേശത്ത് നിന്ന് 291 വിദേശികളും 93 നേപ്പാള് പൗരന്മാരുമടക്കം കുറഞ്ഞത് 384 സഞ്ചാരികളെ കാണാതായതായി നേപ്പാള് ടൂറിസം ബോര്ഡ് അറിയിച്ചു. റാസുവ പ്രവിശ്യയില് നേപ്പാള് പോലീസിലെ 26 ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ടെന്ന് അധികൃതര് പറഞ്ഞു. തങ്ങളുടെ ഏഴ് ഉദ്യോഗസ്ഥരെ കാണാതായതായി ആംഡ് പോലീസ് ഫോഴ്സും വെളിപ്പെടുത്തിയിട്ടുണ്ട്.

ഭൗമശാസ്ത്ര പഠന കേന്ദ്രമായ ജി എഫ് ഇസഡ് (GFZ) നൽകുന്ന വിവരമനുസരിച്ച് പ്രളയത്തിന് ഏഴ് മിനിറ്റ് മുമ്പ് പ്രദേശത്ത് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം (Earthquake) അനുഭവപ്പെട്ടിരുന്നു. ഭൂചലനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് വൻ തോതിൽ വെള്ളവും അവശിഷ്ടങ്ങളും താഴേക്ക് ഒഴുകിയെത്താൻ കാരണമായതെന്ന് കരുതപ്പെടുന്നു. ഇതോടൊപ്പം ലെൻഡേ ഖോല നദിയിലുണ്ടായ മഞ്ഞിടിച്ചിലും പ്രളയത്തിന് കാരണമായതായി അന്താരാഷ്ട്ര സംയോജിത മലനിര വികസന കേന്ദ്രം അറിയിച്ചു.
ദുരന്തത്തിൽ തിമൂറെയിലെ ബസാർ, കസ്റ്റംസ് ഓഫീസ്, റസുവഗധിയിലെ ഫ്രണ്ട്ഷിപ്പ് പാലം, പോലീസിന്റെ മൂന്ന് ഓഫീസുകൾ, വൻ തോതിലുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒഴുകിപ്പോയി. വികസന പദ്ധതികളുടെ നിർമ്മാണ സ്ഥലങ്ങളും നിരവധി വാഹനങ്ങളും പ്രളയത്തിൽ നശിച്ചു. കാണാതായവരിൽ നേപ്പാളിലെ ആംഡ് പോലീസ് ഫോഴ്സിലെ (APF) ഒമ്പത് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. നേപ്പാളിന്റെ ആകെ ജലവൈദ്യുത ശേഷിയുടെ 12 ശതമാനത്തോളം വരുന്ന 430 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തെ പ്രളയം പ്രതികൂലമായി ബാധിച്ചു.
Also Readനേപ്പാളിൽ പ്രളയ ദുരന്തം: പ്രധാനമന്ത്രി ബലേൻ ഷായുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ അടിയന്തര സാഹചര്യത്തെ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേർന്നു. നേപ്പാൾ സൈന്യത്തെയും പോലീസിനെയും അടിയന്തര രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി എത്തിയ ഹെലികോപ്റ്ററുകൾക്ക് പ്രളയബാധിത പ്രദേശങ്ങളിൽ വെള്ളപ്പൊക്കം കാരണം ഇറങ്ങാൻ സാധിച്ചിട്ടില്ല. പ്രളയജലം ത്രിശൂലി, നാരായണി ദേവ്ഘട്ട് നദികളിലേക്ക് ഒഴുകിയെത്തുന്നതിനാൽ സമീപവാസികളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കത്തില് റോഡുകള്ക്കും വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്ക്കും നാശനഷ്ടങ്ങള് സംഭവിച്ചു; നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്താനുള്ള ശ്രമങ്ങള് അധികൃതര് ഊര്ജിതമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില് തങ്ങളുടെ പ്രധാനപ്പെട്ട ജലവൈദ്യുത-പ്രസരണ കേന്ദ്രങ്ങളായ റാസുവഗധി, ചിലിമെ, ത്രിശൂലി 3A, ത്രിശൂലി 3B ഹബ് 220 കെ വി സബ്സ്റ്റേഷന്, ത്രിശൂലി ജലവൈദ്യുത നിലയം, ദേവിഘട്ട് ജലവൈദ്യുത നിലയം എന്നിവക്ക് നാശനഷ്ടം സംഭവിച്ചതായി നേപ്പാള് ഇലക്ട്രിസിറ്റി അതോറിറ്റി (NEA) അറിയിച്ചു.
These visuals from the floods in Rasuwa, Nepal are absolutely horrific. The scale of the destruction looks unreal, almost like a scene from a disaster movie.The entire Himalayan belt needs to seriously work on better early warning systems for such flash floods. Prayers for… pic.twitter.com/7iiupXXIzT
— Nikhil saini (@iNikhilsaini) August 26, 2026
തിബറ്റിലെ ഗൈറോംഗ് മേഖലയിലും ഗതാഗത, വിനിമയ ബന്ധങ്ങൾ ത തടസ്സപ്പെടുകയും ആളപായം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പ്രളയജലം ഇന്ത്യയിലേക്ക് ഒഴുകിയെത്താൻ സാധ്യതയുള്ളതിനാൽ ബീഹാർ, ഉത്തർപ്രദേശ് അതിർത്തികളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ബിഹാറിലെ ആറ് ജില്ലകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ നേപ്പാളിന് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ദുരിതാശ്വാസ സാമഗ്രികൾ വ്യോമസേന വിമാനങ്ങളിൽ അയക്കാൻ തയ്യാറെടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ ദേശീയ ദുരന്ത നിവാരണ സേനയെ (NDRF) ഏത് സാഹചര്യവും നേരിടാൻ സജ്ജമാക്കിയിട്ടുണ്ട്.
Content Highlights:
Massive flash floods in Nepal’s Rasuwa district near the Tibet border killed at least 95 people and left over 400 missing, including 133 Indians. The disaster was likely triggered by an earthquake and avalanche, damaging vital infrastructure and hydropower projects. India has placed border states like Bihar on high alert and dispatched relief materials to support rescue operations.



