Kerala
പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; കേന്ദ്രത്തിന് കേരളത്തെ ചവിട്ടിത്താഴ്ത്താന്‍ വന്ന വാമനന്റെ രൂപം; സണ്ണി ജോസഫ്
വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്നത് സൂചനാ സമരമാണ്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കും
പാലക്കാട്|കേരളത്തെ ചവിട്ടിത്താഴ്ത്താന്‍ വന്ന വാമനന്റെ രൂപത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റും വൈദ്യുതി വകുപ്പ് മന്ത്രിയുമായ സണ്ണി ജോസഫ്. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനെതിരെ യുഡിഎഫ് എംപിമാര്‍ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡിവിഷന്‍ വിഭജനം പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയത്ത് പ്രഖ്യാപിച്ചിരുന്നെങ്കില്‍ വലിയ പ്രതിഷേധം ഉണ്ടാവുമെന്ന് മനസിലാക്കിയാണ് സമ്മേളനം കഴിഞ്ഞ ഉടന്‍ അര്‍ദ്ധരാത്രിയില്‍ പ്രഖ്യാപനം നടത്തിയത്. ഏകപക്ഷീയമായ വിഭജനത്തിലൂടെ ഫെഡറല്‍ തത്വ ലംഘനവും കേരളത്തോട് കാണിച്ച കടുത്ത അനീതിയുമാണ് നടന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു.
മംഗലാപുരത്തെ മൈസൂര്‍ ഡിവിഷനില്‍ യോജിപ്പിക്കുന്നതുകൊണ്ട് റെയില്‍വേയ്ക്ക് നേട്ടമുണ്ടാകില്ല. ഇവിടെനിന്ന് ബാംഗ്ലൂരിലേക്ക് ആഴ്ചയില്‍ ആകെ 10 സര്‍വീസുകളാണുള്ളത്. അതേസമയം, കേരളത്തില്‍നിന്ന് ആളുകളും ചരക്ക് വാഹനങ്ങളുമായി നിരവധി സര്‍വീസുകളാണുള്ളത്. മംഗലാപുരം വേര്‍പെടുത്താനുള്ള തീരുമാനം കേരളത്തിലെ റെയില്‍വേ വികസനം തകര്‍ക്കുന്നതാണെന്നും മന്ത്രി ആരോപിച്ചു. ഡിവിഷന്‍ വിഭജനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്നത് സൂചനാ സമരമാണ്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി അധ്യക്ഷത വഹിച്ചു. മറ്റു എംപിമാരായ വി കെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, എം കെ രാഘവന്‍, ബെന്നി ബഹനാന്‍, മന്ത്രി കെ എ തുളസി, എംഎല്‍എ രമേഷ് പിഷാരടി തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കളും സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്തു.
Content Highlights:
KPCC President Sunny Joseph inaugurated the UDF satyagraha against the bifurcation of the Palakkad Railway Division. He criticized the Central government for violating federal principles and harming Kerala’s railway development prospects. Several MPs and leaders joined the hunger strike demanding immediate intervention from the Prime Minister.


